യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 02/10/2026
ഒക്ടോബർ 5 ലോക അധ്യാപക ദിനമാണല്ലൊ. ഉത്തമ സന്ദേശങ്ങളും മൂല്യങ്ങളും പഠിപ്പിക്കാനായി പ്രശംസനീയമായ തൊഴിലിലേർപ്പെട്ടവരാണ് അധ്യാപകർ. അതിശ്രേഷ്ഠമായ തൊഴിലാണ് അധ്യാപനം. പ്രവാചകന്മാരും പണ്ഡിതശ്രേഷ്ഠരും ഈ ഉദ്യമത്തിലേർപ്പെട്ടവരാണ്.
മൂസാ നബി (അ) ഹിളറി(റ)ന്റെ മുമ്പിൽ ഒരു വിദ്യാർത്ഥിയായി നിന്നുകൊണ്ട് വളരെ ബഹുമാനാദരവുകളോടെ ചോദിക്കുന്നത് വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നുണ്ട്: മൂസാ നബി (അ) അപേക്ഷിച്ചു: താങ്കൾക്ക് കിട്ടിയ സന്മാർഗജ്ഞാനം എനിക്കൽപം പഠിപ്പിച്ചുതരുന്നതിനായി ഞാൻ കൂടെ വരട്ടയോ? (സൂറത്തുൽ കഹ്ഫ് 66). കാര്യങ്ങൾ പഠിപ്പിച്ചുതരാനായി കൂടെക്കൂട്ടാൻ അഭ്യർത്ഥിച്ചപ്പോൾ ഹിളർ (അ) ആ ജ്ഞാനതാൽപര്യം അംഗീകരിക്കുകയായിരുന്നു.
അധ്യാപക സമൂഹമേ,
നിങ്ങളുടെ ദൗത്യം അതിശ്രേഷ്ഠമാണ്, അല്ലാഹുവിന്റെ മാർഗത്തിലുള്ള നന്മകൾക്കായിരിക്കണം അധ്യാപനം. ഒരു നന്മ അതിശ്രേഷ്ഠമാവുന്നതും നിത്യമായി നിലനിൽക്കുന്നതും അതിന്റെ ഉദ്ദേശശുദ്ധി കൊണ്ടാണ്. എല്ലാകർമ്മങ്ങളും ഉദ്ദേശശുദ്ധി കൊണ്ടുതന്നെയാണ് ഗണിക്കപ്പെടുന്നതെന്ന് നബി (സ്വ) പഠിപ്പിച്ചതാണ് (ഹദീസ് ബുഖാരി, മുസ്ലിം). അധ്യാപനത്തിന്റെ ദൈവിക പ്രതിഫലം അതിഗംഭീരവുമാണ്. ഒരാൾ ഒരു നന്മ പഠിപ്പിച്ചാൽ അത് ചെയ്തതിന്റെ പ്രതിഫലവും അയാൾക്ക് സുനിശ്ചിതമാണ് (ഹദീസ് ഇബ്‌നുമാജ 240).
അധ്യാപകർ ഏതുകാര്യത്തിലും കുട്ടികൾക്ക് മാതൃകയായിരിക്കണം. ക്ലാസ്സിലെ പാഠം പഠിക്കും പ്രകാരം സ്വഭാവത്തിൽ നിന്നും മക്കൾ പകർത്തും. അധ്യാപകൻ നന്നായാൽ കുട്ടികളും നന്നാവും, തെറ്റിയാൽ കുട്ടികളും തെറ്റും. അധ്യാപകൻ വിദ്യാർത്ഥികളെ സംസ്‌കാരങ്ങൾ പഠിപ്പിക്കുന്നതിന് മുമ്പായി സ്വന്തത്തെ സംസ്‌കരിച്ചിരിക്കണം, കാരണം അവരുടെ കണ്ണുകൾ ഗുരുവിന്റെ കണ്ണുമായി ബന്ധിതമായിരിക്കും, അധ്യാപകൻ നന്നായി കണ്ടത് അവർക്കും നന്നായിരിക്കും, മോശമായി കണ്ടത് അവർക്കും മോശമായിരിക്കും.
കുട്ടികൾക്ക് ഒരു നന്മ പഠിപ്പിച്ച് അധ്യാപകൻ അതിന് നേർവിപരീതം ചെയ്യുന്ന അവസ്ഥ ഉണ്ടാവരുത്. ക്ലാസ്സിലെ പാഠങ്ങൾ മറന്നേക്കാം എന്നാൽ ജീവിതത്തിൽ കാണിച്ചുകൊടുക്കുന്ന നല്ല മാതൃകൾ എന്നെന്നേക്കും നിലനിൽക്കുകയും തുടർച്ചകളുണ്ടാവുകയും ചെയ്യും.
അധ്യാപകന്റെ ജ്ഞാനശക്തിയും കഴിവും സ്വഭാവശുദ്ധിയും ഏറെ ശ്ലാഘനീയമാണ്. അവർക്ക് മക്കളുടെ മനസ്സുകളിൽ സ്വാധീനം ചൊലുത്താൻ പറ്റും. അല്ലാഹു ചോദിക്കുന്നുണ്ട്: അറിവുള്ളവരും അറിവില്ലാത്തവരും സമമാവുമോ (സൂറത്തുൽ സുമർ 9). ഇല്ല സമമാവില്ല എന്ന് ദൃഢതയോടെ പ്രതിഫലിക്കാനാണ് ആ ചോദ്യം.
കുട്ടികൾക്ക് ഉപകാരപ്രദമായ ജ്ഞാനങ്ങൾ നുകർന്നുനൽകാൻ അധ്യാപർ താൽപര്യം കാണിക്കണം. അവരോട് സ്വന്തം മക്കളോടെന്ന പോലെ ഇടപെടണം, പെരുമാറണം. കരുണ കാണിക്കണം. കാരുണ്യത്തിനാണ് മുൻഗണന. സൂറത്തുൽ കഹ്ഫിൽ 65ാം സൂക്തത്തിൽ അല്ലാഹു കാരുണ്യം പരാമർശിച്ച ശേഷമാണ് ജ്ഞാനത്തെപ്പറ്റി പറഞ്ഞിരിക്കുന്നത്.
അധ്യാപനത്തിൽ മുഹമ്മദ് നബി (സ്വ)യെ പിൻപറ്റണം. നബി (സ്വ) യെ പോലെത്ത അത്യുത്തമരായ ഒരു അധ്യാപകനെ ഇതുവരെ കണ്ടിട്ടില്ലയെന്നും നബി (സ്വ) ശകാരിക്കുകയോ അടിക്കുകയോ ചെയ്തിട്ടില്ലെന്നും ഒരു സ്വഹാബിവര്യൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് (ഹദീസ് മുസ്ലിം 537). യുക്തിയോടെയും മയസ്വഭാവത്തോടെയും അധ്യാപനം ചിട്ടപ്പെടുത്തണം. കാർക്കശ്യത്തിന് നൽകാത്ത പരിഗണന അല്ലാഹു നൈർമല്യത്തിന് നൽകുന്നുണ്ട് (ഹദീസ് മുസ്ലിം 2593).
നല്ല വാക്കും കരുത്തു പകരലും മക്കളെ ആത്മവിശ്വാസമുള്ളവരാക്കി വിജയത്തിലേക്ക് നയിക്കും. വിദ്യാർത്ഥികളുടെ വിജയം അധ്യാപകരെ ഏറെ അഭിമാനമുള്ളവരാക്കും, കാരണം വളർന്നുവരുന്ന മക്കൾ നാടിന്റെയും സമൂഹത്തിന്റെയും ഭാസുര വാഗ്ദാനങ്ങളാണ്.
2
വിദ്യാർത്ഥികളേ,
നിങ്ങൾ ഭാഗ്യവാന്മാരാണ്, നിങ്ങൾ പഠിക്കാൻ അവസരങ്ങൾ ലഭിച്ചവരാണ്. അധ്യാപകരോട് നല്ല നിലയിൽ പെരുമാറുകയും അവർ പറയുന്നത് സശ്രദ്ധം കേൾക്കുകയും വേണം. സഹപാഠികൾക്കോ അധ്യാപർക്കോ ബുദ്ധിമുട്ടാക്കുന്ന ഒന്നും ചെയ്യരുത്. പൂർണമായും പഠനത്തിനായി തൽപരരായി ശ്രദ്ധ കൊടുക്കണം. നല്ല ചോദ്യങ്ങൾ ചോദിക്കണം. ചോദ്യം അറിവിന്റെ പാതിയത്രെ.
മഹാപണ്ഡിതനായ ഇബ്‌നു അബ്ബാസി (റ)നോട് ഒരാൾ ചോദിച്ചു: താങ്കൾ എങ്ങനെയാണ് ഈ അറിവുകളൊക്കെ നേടിയത്? അദ്ദേഹം മറുപടി നൽകി: ചോദ്യങ്ങൾ ചോദിക്കുന്ന നാവിനാലും, കൂർപ്പിച്ച ബുദ്ധിയാലും. ചോദിച്ചറിയാൻ ലജ്ജിക്കരുത്. ലജ്ജയും അഹങ്കാരവും വിജ്ഞാനതേട്ടത്തെ തടയുന്നതാണ്. ജ്ഞാനത്തിന്റെ പുണ്യം കിട്ടണമെങ്കിൽ നല്ല ഇടപെടലും യുക്തിപൂർണമായ പ്രവർത്തനവും അനിവാര്യമാണ്.
മാതാപിതാക്കളേ,
മക്കൾ നിങ്ങളെ തുടരാൻ വെമ്പൽ കൊള്ളുന്നവരാണ്. നിങ്ങളുടെ പരിശ്രമങ്ങൾക്ക് പൂർണത കിട്ടണമെങ്കിൽ മക്കളുടെ വിദ്യാഭ്യാസപരവും സ്വഭാവപരവുമായ കാര്യങ്ങളിൽ അവർക്ക് നിങ്ങളുടെ സഹകരണവും സഹായവും ഉറപ്പുവരുത്തണം. മക്കളുടെ സ്‌കൂളുമായും അധ്യാപകരുമായും ബന്ധം പുലർത്തുക. അവർക്ക് അധ്യാപകരിൽ ബഹുമാനമുണ്ടാക്കുക. അവരുടെ സ്ഥാനമാനങ്ങൾ മനസ്സിലാക്കിക്കൊടുക്കുക. അധ്യാപക ദൗത്യങ്ങളെ മാനിക്കുമ്പോഴാണ് ഒരു വിദ്യാർത്ഥിയുടെ എന്നല്ല ഒരു കുടുംബത്തിന്റെ, സമൂഹത്തിന്റെ അല്ലെങ്കിൽ നാടിന്റെ തന്നെ സുകൃതങ്ങൾ സഫലീകരിക്കപ്പെടുന്നത്.

