ഖുർആനിനെ കൂടെകൂട്ടണം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 30/10/2026

ഒരു സദസ്സിൽവെച്ച് നബി (സ്വ) പരിശുദ്ധ ഖുർആൻ പരലോകത്തു വെച്ച് ഒരു രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന കാര്യം അനുചരന്മാർക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്: ഖുർആൻ അതിനെ പാരായണം ചെയ്യുന്നവരെ അന്ത്യനാളിൽ കണ്ടുമുട്ടും... എന്നിട്ട് പറയും: ഞാൻ നിന്റെ കൂട്ടുകാരൻ ഖുർആനാണ്, ഞാൻ നിന്നെ ഉച്ചകളിൽ ദാഹിപ്പിച്ചിട്ടുണ്ട് നിന്റെ രാത്രികളെ ഉറക്കമൊഴിപ്പിച്ചിട്ടുണ്ട് (വ്രതമനുഷ്ഠിക്കാനും നമസ്‌കരിക്കാനും മറ്റു ആരാധനാനുഷ്ഠാനങ്ങൾ ചെയ്യാനുമുള്ള ഖുർആനിക കൽപനകളാൽ)... അപ്പോൾ അയാൾക്ക് വലതുകൈയിൽ അധികാരം നൽകപ്പെടും, ഇടതുകൈയിൽ ശാശ്വതത്വം നൽകപ്പെടും, തലയിൽ ഗാംഭീര്യബഹുലമായ കിരീടം വെക്കപ്പെടും, അവന്റെ മാതാപിതാക്കൾക്ക് ഇഹലോകത്തുള്ളാർക്കും വില മതിക്കാനാവാത്ത സുന്ദരവസ്ത്രങ്ങൾ ധരിപ്പിക്കപ്പെടും (ഹദീസ് അഹ്‌മദ് 2295). അതാണ് പരിശുദ്ധ ഖുർആൻ, അല്ലാഹുവിൽ നിന്നുള്ള അവതരണമാണത്. മുന്നിലും പിന്നിലും നിന്ന് യാതൊരു ശൈഥില്യവുമേശാത്തതും യുക്തിമാനും സ്തുത്യർഹനുമായവന്റെ പക്കൽ നിന്ന് അവതീർണമായതുമായ ഒരു അജയ്യ വേദമത്രെ ഖുർആൻ (സൂറത്തു ഫുസ്സ്വിലത്ത് 42). 

ഖുർആൻ പാരായണം ചെയ്യാൻ നാമേവരും കൽപ്പിക്കപ്പെട്ടതാണ്. നമ്മുടെ പ്രവാചകർ മുഹമ്മദ് നബി (സ്വ) ഖുർആൻ പാരായണം ചെയ്യാനും കൽപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് പ്രഖ്യാപിക്കാൻ അല്ലാഹു തന്നെ പറയുന്നുണ്ട് (സൂറത്തുന്നംല് 92). ഖുർആൻ പാരായണം ചെയ്യുന്നവരുടെ സ്ഥാനങ്ങൾ സ്വർഗലോകത്ത് ഉയർന്നുയർന്ന് ഏറ്റവുമുയർന്ന നിലയിലായിരിക്കും. നബി (സ്വ) പറയുന്നു: ഖുർആൻ ഓതുന്നവനോട് പറയപ്പെടും 'ഓതുക ഉന്നതിയിലെത്തുക, ഐഹിക ലോകത്ത് ഖുർആൻ പാരായണം ചെയ്തത് പോലെ നിയമാനുസരണം നന്നായി പാരായണം ചെയ്യുക, നിശ്ചമായും നിന്റെ സ്ഥാനം നീ ഓതുന്ന അവസാന സൂക്തത്തിനൊപ്പമായിരിക്കും' (ഹദീസ് അബൂദാവൂദ് 1464, തുർമുദി 3141). 

ഏവരും പൂർണമനസ്സാന്നിധ്യത്തോടെ ഖുർആനിലേക്ക് തിരിയുക. ഹൃദയസാന്നിധ്യമുണ്ടാവുകയോ മനസ്സിരുത്തി ചെവികൊടുത്ത് ശ്രവിക്കുകയോ ചെയ്യുന്നവന്ന് ഇതിൽ ഉദ്‌ബോധനമുണ്ടെന്ന കാര്യം തീർച്ച (സൂറത്തു ഖാഫ് 37). പൂർണമനസ്സോടെ ഖുർആൻ ശ്രദ്ധിച്ചു കേൾക്കണം. ഖുർആൻ പാരായണം ചെയ്യപ്പെടുമ്പോൾ നിങ്ങളത് സശ്രദ്ധം ശ്രവിക്കുകയും നിശബ്ദത പാലിക്കുകയും ചെയ്യുക, എങ്കിൽ നിങ്ങൾക്ക് കാരുണ്യ വർഷമുണ്ടായേക്കാം (സൂറത്തുൽ അഅ്‌റാഫ് 204). 

ഖുർആൻ പാരായണവും ഖുർആൻ പഠനവും നടത്തപ്പെടുന്ന വീടകങ്ങളിൽ ശാന്തിയും സമാധാനവും കാരുണ്യവും ഉണ്ടാവുകയും മാലാഖമാർ ആ വീട്ടുകാർക്ക് കാവലായി വലയം ചെയ്യുകയും അല്ലാഹു അവന്റെ അടുക്കലുള്ളവരോട് അവരെക്കുറിച്ച് പറയുകയും ചെയ്യുമെന്നാണ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് മുസ്ലിം 3699). 

നാം നമ്മുടെ വീടുകളിൽ ഖുർആൻ പാരായണം സജീവമാക്കണം, ഖുർആൻ പാരായണത്തിലൂടെ മനസ്സിന് സ്വസ്ഥത വരുത്തണം. ഖുർആൻ അല്ലാഹുവിന്റെ വാക്യങ്ങളാണെന്ന് ബോധ്യം ഉണ്ടാവുകയും വേണം. അല്ലാഹുവിന്റെ സിംഹാസനത്തിന്റെ മുകളിൽ നിന്ന് വാക്കുകളെ കേൾക്കണമെന്നാണ് ഖുർആൻ ശ്രവിക്കാനായി മാലിക് ബ്‌നു ദീനാർ (റ) പറഞ്ഞിരിക്കുന്നത്. നമ്മുടെ സമയങ്ങളിൽ നിന്ന് നല്ലൊരു ഭാഗം ഖുർആൻ പാരായണത്തിനായി മാറ്റിവെക്കുക. മൊബൈൽഫോണിൽ മുഴുകി സമയം കളയരുത്. നമ്മുടെ മജ്‌ലിസുകളിൽ നിന്നും ഖുർആനിനെ ഒഴിവാക്കരുത്. എത്ര ആവർത്തികൾ തുടർന്നാലും മടുപ്പുളവാക്കാത്ത വാക്യങ്ങളാണ് ഖുർആനിലേത്, ആവർത്തിക്കുംതോറും ചാരുതി കൂടികൊണ്ടേയിരിക്കും. 

നമ്മുക്കും നമ്മുടെ മക്കൾക്കും ഏറ്റവും നല്ല കൂട്ടാണ് പരിശുദ്ധ ഖുർആൻ. ഖുർആൻ ഓരോർത്തരുടെയും മാനസിക സ്വാസ്ഥ്യം ഉയർത്തുകയും, സൽസ്വഭാവഗുണങ്ങളും സൽപ്രവർത്തികളും അധികരിപ്പിക്കുകയും ചെയ്യും. ഖുർആനിനെ കൂടെകൂട്ടിയരുടെ സംസാരം പോലും സുഗന്ധപൂരിതമായിരിക്കും. അക്കാര്യമാണ് നബി (സ്വ) അരുൾ ചെയ്തത്: ഖുർആൻ പാരായണം ചെയ്യുന്നവൻ സവിശേഷമായ മാതളനാരങ്ങയെ പോലെയാണ്, അതിന്റെ മണവും നല്ലതാണ്, രുചിയും നല്ലതാണ് (ഹദീസ് ബുഖാരി, മുസ്ലിം). 

സൂറത്തുൽ ബഖറ 195ാം സൂക്തത്തിലൂടെ അല്ലാഹു പറയുന്നുണ്ട്: നിങ്ങൾ നന്മയനുവർത്തിക്കുക, പുണ്യവാന്മാരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെ ചെയ്യും. നാം കുടുംബത്തോടും സമൂഹത്തോടും നല്ല നിലയിൽ ഇടപെടണം. സൽക്കർമ്മങ്ങൾ ചെയ്യണം. എന്നാൽ അല്ലാഹുവിന്റെ ഇഷ്ടം നേടാം. ഇബ്രാഹിം നബി (അ) മക്കാദേശത്തിന്റെ സുരക്ഷക്കായി അല്ലാഹുവിനോട് പ്രാർത്ഥിച്ചത് ശ്രദ്ധേയമാണ് (സൂറത്തു ഇബ്രാഹിം 35). ആ പ്രാർത്ഥനയുടെ പൊരുൾ നമ്മളും അറിയണം. നാടിനായി പ്രതിരോധം തീർക്കണം. നാടിന്റെ പതാക അഭിമാനപൂർവ്വം വാനത്തേക്കുയർത്തണം. ഇമാറാത്തിന്റെ പതാക ദിനം വരവായി. നമ്മുക്ക് ഈ നാടിന്റെ പ്രൗഢപതാക ഉയർത്താം. മക്കളെ ദേശസ്‌നേഹികളായി വളർത്താം. 

2

മക്കളെ ഖുർആൻ പഠിപ്പിക്കേണ്ടത് അനിവാര്യമാണ്. അക്കാര്യത്തിൽ പ്രചോദനമേകിക്കൊണ്ടാണ് നബി (സ്വ) പറഞ്ഞത്: ഖുർആൻ പഠിക്കുന്നവനും പഠിപ്പിക്കുന്നവനുമാണ് നിങ്ങളിൽ ഏറ്റവും ശ്രേഷ്ഠർ (ഹദീസ് ബുഖാരി 5027). ഖുർആൻ ബുദ്ധിയെ പ്രകാശിപ്പിക്കുകയും വ്യക്തിത്വം പരിപോഷിപ്പിക്കുകയും ചെയ്യും. മാത്രമല്ല നാവിനെ ചൊവ്വായി നിയന്ത്രിക്കുകയും പ്രശംസനീയ സ്വഭാവവിശേഷങ്ങളും സംസ്‌കാരങ്ങളും ഉണ്ടാക്കുകയും ചെയ്യും. നിശ്ചയം ഈ ഖുർആൻ ഏറ്റവും ഋജുവായതിലേക്ക് നയിക്കുന്നതാണ് (സൂറത്തുൽ ഇസ്‌റാഅ് 09). പരാജയങ്ങളെ വിദൂരത്താക്കുന്നതുമാണ്. കഷ്ടപ്പെടാനോ പരാജയപ്പെടാനോ അല്ല ഖുർആൻ ഇറക്കിയതെന്ന് അല്ലാഹു സൂറത്തു ത്വാഹാ 2ാം സൂക്തത്തിലൂടെ അറിയിക്കുന്നുണ്ട്. ഖുർആൻ പഠനവും മനപ്പാഠവും അല്ലാഹു എളുപ്പമാക്കിയിട്ടുണ്ട്. ഈ ഖുർആൻ ചിന്തിച്ചു ഗ്രഹിക്കാൻ നാം സുഗമമാക്കിയിട്ടുണ്ട് (സൂറത്തുൽ ഖമർ 22). 

മക്കൾ നല്ല നിലയിൽ ഖുർആൻ പാരായണം കാണാൻ എന്തുമാത്രം നയനാനന്ദകരമാണ്. അവരെ ഖുർആൻ പഠനസദസ്സുകളിൽ ചേർക്കണം.


back to top