യുഎഇ ജുമുഅ ഖുതുബ പരിഭാഷ സംഗ്രഹം
തീയ്യതി 02/09/2016
വിഷയം: ദുൽഹിജ്ജയിലെ പത്തു ദിനങ്ങളിലെ സൽകർമങ്ങൾ
പുണ്യമാസമായ ദുൽഹിജ്ജയിലെ
പാവനമായ പത്ത് ദിനങ്ങളാണ് നമ്മളിലേക്ക് വരാനിരിക്കുന്നത്.....
ദുൽഹിജ്ജമാസത്തിലെ
പത്ത് രാത്രികൾ വളരെ മഹത്തരമായത് കൊണ്ട് തന്നെ അല്ലാഹു അവയെ സത്യം ചെയ്ത് ഖുർആനിൽ പറഞ്ഞിട്ടുണ്ട്:
“പ്രഭാതം, പത്ത് രാത്രികൾ, ഇരട്ടയും ഒറ്റയും,
സഞ്ചരിച്ചുക്കൊണ്ടിരിക്കുന്ന രാത്രി എന്നിവ തന്നെ
സത്യം.. ഇവയിൽ ബുദ്ധിമാന്മാർക്ക് പര്യാപ്തമായ ശപഥമുണ്ടോ” (ഖുർആൻ: സൂറത്തുൽ ഫജ്ർ 1,5)
ഈ പുണ്യദിനങ്ങളിലാണ്
ലക്ഷോപലക്ഷം വിശ്വാസികൾ അറഫ മൈതാനിയിൽ ഒരുമിച്ചുകൂടുന്നതും, നിസ്‌ക്കാരം, നോമ്പ്, സ്വദഖ, ഉള്ഹിയ്യത്ത്, ദിക്‌റ്, ഹജ്ജ്, ഉംറ സൽക്കർമ്മങ്ങളാൽ ധന്യരാവുന്നതും.
“തങ്ങൾക്ക് ഉപകാരപ്രദമായ
സ്ഥലങ്ങളിൽ അവർ ഹാജരാകാനും അല്ലാഹു കനിഞ്ഞേകിയ കാലികളെ നിർണിത നാളുകളിൽ അവന്റെ പേരുച്ചരിച്ച്
ബലിയറുക്കാനും വേണ്ടിയത്രേ അത്” (സൂറത്തുൽ ഹജ്ജ് 28)
“ദുൽഹിജ്ജ മാസത്തിലുള്ള
പത്തുദിനങ്ങളിലെ സൽക്കർമ്മങ്ങളാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടം” (ഹദീസ്, ബുഖാരി)
വിശുദ്ധ കഅ്ബായത്തിലേക്കുള്ള
വിളിയാളത്തിന് ഉത്തരം നൽകാൻ (ഹജ്ജ് നിർവ്വഹിക്കാൻ) എല്ലാവർക്കും സാധിച്ചെന്നുവരില്ല. അങ്ങനെയുള്ളവർക്ക്
സൽക്കർമ്മങ്ങൾ വർദ്ധിപ്പിച്ച് ആത്മീയ മുതലെടുപ്പ്
നടത്താൻ വേണ്ടിയാണ് അല്ലാഹു ദുൽഹിജ്ജയിലെ പത്തു ദിനങ്ങൾ ഏവർക്കും ശ്രേഷഠമാക്കി നൽകിയത്.
ഹജ്ജ് ചെയ്യുന്നവൻ
പാപമുക്തനും ദോഷരഹിതനുമായാണ് തിരിച്ചുവരിക.
“മോശത്തരമില്ലാതെ കുറ്റമറ്റ
രീതിയിൽ ഹജ്ജ് കർമ്മം നിർവ്വഹിച്ചവന്റെ മുൻ കഴിഞ്ഞ ദോഷങ്ങളൊക്കെയും മാപ്പാക്കപ്പെടുന്നതാണ്”
(ഹദീസ് ബുഖാരി, മുസ്ലിം)
ഹജ്ജാജിമാരുടെ ആ സുവിശേഷം
ഹജ്ജ് ചെയ്യാത്തവന് കരഗതമാക്കണമെങ്കിൽ ഈ പത്ത് ദിനങ്ങൾ ആരാധനാ മുഹൂർത്തങ്ങൾ കൊണ്ട്
ധന്യമാക്കേണ്ടതുണ്ട്.
ഈ ദിനങ്ങളിലെ ആരാധനകൾ
ഹജ്ജ്, ഉംറ പോലെ വർദ്ധിച്ച കൂലി ലഭിക്കുന്നതാക്കാൻ
എങ്ങനെ ഫലപ്രദമാക്കണം:
*ഫർളായ കാര്യങ്ങൾ മുറപോലെ നിർവ്വഹിക്കണം
ഖുദ്‌സിയ്യായ ഹദീസിൽ
അല്ലാഹു പറയുന്നു: “ഫർളായ കാര്യം കൊണ്ടല്ലാതെ
എന്റെ അടിമ എന്നിലേക്ക് അടുത്തിട്ടില്ല” (ഹദീസ് ബുഖാരി)
“ഒരുത്തൻ അവന്റെ വസതിയിൽ
നിന്ന് അംഗശുദ്ധിയുള്ളവനായി ഫർള് നിസ്‌ക്കാരം നിർവ്വഹിക്കാൻ പുറപ്പെട്ടാൽ ഹജ്ജ് ചെയ്യുന്നവന്റെ
പ്രതിഫലമാണ് അവനിക്കുള്ളത്” (ഹദീസ്, അബൂദാവൂദ്)
“സുബ്ഹിലെ രണ്ട് റക്അത്ത്
നിസ്‌ക്കാരം ദുനിയാവിനേക്കാളും അതിലുള്ള മുഴുവൻ വസ്തുക്കളെക്കാളും ശ്രേഷ്ഠമാണ്”
(ഹദീസ് മുസ്ലിം)
“ഒരുത്തൻ ഫർള് നിസ്‌ക്കാരത്തിനായി
നേരാം വണ്ണം മുറപോലെ അംഗശുദ്ധി വരുത്തി, ഭയഭക്തിയോടെ (ജമാഅത്തായി) റുകൂഅ് പോലെത്ത നിർബന്ധഭാഗങ്ങൾ നന്നാക്കി നിസ്‌ക്കാരം
നിർവ്വഹിച്ചാൽ, അതിന് മുമ്പ് അവനിൽ
നിന്ന് സംഭവിച്ച മുഴുവൻ ദോഷങ്ങളും (വൻ ദോഷങ്ങളൊഴികെ) പൊറുക്കപ്പെടുന്നതാണ്”
(ഹദീസ് മുസ്ലിം)
“ഇമാം ആമീൻ ചൊല്ലിയാൽ
നിങ്ങളും ആമീൻ ചൊല്ലുക. ഒരുത്തൻ മലക്കുകൾ ആമീൻ പറയുന്നതോടൊപ്പം ആമീൻ പറഞ്ഞാൽ അവന്റെ
മുൻകാല ദോഷങ്ങളൊക്കെയും പൊറുക്കപ്പെടുന്നതാണ്” (ഹദീസ്, ബുഖാരി, മുസ്ലിം)
നിസ്‌ക്കാരത്തിൽ നിന്ന്
സലാം വീട്ടിയാൽ 33 പ്രാവശ്യം سبحان
الله 33പ്രാവശ്യം الحمد لله, 33 പ്രാവശ്യം الله اكبر, 100ാം പൂർത്തിയാക്കാൻ
لا اله الاّ الله لا شريك له له الملك وله الحمد وهو علي كل شيئ قديرചൊല്ലണം.
ഇങ്ങനെ ചെയ്താൽ അവന്റെ
മുഴുവൻ പാപങ്ങളും പൊറുക്കപ്പെടുന്നതാണ് (അവ കടലിലെ നുര പോലെ അനന്തവും നിരന്തരവുമാണെങ്കിൽ
പോലും) - (ഹദീസ് മുസ്ലിം)
“ഒരുത്തൻ ഒരു നന്മ
പഠിക്കാനോ പഠിപ്പിക്കാനോ വേണ്ടി പള്ളിയിലേക്ക് പോയാൽ ഹജ്ജ് ചെയ്തവന്റെ കൂലിയാണുള്ളത” (ത്വബ്‌റാനി)
ഇത് പോലെ ദുൽഹിജ്ജയിലെ
ഈ പത്ത് ദിന രാത്രങ്ങളിൽ മറ്റു സൽക്കർമ്മങ്ങളും വർദ്ധിപ്പിക്കണം:
അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക്
നിത്യം നന്ദിയുള്ളവനായിരിക്കണം
അവന്റെ ഔദാര്യത്തിന്
സദാ അവനെ സ്തുതിക്കണം....
അവയും സൽക്കർമ്മങ്ങളാണ്,
പാപങ്ങൾ പൊറുക്കപ്പെടാൻ പര്യാപ്തവുമാണ്
ഭക്ഷണവും വസ്ത്രവും
പാനീയവും ഒക്കെയും അവനിൽ നിന്നുള്ള അനുഗ്രഹങ്ങളാണ്, ഔദാര്യമാണ്.. അതെപ്പോഴും ഓർമ വേണം.
സ്വദഖ ചെയ്യലും,
ആവശ്യങ്ങളിൽ സഹോദരനെ സഹായിക്കലും സൽപ്രവർത്തനങ്ങളാണ്,
അവ ദോഷങ്ങൾ പൊറുക്കപ്പെടാൻ കാരണമാവുകയും ചെയ്യും
ഹസൻ ബസ്വരി (റ) പറഞ്ഞിട്ടുണ്ട്
നീ തുടർച്ചയായി ഹജ്ജ് ചെയ്യുന്നതിനേക്കാൾ നല്ലത് നിന്റെ മുസ്ലിം സഹോദരനെ അവന്റെ ആവശ്യസമയത്ത്
സഹായിക്കലാണ് (ജാമിഉ ഉലൂമി വൽ ഹികമി)
==================================
ഈ പരിപാവന ദിനരാത്രികൾ
ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന സജ്ജനങ്ങളിൽ നാഥൻ നാമേവരെയും ഉൾപ്പെടുത്തിത്തരട്ടെ
.. ആമീൻ