യുഎഇ ഖുതുബ പരിഭാഷ സംഗ്രഹം
തീയ്യതി: 09.09.2016
വിഷയം: അറഫാ ദിനം
ഇസ്ലാമിക പഞ്ചസ്തംഭങ്ങളായ
ഇസ്ലാംകാര്യങ്ങളിലെ അവസാനത്തേതാണ് ഹജ്ജ്. ദുൽഹിജ്ജമാസത്തിൽ മാത്രമുള്ള സവിശേഷ ആരാധനാകർമ്മം,
ഹജ്ജിന്റെ കാതലാണ് ദുൽഹിജ്ജ ഒമ്പതിലെ അറഫാ സംഗമം.
റബ്ബിന്റെ വിളിയാളത്തിന് ഉത്തരം നൽകി വിശുദ്ധ ഭൂമികയിലെത്തിയ ലോകത്തിന്റെ അഖില ദിക്കുകളിൽ
നിന്നുള്ള ഹജ്ജാജികൾ ഒരേ സമയം ഒരേ മനസ്സോടെ ഒരേയൊരു പടച്ചവന് വേണ്ടി അറഫാ മൈതാനിയിൽ
ഒത്തൊരുമിക്കുന്ന അനർഘദിനം.
അറഫാദിനത്തെ അല്ലാഹു
ബഹുമാനിക്കുകയും ശ്രേഷ്ഠമാക്കുകയും ചെയ്തിട്ടുണ്ട്. അറഫാദിനത്തെത്തൊട്ട് സത്യം ചെയ്ത്
ഖുർആനിൽ പറഞ്ഞിട്ടുണ്ട്.
“സാക്ഷിയും സാക്ഷീകരിക്കപ്പെടുന്നതും
തന്നെയാണ് സത്യം” (ഖുർആൻ, സൂറത്തുൽ ബുറൂജ്: 3)
ഇവിടെ സാക്ഷി വെള്ളയാഴ്ച
ദിവസവും, സാക്ഷീകരിക്കപ്പെടുന്നത് അറഫാദിനവും
എന്നുമാണ് വ്യാഖ്യാനിക്കപ്പെടുന്നത് (ഇമാം അഹ്മദ്)
അറഫാദിനത്തിലാണ് അല്ലാഹു
നബി (സ്വ) തങ്ങൾക്ക് ദീൻ പൂർത്തീകരിച്ച് കൊടുത്ത് അനുഗ്രഹപൂർണമാക്കിയത്. അതറിയിച്ചുക്കൊണ്ടുള്ള
ഖുർആനിക സൂക്തവും ഇറക്കി:
“നിങ്ങൾക്കു ഇന്നു ഞാൻ നിങ്ങളുടെ
മതം പൂർത്തീകരിച്ചു തരികയും എന്റെ അനുഗ്രഹം സമഗ്രമാക്കുകയും ഇസ്ലാമിനെ മതമായി തൃപ്തിപ്പെടുകയും
ചെയ്തിരിക്കുന്നു” (ഖുർആൻ, സൂറത്തുൽ മാഇദ: 3)
ഉമർ (റ) പറഞ്ഞിട്ടുണ്ട്: ഈ ആയത്ത് അറഫാ ദിവസം വെള്ളിയാഴ്ചയാണ് റസൂൽ (സ്വ)
തങ്ങൾക്ക് അവതരിക്കപ്പെട്ടത് (ഹദീസ് ബുഖാരി, മുസ്ലിം)
ഈ സുദിനത്തിൽ
അല്ലാഹു അടിമകൾക്ക്
പ്രത്യേകം പാപങ്ങൾ പൊറുത്തുകൊടുക്കും
പിശാച് കൂടുതൽ കൂടുതൽ
നിന്ദ്യനും നികൃഷ്ടനുമാക്കപ്പെടും. അവൻ ജനങ്ങളെ ദോഷങ്ങളിൽപ്പെടുത്താൻ ശ്രമിക്കും
“ഏറ്റം ഉദാത്തമായ സംസാരമേ ആകാവൂ
എന്ന് താങ്കൾ എന്റെ അടിമകളോട് പറയുക. പിശാച് അവർക്കിടയിൽ സ്പർദ്ധയുണ്ടാക്കുക തന്നെ
ചെയ്യും. നിശ്ചയം മാനവന്റെ പ്രത്യക്ഷ ശത്രുവാണ് പിശാച്” (ഖുർആൻ, സൂറത്തുൽ ഇസ്‌റാഅ്: 53)
“പിശാച് നിങ്ങളെ ദാരിദ്യം വരുമെന്നു
ഭീഷണിപ്പെടുത്തുകയും നീച വൃത്തികൾക്ക് പ്രേരിപ്പിക്കുകമാണ്. അല്ലാഹുവാകട്ടെ,
തന്റെ പക്കൽ നിന്നുള്ള പാപമോചനവും ഔദാര്യവുമാണ്
വാഗ്ദാനം ചെയ്യുന്നത്. അവൻ വിപുലമായ ശേഷിയും ജ്ഞാനവുമുള്ളവനത്രേ” (ഖുർആൻ, സൂറത്തുൽ ബഖറ: 268)
നാമെങ്ങനെ അറഫാദിനത്തെ
അർത്ഥപൂർണമാക്കും
ഈ പാവന ദിനത്തിൽ നാം
ആരാധനാനിമഗ്നരാവണം
പടച്ചവനോട് കരുണകടാക്ഷവും
പാപമോചനവും തേടണം
അവന് മുന്നിൽ ആവലാതികൾ
തുറന്ന് പറയണം
മനമുരുകി പ്രാർത്ഥിക്കണം
നബി (സ്വ) അരുളി: “ഏറ്റവും നല്ല പ്രാർത്ഥന
അറഫാദിനത്തിലെ പ്രാർത്ഥനയാണ്. ഞാനും എനിക്ക് മുമ്പുള്ള പ്രവാചകരും ഉച്ചരിച്ചതിൽവെച്ച്
ഏറ്റവും ശ്രേഷ്ഠമായ വാക്ക് لا اله الا الله وحده لا شريك له , له الملك وله الحمد
وهو علي كل شيئ قدير
എന്ന മഹത് വാചകമാണ്” (ഹദീസ് തുർമുദി)
നാം അല്ലാഹുവിനോട്
സർവ്വവിധ നന്മകൾക്കായും പ്രാർത്ഥിക്കണം സ്വന്തത്തിനും, കുടുംബത്തിനും, നാടിനും, നാടിന്റെ ഭരണാധികാരികൾക്കും,
സത്യവിശ്വാസികൾക്കും വേണ്ടി.
ഒരു വർഷത്തിലെ ദിവസങ്ങളിൽ
പ്രാർത്ഥനക്ക് ഏറ്റവും ശ്രേഷ്ഠമായ ദിവസം അറഫാ ദിവസമാണ് (കിതാബുൽ അദ്കാർ, ഇമാം നവവി (റ) )
അന്നേ ദിവസം നാം ഭയഭക്തിയോടെയും,
നാഥൻ ഉത്തരം നൽകുമെന്നുള്ള ദൃഢവിചാരത്തോടെയും പ്രാർത്ഥിക്കണം.
ദുർബല മനസ്സോടെ അശ്രദ്ധനായി പ്രാർത്ഥിക്കുന്നവന്റെ പ്രാർത്ഥനക്ക് അല്ലാഹു ഉത്തരം നൽകില്ലത്രെ.....
അറഫാ ദിവസം കൂടുതലായി
ഖുർആൻ പാരായണം ചെയ്യണം. സുന്നത്ത് നിസക്കാരങ്ങൾക്കൊണ്ടും ഇതര സുന്നത്തായ ആരാധനാ കർമ്മങ്ങൾക്കൊണ്ടും നാഥനിലേക്ക്
കൂടുതൽ അടുക്കണം.
അറഫാ ദിവസത്തിൽ വ്രതമനുഷ്ഠിക്കണം
അറഫാ ദിനത്തെ മൊത്തം
ഉൾക്കൊള്ളുന്ന ആരാധനയാണ് ആ ദിവസത്തെ നോമ്പ്.
നബി (സ്വ) അരുളി: “അറഫാ ദിനത്തെ
നോമ്പ് കഴിഞ്ഞ വർഷത്തെയും വരാനിരിക്കുന്ന വർഷത്തെയും പാപങ്ങൾ പൊറുപ്പിക്കും: (ഹദീസ് മുസ്ലിം)
മാനവിക ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതാവട്ടെ
ഈ അറഫാ ദിനം.
പുണ്യ സ്ഥലത്ത് വെച്ച്
ശ്രേഷ്ഠ മാസത്തിലെ പരിപാവന ദിവസത്തിൽ, നബി (സ്വ) മനുഷ്യ രക്തത്തിനും ധനത്തിനും അഭിമാനത്തിനും സുരക്ഷിത്വം പ്രഖ്യാപിച്ചതിന്റെ
വാർഷിക ദിനം കൂടിയാണ് അറഫാ ദിനം.
അറഫാ ദിനത്തിന് ശേഷമുള്ള
ദിനങ്ങളും സവിശേഷ ദിനങ്ങളാണ്. ഈദുൽ അദ്ഹയും അയ്യാമുൽ തശ് രീഖും
നബി (സ്വ) തങ്ങൾ പറഞ്ഞിട്ടുണ്ട്: “അറഫാദിനവും ബലിപെരുന്നാളും
അയ്യാമുൽ തശ് രീഖും സത്യവിശ്വാസികളുടെ ആഷോഷ ദിനങ്ങളാണ്” (ഹദീസ് അബൂദാവൂദ്)
ബലിപെരുന്നാൾ ദിവസത്തെ
പ്രത്യേക നിസ്‌ക്കാരവും അതിന് ശേഷമുള്ള ബലി കർമ്മവും മഹത്തായ ആരാധനകളാണ്.
അല്ലാഹു പറയുന്നു:-
“നബിയേ... അങ്ങേക്കു നാം കണക്കറ്റ
നന്മകൾ (കൗസർ സ്വർഗത്തിലെ പുഴ) നൽകിയിരിക്കുന്നു.
അതുകൊണ്ട് നാഥനുവേണ്ടി നമസ്‌ക്കരിക്കുകയും ബലികർമം നടത്തുകയും ചെയ്യുക. താങ്കളോട് വിദ്വേഷം
വെച്ചുപുലർത്തുന്നവരൻ തന്നെയാണ് ഭാവി തുലഞ്ഞവൻ” (ഖുർആൻ, സൂറത്തുൽ കൗസർ)
ദുൽഹിജ്ജ മാസത്തിലെ
ആരാധനാ ആഘോഷവേളകൾ നാഥന്റെ കൃപയാൽ അവന്റെ തൃപ്തിയിലാവാൻ തൗഫീഖ് നൽകട്ടെ.. ആമീൻ