യുഎഇ ജുമുഅ ഖുതുബ
പരിഭാഷ സംഗ്രഹം
തീയ്യതി: 30.09.2016
വിഷയം: ഹിജ്‌റയും മദീനാ ഉടമ്പടിയും
ഹിജ്‌റാ പുതുവർഷ വേളയിലാണ്
നാം. മുഹറം മാസപ്പിറവിയോടെ വിശ്വാസികൾക്ക് പുതിയൊരു വർഷം ആരംഭിക്കുകയായി.
സർവ്വ സ്തുതിയും ഇത്രയും
ആയുസ്സേകിയ പ്രവഞ്ച പരിപാലകന് മാത്രം.
വരുന്ന വർഷത്തിൽ നാടിന്റെയും
നാട്ടാരുടെയും വിശ്വാസികളുടെയും ഐശ്വര്യത്തിനും സമൃദ്ധിക്കും, ശാന്തിക്കും സമാധാനത്തിനുമായി അല്ലാഹുവിനോട് നമ്മുക്ക്
പ്രാർത്ഥിക്കാം.
മക്കയിൽ നിന്ന് മദീനയിലേക്കുള്ള
പ്രവാചകരുടെയും (സ്വ) സ്വഹാബത്തിന്റെയും പലായനം ഇസ്ലാമിക ചരിത്രത്തിലെന്നല്ല,
മാനവിക ചരിത്രത്തിലെ തന്നെ പ്രധാന ഏടാണ്.
സകലർക്കും കാരുണ്യവാനായ
അല്ലാഹു ലോകർക്ക് ഒന്നടങ്കമുള്ള അനുഗ്രഹമായാണ് പ്രവാചകർ നബി(സ്വ)യെ അയച്ചത്.
നന്മയുടെ പ്രചാകരും
തിന്മയുടെ ഉപാസകരുമായാണ്
തിരുമേനി (സ്വ) നിയോഗിതരായത്.
അല്ലാഹു പറയുന്നു: “നിരക്ഷര സമൂഹത്തിനിടയിൽ
തന്റെ സൂക്തങ്ങൾ അവരെ ഓതിക്കേൾപ്പിക്കുകയും സംസ്‌ക്കരിക്കുകയും, വേദവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാൻ
അവരിൽ നിന്നു തന്നെയുള്ള ഒരു റസൂലിനെ നിയോഗിച്ചവനാണവൻ” (ഖുർആൻ, സൂറത്തുൽ ജുമുഅ: 2)
മക്കയിലെ സത്യസന്ദേശ
പ്രചാരണത്തിന് ഖുറൈഷികൾ വൻ വിലങ്ങായപ്പോഴാണ് തിരുദൂതരും (സ്വ) അനുചരരും മദീനയിലേക്ക്
ഹിജ്‌റ പോവാൻ നിർബന്ധിതരായത്. മാത്രമല്ല, പരിശുദ്ധ ദീനിന്റെ ദിവ്യ പ്രഭ പരത്തലായിരുന്നു അവരുടെ മുഖ്യ ലക്ഷ്യം.
അവിടന്ന്,
മനുഷ്യാവകാശങ്ങൾക്ക്
വിലകൽപ്പിച്ചു
മാനവിക മൂല്യങ്ങൾ
അവതരിപ്പിച്ചു
സംസ്‌കാരവും സംസ്‌കൃതിയും
പരിചയപ്പെടുത്തി
സ്‌നേഹത്തിന്റെയും
ശാന്തിയുടെയും മന്ത്രങ്ങൾ ഓതി.
തർക്കത്തിലേർപ്പെട്ടവർക്ക്
സൗഹൃദം പഠിപ്പിച്ചു
മക്കക്കാർക്കും മദീനക്കാർക്കുമിടയിൽ
സാഹോദര്യം പണിതു.
മാത്രമല്ല,
വിശ്വാസികൾക്കും അവിശ്വാസികൾക്കുമിടയിൽ
സഹവർത്തിത്വത്തിന്റെ,
സഹാനുഭൂതിയുടെ
പാഠങ്ങൾ ഓതിക്കൊണ്ട്
മാനവിക സ്വാതന്ത്യത്തിനും,
അവകാശങ്ങൾക്കും
സംരക്ഷണം ഉറപ്പുവരുത്തുന്ന
മദീനാ ഉടമ്പടി എഴുതുകയും ചെയ്തു.
ജനവിഭാഗങ്ങൾക്കിടയിലെ
നീതിനടപ്പാക്കലാണ് ആ ഉടമ്പടിയിലെ പ്രധാന കാര്യം.
“നിശ്ചയം അല്ലാഹു അനുശാസിക്കുന്നത്
നീതി പാലിക്കാനും നന്മ അനുവർത്തിക്കാനും കുടുംബങ്ങൾക്ക് ദാനം ചെയ്യാനുമാണ്” (ഖുർആൻ, സൂറത്തുൽ നഹ്ൽ: 90)
മർദകനെയല്ല,
മർദ്ദിതനെയാണ് സഹായിക്കേണ്ടത്.
സഹവർത്തിത്വവും സഹിഷ്ണുതയുമാണ്
ഉടമ്പടിയിലെ മറ്റൊരു കാര്യം.
വിശ്വാസികളും അല്ലാത്തവരുമായ
(യഹൂദർ) മദീനക്കാർ തമ്മിൽ ഗുണകാംക്ഷയിലും സന്തോഷത്തിലും കഴിഞ്ഞുകൂടണം.
ഓരോ മതസ്ഥർക്കും അവരുടെ
മതചട്ടപ്രകാരം ജീവിക്കാം.
ഇസ്ലാമിൽ ബലാൽക്കാരമില്ല.
വർഗ വർണ ഭേദമന്യെ
മാനുഷിക മൂല്യങ്ങൾക്ക് പവിത്രത കൽപ്പിക്കണം
വൈവിധ്യവും വൈജാത്യവും
ദൈവികയുക്തിയാണ്.
അല്ലാഹു പറയുന്നു:
“അവൻ ഉദ്ദേശിച്ചിരുന്നുവെങ്കിൽ
മനുഷ്യരെ ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷേ, അവൻ അനുഗ്രഹിച്ചവരൊഴിച്ച് അവർ ഭിന്നിച്ചു കൊണ്ടേയിരിക്കും. അതിനാണ്
അവരെയവൻ സൃഷ്ടിച്ചിരിക്കുന്നത്” (ഖുർആൻ, സൂറത്തുൽ ഹൂദ്: 118,119)
പ്രാദേശികവാദമില്ല
മക്കക്കും മദീനക്കുമിടയിൽ
സൗഹൃദപ്പാലം പണിതവരാണ് പുണ്യമതത്തിന്റെ പ്രവാചകർ (സ്വ).
ഭാഷ വേഷഭൂഷാധികൾക്കതീതമായി
സർവ്വവരുടെയും ജീവനും സ്വത്തും മാനവും സംരക്ഷിക്കപ്പെടേണ്ടതാണ്.
വിവേചന ബുദ്ധിയില്ലാതെ
ബാധ്യതകൾ നിറവേറ്റപ്പെടണം.
അതു കൊണ്ടുതന്നെ,
മദീന
സുരക്ഷാഭൂമികയായിരുന്നു
ശാന്തക്കൊട്ടാരമായിരുന്നു
സൗഹൃദപൂന്തോപ്പായിരുന്നു
സമാധാനക്കൂടാരമായിരുന്നു.
ഹിജ്‌റയിലെ ത്യാഗമനസ്‌കതയും,
മദീനാ ഉടമ്പടിയിലെ മാനവിക പാഠങ്ങളുമുൾക്കൊണ്ട്
സഹാനുഭൂതി ഉദ്‌ഘോഷിക്കാൻ
സൗമനസ്യം നിത്യമാക്കാൻ
ശാന്തത ശീലമാക്കാൻ
സഹിഷ്ണുത കൊണ്ടുനടക്കാൻ
ഈ പുതുവർഷ മുഹൂർത്തത്തിൽ
നമ്മുക്ക് പ്രതിജ്ഞയെടുക്കാം.