ഖുര്‍ആന്‍: മധുരം ഈ ദിവ്യ വചനാമൃതം

യുഎഇ ജുമുഅ ഖുത്‌ബ പരിഭാഷ 
മന്‍സൂര്‍ ഹുദവി കളനാട്‌
തീയ്യതി: 25/05/2018
വിഷയം: ഖുര്‍ആനിന്റെ മാധുര്യം

പരിശുദ്ധ ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണ്‌. ഉള്ളടക്കം ദൈവ വചനങ്ങള്‍ മാത്രമാണ്‌. പ്രവാചകര്‍ മുഹമ്മദ്‌ നബി (സ്വ)ക്ക്‌ അവതീര്‍ണമായ ഈ വേദം അതി അമാനുഷികമത്രെ. അന്ത്യനാള്‍ വരെ യാതൊരു വക്രീകരണത്തിനോ മാറ്റിതിരുത്തലിനോ വിധേയമാവാത്ത വിധം അതിന്റെ സംരക്ഷണം അല്ലാഹു തന്നെ ഏറ്റെടുത്തതുമാണ്‌. ഖുര്‍ആനില്‍ കാലങ്ങളായ ഭൂതമുണ്ട്‌, വര്‍ത്തമാനമുണ്ട്‌, ഭാവിയുമുണ്ട്‌. ഈ വിശുദ്ധ ഗ്രന്ഥത്തിന്റെ പാരായണം ആരാധന കൂടിയാണ്‌. ഖുര്‍ആന്‍ ശാസ്‌ത്രങ്ങളുടെ ശാസ്‌ത്രമാണ്‌. അതില്‍ രോഗങ്ങള്‍ക്ക്‌ ശമനമുണ്ട്‌, ആകുലതകള്‍ക്ക്‌ പരിഹാരവുമുണ്ട്‌. മനസ്സുകള്‍ക്കുള്ള ശാന്തിയും ചിത്തങ്ങള്‍ക്കുള്ള മാര്‍ഗദീപവുമാകുന്നു ഖുര്‍ആന്‍. സ്വര്‍ഗഭാഷയായ അറബിയിലുള്ള വേദഗ്രന്ഥത്തില്‍ ചിന്തകളെ ഉണര്‍ത്തുന്ന ഉപമകളുമുണ്ട്‌.

വ്രതാനുഷ്‌ഠാന മാസമായ റമദാന്‍ ഖുര്‍ആനിന്റെ മാസം കൂടിയാണ്‌. അല്ലാഹു പറയുന്നു: ജനങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശകമായും സത്യാസത്യവിവേചനത്തിനും സന്മാര്‍ഗ ദര്‍ശനത്തിനുമുള്ള വ്യക്തമായ ദൃഷ്ടാന്തങ്ങളായും കൊണ്ട്‌ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍ (ഖുര്‍ആന്‍, സൂറത്തുല്‍ ബഖറ 185). റമദാന്‍ കാരണം സത്യവിശ്വാസികള്‍ക്ക്‌ രണ്ടു ശുപാര്‍ശകളാണ്‌ ലഭിക്കാനിരിക്കുന്നത്‌. നബി (സ്വ) പറഞ്ഞിട്ടുണ്ട്‌ : ഖുര്‍ആനും വ്രതവും അന്ത്യനാളില്‍ അടിമക്ക്‌ വേണ്ടി അല്ലാഹുവിനോട്‌ ശുപാര്‍ശ ചെയ്യും (ഹദീസ്‌ അഹ്‌്‌മദ്‌ 6626). ആയതിനാല്‍ വ്രതാനുഷ്‌ഠാനവും ഖുര്‍ആന്‍ പാരായണവുമാണ്‌ റമദാനിലെ മുഖ്യാരാധനകള്‍.


ഖുര്‍ആന്‍ മധുരതരമാണ്‌. ഖുര്‍ആനിക വാക്യങ്ങള്‍ സുവ്യക്തവും അതി സ്‌പഷ്ടവുമാണ്‌. സാഹിത്യത്തില്‍ അഗ്രഗണ്യരായിരുന്ന അറബി കവികള്‍, വാഗ്മികള്‍ പോലും ഈ ദിവ്യ വചനങ്ങള്‍ക്ക്‌ മുമ്പില്‍ പകച്ചുപോയിട്ടുണ്ട്‌. ഖുര്‍ആനിനെ പ്പറ്റി ഖുര്‍ആനില്‍ തന്നെ അല്ലാഹു പ്രതിപാദിക്കുന്നുണ്ട്‌ : അല്ലാഹുവാണ്‌ ഏറ്റവും ഉത്തമമായ വര്‍ത്തമാനം ഇറക്കിയിരിക്കുന്നത്‌. വചനങ്ങള്‍ പരസ്‌പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്നതുമായ ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മ്മങ്ങള്‍ അതുമൂലം രോമാഞ്ചമണിയുന്നതാണ്‌. പിന്നീട്‌ അവരുടെ ചര്‍മ്മങ്ങളും ഹൃദയങ്ങളും അല്ലാഹുവിന്റെ സ്‌മരണയിലേക്ക്‌ മയപ്പെടുകയും ചെയ്യും. അത്‌ അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാകുന്നു. താന്‍ ഉദ്ദേശിച്ചവരെ അതുമൂലം അവന്‍ നേര്‍മാര്‍ഗത്തിലാക്കുന്നു. അല്ലാഹു വല്ലവനെയും വഴി തെറ്റിച്ചാല്‍ അവനെ നേര്‍വഴിയിലാക്കുന്ന ആരുമില്ല തന്നെ (സൂറത്തുല്‍ സുമര്‍ 23). 

ഖുര്‍ആന്‍ അതി മാസ്‌മരികവും ഗുണപാഠനിബിഡവുമാണ്‌. ഖുര്‍ആന്‍ കേള്‍ക്കുന്ന കാതുകള്‍ മടുക്കുകയില്ല. ഖുര്‍ആന്‍ ആവാഹിക്കുന്ന ഹൃദയങ്ങള്‍ ദിവ്യാനുഭൂതിയിലായിരിക്കും. ഖുര്‍ആനിന്റെ മാധുര്യം നുകര്‍ന്ന്‌ സത്യദീനിലേക്ക്‌ കടന്നുവന്നയാളാണല്ലൊ വലീദു ബ്‌നു മുഗീറ (റ). ഖുര്‍ആന്‍ ശ്രവിച്ച അദ്ദേഹം പറയുകയുണ്ടായി: 'ദൈവമാണേ സത്യം, നിശ്ചയം ഖുര്‍ആനിന്‌ മാധുര്യമുണ്ട്‌, എത്ര സുന്ദരവും സുകൃത പൂര്‍ണവുമാണത്‌! അതില്‍ മുഴുവനും നന്മകളേയുള്ളൂ. ഖുര്‍ആന്‍ സര്‍വതിനെയും അതിജയിക്കും. അതിനെ ഒന്നും കവച്ചുവെക്കുകയുമില്ല'. 

ഖുര്‍ആന്‍ അതിഗഹനമാണ്‌. നേരായ ബുദ്ധിയുള്ളവര്‍ക്ക്‌ ശ്രീഘഗ്രാഹ്യവുമാണത്‌. ഒരിക്കല്‍ ഒരാള്‍ നബി (സ്വ)യുടെ അടുക്കലേക്ക്‌ വന്ന്‌ പറഞ്ഞു: തിരു ദൂതരേ, ഞാനൊരു സ്വപ്‌നം കാണുകയുണ്ടായി, ആകാശ ഭൂമികള്‍ക്കിടയില്‍ നിന്ന്‌ ഒരു മേഘം വെണ്ണയും തേനും വര്‍ഷിക്കുന്നു. ഒരു കൂട്ടം ആള്‍ക്കാര്‍ അവയില്‍ നിന്ന്‌ വേണ്ടുവോളം എടുക്കുന്നു. കൂടുതലെടുക്കുന്നവരും കുറച്ചെടുക്കുന്നവരുമുണ്ട്‌. ഇതു കേട്ട അബൂബക്കര്‍ സിദ്ധീഖ്‌ (റ) നബി (സ്വ) പറഞ്ഞു: ദൈവ ദൂതരേ, ഈ സ്വപ്‌നത്തിന്റെ വ്യാഖ്യാനം ഞാന്‍ പറയാം, അനുവാദം തന്നാലും. നബി (സ്വ) അനുവാദം നല്‍കി. അദ്ദേഹം പറഞ്ഞു: ആ മേഘം ഇസ്ലാം മതമാണ്‌. അതിലെ തേനും വെണ്ണയും ഖുര്‍ആനാണ്‌. ഖുര്‍ആനിന്‌ തേനിന്റെ മാധുര്യവും വെണ്ണയുടെ നൈര്‍മല്യവുമുണ്ട്‌. അവയില്‍ നിന്ന്‌ വാരിക്കോരിയെടുക്കുന്നവര്‍ ഖുര്‍ആന്‍ നുകരുന്നവരാണ്‌ (ഹദീസ്‌ ബുഖാരി, മുസ്ലിം).

താബിഈ നേതാവ്‌ ഹസനുല്‍ ബസ്വരി (റ) പറയുന്നു: മൂന്നു കാര്യങ്ങളിലാണ്‌ നിങ്ങള്‍ ആനന്ദം കണ്ടെത്തേണ്ടത്‌ 1. നമസ്‌ക്കാരം 2. ഖുര്‍ആന്‍ 3. ദൈവ സ്‌മരണ, നിങ്ങള്‍ ഈ മൂന്നു കാര്യങ്ങളുടെ മാധുര്യം നുകര്‍ന്നാല്‍ നിങ്ങളുടെ ജീവിതം വിജയത്തിലും സന്തോഷത്തിലുമായിരിക്കും. ദൈവങ്കലില്‍ നിന്നുള്ള അഭിസംബോധനമെന്ന്‌ മനസ്സിലാക്കി ആദരവുകളോടെ ഖുര്‍ആനിനെ പാരായണം ചെയ്യുകയും ജീവിതപാഠമാക്കുകയും ചെയ്‌തവര്‍ക്കേ ആ മാധുര്യം നുണയാനാവുകയുള്ളൂ. അബ്ദുല്ലാ ബ്‌നു മസ്‌ഊദ്‌ (റ) പറയുന്നു: ഒരുത്തന്‍ താന്‍ അല്ലാഹുവനെ ഇഷ്ടപ്പെടുന്നുവോ എന്നറിയാന്‍ അവന്റെ ശരീരത്തെ ഖുര്‍ആനിന്‌ സമര്‍പ്പിക്കട്ടെ, അവന്‍ ഖുര്‍ആനിനെ ഇഷ്ടപ്പെട്ടാല്‍ നിശ്ചയമായും അവന്‍ അല്ലാഹുവിനെയും ഇഷ്ടപ്പെട്ടിരിക്കുന്നു. ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങളാണല്ലൊ. ദൈവ വചനങ്ങളെ ഇഷ്ടപ്പെടുന്നവന്‍ അത്‌ കൂടുതലായും പാരായണം ചെയ്യും. നബി (സ്വ) ശാന്തതയോടെയും അടക്കത്തോടെയും പാരായണം ചെയ്‌ത്‌ ഖുര്‍ആനിന്റെ മാധുര്യം നേടുമായിരുന്നു. അക്ഷരാക്ഷരം വ്യക്തതയോടെയായിരുന്നു നബി (സ്വ)യുടെ ഖുര്‍ആന്‍ പാരായണം (ഹദീസ്‌ അബൂ ദാവൂദ്‌ 1466, തുര്‍മുദി 2923, നസാഈ 1022). അവധാനതയോടെ കൂടുതല്‍ സമയമെടുത്താണ്‌ നബി (സ്വ) ഖുര്‍ആനിക സൂക്തങ്ങള്‍ പാരായണം ചെയ്‌തിരുന്നത്‌ (ഹദീസ്‌ മുസ്ലിം 733, അഹ്മദ്‌ 26441). പല ഭാഗങ്ങളായി നിരവധി സന്ദര്‍ഭങ്ങളില്‍ ഇറക്കപ്പെട്ട ഖുര്‍ആന്‍ സാവകാശത്തോടെ ഓതാനാണ്‌ നബി (സ്വ) ദൈവ കല്‍പ്പന. ധൃതിയില്ലാത്ത സാസ്ഥ്യമായ പാരായണത്തിലൂടെ മാത്രമേ ഓതുന്നവനും ശ്രവിക്കുന്നവനും ഖുര്‍ആനിന്റെ അര്‍ത്ഥതലങ്ങള്‍ ഗ്രഹിക്കാനും ആ വചനാമൃതം ഉള്‍ക്കൊള്ളാനും മാധുര്യം നുകരാനും സാധിക്കുകയുള്ളൂ.

രാത്രിയിലെ ഖുര്‍ആന്‍ പാരായണവും ഖുര്‍ആന്‍ ഓതിക്കൊണ്ടുള്ള രാത്രി നമസ്‌ക്കാരവും ആ മാധുര്യം രുചിക്കാന്‍ കാരണമാക്കും. അല്ലാഹു പറയുന്നുണ്ട്‌ : രാത്രി നമസ്‌ക്കാരത്തിന്‌ ഉണര്‍ന്നെഴുന്നേക്കുന്നത്‌ കാതും ഹൃദയവും തമ്മില്‍ കൂടുതല്‍ യോജിപ്പുണ്ടാക്കുന്നതും പാരായണം കൂടുതല്‍ സ്‌പഷ്ടമാക്കുന്നതുമാണ്‌ (ഖുര്‍ആന്‍, സൂറത്തുല്‍ മുസമ്മില്‍ 06). മാത്രമല്ല, രാത്രി ഖുര്‍ആന്‍ ഓതിക്കൊണ്ട്‌ നമസ്‌ക്കരിക്കുന്നവന്‌ ശ്രേഷ്‌ഠ പ്രതിഫലമുണ്ടെന്ന്‌ നബി (സ്വ) പഠിപ്പിക്കുന്നുമുണ്ട്‌. ഖുര്‍ആന്‍ ഓതപ്പെട്ടാല്‍ അതിലേക്ക്‌ ശ്രദ്ധിച്ചു കേള്‍ക്കണമെന്നാണല്ലൊ ദൈവാഹ്വാനം. നബി (സ്വ) സശ്രദ്ധം ശ്രവിച്ച്‌ ആ ഖുര്‍ആനിക മാധുര്യം നുകരുമായിരുന്നു. ഒരിക്കല്‍ നബി (സ്വ) അബ്ദുല്ലാ ബ്‌നു മസ്‌ഊദി (റ)നോട്‌ പറഞ്ഞു: താങ്കള്‍ എനിക്ക്‌ ഖുര്‍ആന്‍ ഓതിത്തരിക. അദ്ദേഹം പറഞ്ഞു: ഞാന്‍ തിരുമേനിക്ക്‌ ഓതിത്തരണമെന്നാണോ! അങ്ങക്കാണല്ലൊ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടത്‌. അപ്പോള്‍ നബി (സ്വ) പറഞ്ഞു: മറ്റുള്ളവരില്‍ നിന്ന്‌ ഖുര്‍ആന്‍ കേള്‍ക്കലിനെ ഞാന്‍ ഇഷ്ടപ്പെടുന്നു. അങ്ങനെ അദ്ദേഹം നിസാഅ്‌ അധ്യാത്തിലെ 41ാം സൂക്തം ഓതുകയുണ്ടായി. അതു കേട്ട്‌ അര്‍ത്ഥം ഗ്രഹിച്ച നബി (സ്വ)യുടെ കവിള്‍ തടങ്ങളിലൂടെ കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു (ഹദീസ്‌ ബുഖാരി, മുസ്ലിം).

ഖുര്‍ആന്‍ പാരായണത്തിലെ ശ്രുതിമാധുര്യം നബി (സ്വ) ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഒരിക്കല്‍ നബി (സ്വ) സഞ്ചരിക്കവേ വഴിയില്‍ വെച്ച്‌ അബൂ മൂസല്‍ അശ്‌അരി (റ)യുടെ ഖുര്‍ആന്‍ പാരായണം ശ്രവിക്കാനിടയായി. പിറ്റേ ദിവസം അദ്ദേഹത്തെ കണ്ടുമുട്ടിയ നബി (സ്വ) ആ മധുര ശബ്ദത്തെ പ്രശംസിക്കുകയുണ്ടായി (ഹദീസ്‌ മുസ്ലിം). ഖുര്‍ആന്‍ ശ്രവിച്ച്‌ ആശയതലങ്ങളില്‍ ചിന്തിച്ച്‌ ഗ്രഹിക്കുകയും ആ മാസ്‌മരിക മാധുര്യമെത്തിക്കുകയും ചെയ്യുന്ന പണ്ഡിതന്മാരെപ്പറ്റി ഖുര്‍ആന്‍ വിവരിക്കുന്നത്‌ ഇങ്ങനെ: 'നിശ്ചയമായും ഖുര്‍ആനിന്റെ മുമ്പ്‌ തന്നെ ജ്ഞാനം നല്‍കപ്പെട്ടവര്‍ക്കും ഖുര്‍ആന്‍ ഓതിക്കൊടുത്താല്‍ മുഖം കുത്തി സാഷ്ടാംഗം ചെയ്യുന്നവരായി നിലത്തു വീഴും. അവര്‍ പറയും: നമ്മുടെ രക്ഷിതാവ്‌ പരിശുദ്ധനാണ്‌. നമ്മുടെ രക്ഷിതാവിന്റെ വാഗ്‌ദാനം നടപ്പില്‍വരുന്നത്‌ തന്നെയാകുന്നു. അവര്‍ കരഞ്ഞുകൊണ്ടു നിലത്തു വീഴുന്നതും പരിശുദ്ധ ഖുര്‍ആനിന്റെ ശ്രവണം അവര്‍ക്ക്‌ വിനയം വര്‍ദ്ധിപ്പിക്കുന്നതുമാണ്‌' (സൂറത്തുല്‍ ഇസ്‌റാഅ്‌ 107, 108, 109). ഖുര്‍ആന്‍ യഥാവിധി പാരായണം ചെയ്യുകയും തഥനുസൃതം ജീവിക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ ആ രുചി അനുഭവഭേദ്യമാവുകയുള്ളൂ.
back to top