യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 23/07/2021
വിഷയം: നല്ലവാക്ക് മനസ്സമാധാനം നൽകും
അല്ലാഹു പറയുന്നു: 'ഏറ്റം ഉദാത്തമായ സംസാരമേ ആകാവൂ എന്ന് താങ്കൾ എന്റെ അടിമകളോട് പറയുക' (സൂറത്തുൽ ഇസ്‌റാഅ് 53). ജനങ്ങളോട് ഇടപഴകുമ്പോൾ നല്ല വാക്കുകളും നല്ല പ്രയോഗങ്ങളും മാത്രമേ മൊഴിയാവൂ എന്നാണ് പ്രസ്തുത ആയത്തിന്റെ പ്രേരണ. മറ്റൊരു സൂക്തത്തിൽ കാണാം: ജനങ്ങളോട് നല്ലത് മാത്രം പറയുക (സൂറത്തുൽ ബഖറ 83). പോസിറ്റീവായ മൊഴികൾ മനസ്സിന് സമാധാനവും ആശ്വാസവുമേകും.
പ്രതീക്ഷാ നിർഭരമായ വാക്കും ശുഭാപ്തി നിർഗളമായ പ്രയോഗങ്ങളും പരിശുദ്ധ ഖുർആനിന്റെ ശൈലിയാണ്.
മൂസാ നബി (അ)യുടെ ഉമ്മക്ക് നദിയിൽ കുഞ്ഞിനെ എറിഞ്ഞാൽ സുരക്ഷിതമായി തിരിച്ചേൽപ്പിമെന്ന് മനോധൈര്യവും നിർഭയവുമേകുന്ന വാക്കുകളാണ് അല്ലാഹു നൽകിയത്: ഭയപ്പെടുകയോ സങ്കടപ്പെടുകയോ വേണ്ട, അവനെ നിങ്കലേക്കു തന്നെ നാം തിരിച്ചെത്തിക്കുന്നതും ദൈവ ദൂതരിൽ ഒരാളാക്കുന്നതുമാകുന്നു (സൂറത്തുൽ ഖസസ് 07). മൂസാ നബി (അ)യുടെയും സഹോദരൻ ഹാറൂൻ നബി (അ)യുടെയും ഭയപ്പാട് അകറ്റിക്കൊണ്ട് അല്ലാഹു പറഞ്ഞിരിക്കുന്നു: നിങ്ങളിരുവരും ഭയപ്പെടേണ്ട, കണ്ടും കേട്ടും നിങ്ങൾക്കൊപ്പം തന്നെയുണ്ട് ഞാൻ (സൂറത്തു ത്വാഹാ 46).
ആശ്വാസ സംസാരങ്ങൾ പ്രവാകചന്മാരും തുടർന്നിട്ടുണ്ട്. യഅ്ഖൂബ് നബി (അ) മക്കളോട് അചഞ്ചമായ ദൈവ വിശ്വാസത്തിന്റെ കരുത്ത് വാക്കുകളിലൂടെ പകർന്നു നൽകിട്ടുണ്ട്. അല്ലാഹുവിലുള്ള വിശ്വാസം കൈവിടരുതെന്നും നിരാശ വരരുതെന്നും ഉണർത്തിക്കൊണ്ട് യഅ്ഖൂബ് നബി (അ) അവരോട് പറഞ്ഞു: നിങ്ങൾ അല്ലാഹുവിന്റെ അനുഗ്രഹത്തെക്കുറിച്ച് ആശയറ്റു പോകരുത്. നിഷേധികളായ ജനങ്ങൾ മാത്രമേ അവന്റെ അനുഗ്രഹത്തെപ്പറ്റി ഭഗ്നാശരാകൂ (സൂറത്തു യൂസുഫ് 87). ഈസാ നബി (അ)യുടെ ഉമ്മ മർയമിനോട് ജിബ് രീൽ (അ) ദുഖിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞുക്കൊണ്ടുള്ള ആശ്വാസ വാക്കുകൾ പറയുന്നതും ഖുർആൻ ഉദ്ധരിക്കുന്നുണ്ട്: പഴം ഭുജിക്കുകയും ജലപാനം നടത്തുകയും ആഹ്ലാദ നിർഭരരാവുകയും ചെയ്യുക (സൂറത്തു മർയം 26).
നമ്മുടെ പ്രവാചകർ മുഹമ്മദ് നബി (സ്വ) പ്രിയ അനുചരൻ അബൂബക്കർ സിദ്ധീഖി (അ)നോട് സത്യവിശ്വാസത്തിൽ ചാലിച്ച നിർഭയത്വം തുളുമ്പുന്ന വാക്കുകൾ മൊഴിയുന്നുണ്ട്: ദുഖിക്കേണ്ട, അല്ലാഹു നാമ്മോടൊന്നിച്ചുണ്ട് തീർച്ച (സൂറത്തുത്തൗബ 40). പോസിറ്റീവായ വാക്കുകൾ ആഴത്തിൽ ഫലമുണ്ടാക്കുന്നവയാണ്. പറയുന്നയാൾക്കും ശ്രോതാവിനും മനക്കുളിർമ നൽകുന്നുവെന്ന് മാത്രമല്ല നല്ല പ്രതിഫലനങ്ങളുണ്ടാക്കുകയും ചെയ്യും. നല്ല സംസാരങ്ങൾ അല്ലാഹുവിന്റെ പ്രീതി ഉറപ്പു വരുത്തുമെന്നും അന്ത്യനാൾ വരെ അത് അങ്ങനെ തന്നെ രേഖപ്പെടുത്തപ്പെടുമെന്നുമാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് മുസ്ലിം 2988, ഇബ്‌നു മാജ 3969).

