ഹിജ്‌റയിലെ പാഠങ്ങൾ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 06.08.2021

വിഷയം: ഹിജ്‌റ


ഏവർക്കും പുതു ഹിജ്‌റാ വത്സരാശംസകൾ നേരുന്നു. പ്രവാചകർ മുഹമ്മദ് നബി (സ്വ)യുടെ ഹിജ്‌റ കേവലം പലായനമല്ല. മക്കയിൽ നിന്ന് മദീനയിലേക്കുള്ള ഒളിച്ചോട്ടവുമല്ല. മാനവ രാശിക്ക് ഹിജ്‌റാ സംഭവത്തിൽ നിന്ന് ധാരാളം പാഠങ്ങൾ ഉൾക്കൊള്ളാനുണ്ട്. മാനുഷികവും സാംസ്‌കാരികവുമായ മൂല്യങ്ങൾ പകരുന്നതാണ് ഹിജ്‌റ. ദൃഢമായ ദൈവ വിശ്വസം, വിശ്വാസ്യത, സഹിഷ്ണുത എന്നിവ ഹിജ്‌റ സംഭവത്തിൽ നിന്ന് സ്പഷ്ടമായും ഗ്രഹിക്കാവുന്ന സ്വഭാവ ഗുണങ്ങളാണ്.

നബി (സ്വ)യും അബൂബക്കർ സിദ്ധീഖും (റ) അക്രമോത്സുകരായ വന്ന ശത്രുപ്പടയിൽ നിന്ന് രക്ഷ നേടി പുറപ്പെട്ടു. അഭയം പ്രാപിച്ചിടത്തിന് മുകളിലായി അവരുടെ പാദങ്ങൾ കണ്ട് അവരുടെ ദൃശ്യയിൽ പെടുമോയെന്ന്് ആശങ്കപ്പെട്ട അബൂബക്കറി (റ)നോട് നബി (സ്വ) കൂടെ രക്ഷനായി അല്ലാഹുവുണ്ടെന്ന് പറയുന്നുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). അചലഞ്ചമായ ദൈവ വിശ്വാസത്തിന്റെ മകുടോദാഹരണമാണത്. 

നബി (സ്വ) ഹിജ്‌റ പുറപ്പെടുന്നതിന് മുമ്പായി മക്കക്കാരുടെ സൂക്ഷിപ്പു വസ്തുവകളെല്ലാം അവകാശികൾക്ക് ഏൽപ്പിക്കാൻ അലി (റ)നെ ഏൽപ്പിക്കുന്നുണ്ട്. വിശ്വസിച്ചേൽപ്പിച്ചതെല്ലാം അതിന്റെ ഉടമകൾക്ക് തിരിച്ചേൽപ്പിക്കൽ ബാധ്യതയാണെന്നും അപ്രകാരം അല്ലാഹു കൽപ്പിച്ചിരിക്കുന്നുവെന്നും ഖുർആൻ വ്യക്തമാക്കിയ കാര്യമാണ് (സൂറത്തു ന്നിസാഅ് 58). തിരിച്ചേൽപ്പിക്കുന്നതിൽ വിവേചനമരുത്. അവരുടെ മതവും വിശ്വാസവും ആദർശവും നോക്കണ്ടതില്ല. വിശ്വാസ്യത, കരാർ പാലനം, കുടുംബ ബന്ധം ചേർക്കൽ എന്നീ മൂന്നു കാര്യങ്ങൾ ഏതു വിധേനയുള്ളവരോടും വെച്ചുപുലർത്തണമെന്നാണ് പണ്ഡിതാഭിപ്രായം. 

അമുസ്ലിങ്ങളോട് സഹിഷ്ണുവായിരിക്കണമെന്ന സന്ദേശവും ഹിജ്‌റ നൽകുന്നുണ്ട്. അതുകൊണ്ടാണ് നബി (സ്വ)യും അബൂബക്കറും (റ) ഹിജ്‌റയിൽ വഴി കാണിക്കാനായി വിശ്വസ്തനും ബുദ്ധിമതിയുമായ അബ്ദുല്ല ബ്‌നു ഉറൈകിത്വിനെ തെരഞ്ഞെടുത്തത്. അദ്ദേഹം മുസ്ലിമായിരുന്നില്ല. 

ഹിജ്‌റ ചെയ്‌തെത്തിയ നബി (സ്വ) മദീനയുടെ മണ്ണിലും സ്‌നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും സഹാനുഭൂതിയുടെയും വിത്തുകളാണ് പാകിയത്. രക്ഷക്കായി പ്രാർത്ഥിക്കുന്ന സലാം ചൊല്ലൽ വ്യാപകമായി നിലനിർത്തണമെന്നാണ് അവർക്കാദ്യമായി പഠിപ്പിച്ചത് (ഹദീസ് തുർമുദി 2485, ഇബ്‌നു മാജ 1334). അങ്ങനെ ആ ജനതയുടെ ഹൃദയങ്ങൾ പരസ്പരം ഇണക്കിയെന്നാണ് ഖുർആൻ പ്രഖ്യാപിച്ചത് (സൂറത്തുൽ അൻഫാൽ 63). മദീനാ സമൂഹം ഒരൊറ്റ കെട്ടിടം കണക്കെ സുശക്തരും സുഭദ്രരുമായിരുന്നു. അങ്ങനെയാവാനാണ് നബി (സ്വ) പഠിപ്പിച്ചത് സത്യവിശ്വാസിയുടെ നാവിൽ നിന്നും കൈയിൽ നിന്നും ആർക്കും ബുദ്ധിമുട്ടേൽക്കുകയില്ല, മുഹാജിറെന്നാൽ ദൈവ വിരോധങ്ങളെ ഒഴിവാക്കിയവരാണ് (ഹദീസ് ബുഖാരി, മുസ്ലിം).


back to top