യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 24/09/2021
വിഷയം: ശിശു പരിപാലനം
കുഞ്ഞുങ്ങൾ നമ്മുടെ ജീവിതത്തിൽ അല്ലാഹു കനിഞ്ഞേകിയ അമൂല്യങ്ങളായ അലങ്കാരങ്ങളാണ്. താനുദ്ദേശിക്കുന്നവർക്ക് അല്ലാഹു പെൺമക്കളെയും മറ്റു ചിലർക്ക് ആൺമക്കളെയും കനിഞ്ഞേകുന്നുവെന്നാണ് സൂറത്തു ശൂറാ 49ാം സൂക്തം വ്യക്തമാക്കുന്നത്. കുഞ്ഞുമക്കളുടെ സാന്നിധ്യം ആത്മാവിനും മനസ്സിനും സന്തോഷം നിറക്കുന്നതും വീടകളിൽ സമാധാനം പകരന്നതുമാണ്.
മനുഷ്യന്റെ ജീവിത ഘട്ടങ്ങളിൽ പ്രധാനപ്പെട്ടതാണ് ശൈശവം. ശൈശവത്തിലാണ് മനുഷ്യന് സ്വത്വവും വ്യക്തിത്വവും രൂപപ്പെടുന്നത്. നബി (സ്വ) കുട്ടികളോടൊപ്പം ഇരിക്കാനും അവരോട് വാത്സല്യം കാട്ടാനും സമയം കണ്ടെത്തിയിരുന്നു. നബി (സ്വ) കുട്ടികളായ തന്നെയും ഹസൻ ബ്‌നു അലി (റ)യെയും ചേർത്തിപ്പിടിച്ച് 'നാഥാ ഇരുവർക്കും നീ കാരുണ്യം ചൊരിയണേ, ഞാൻ ഇവരോട് വാത്സല്യം കാട്ടുകയാണ്' എന്ന് പ്രാർത്ഥിച്ചതായി സൈദ് ബ്‌നു സാബിത്ത് (റ) സാക്ഷ്യപ്പെടുത്തുന്നു (ഹദീസ് ബുഖാരി 6003).
കുട്ടികളോട് പോസിറ്റീവായി ഇടപെടണം. അവരുടെ മനസ്സ് അറിയുകയും ഉൾക്കൊള്ളുകയും വേണം. അവരോടുള്ള പെരുമാറ്റങ്ങളിൽ മയത്വം പാലിക്കണം. അതെല്ലാം അവരുടെ വ്യക്തിത്വ വികസനത്തിൽ പ്രതിഫലിച്ചു കാണാനാവും. അവരിൽ ആത്മവിശ്വാസം ജനിപ്പിക്കുകയും ഒറ്റക്കല്ലെന്ന തോന്നൽ വരുത്തുകയും ചെയ്യും. നബി (സ്വ) പറയുന്നു: മയത്വം കാണിക്കുന്ന കാര്യങ്ങളെല്ലാം ശുഭകരം തന്നെയായിരിക്കും (ഹദീസ് മുസ്ലിം 2594, അഹ്‌മദ് 26457).
മാതാപിതാക്കൾ മക്കളുടെ കാര്യങ്ങൾക്കായി സമയം പ്രത്യേകം വ്യവസ്ഥപ്പെടുത്തേണ്ടത് അനിവാര്യമാണ്. അവരോടൊപ്പം ഇരുന്ന് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും അവർ പറയുന്നത് സശ്രദ്ധം കേൾക്കുകയും വേണം. പുതിയ പുതിയ അറിവുകൾ നൽകുകയും അനുഭവ ജ്ഞാനങ്ങൾ കേൾപ്പിക്കുകയും ചെയ്യണം. നബി (സ്വ) കുട്ടിയായിരുന്ന അബ്ദുല്ല ബ്‌നു അബ്ബാസി (റ)നോട് 'കുഞ്ഞുമോനെ, നിനക്ക് കുറച്ച് കാര്യങ്ങൾ ഞാൻ പഠിപ്പിച്ചു തരാം, നീ അല്ലാഹുവിനെ സൂക്ഷിക്കുക, അല്ലാഹു നിന്നെ സൂക്ഷിച്ചു സംരക്ഷിക്കും' (ഹദീസ് തുർമുദി 2516).
ശിശു പരിപാലനവും ശിക്ഷണവുമൊക്കെ മയത്തിലും മൃദുലമായും ചെയ്യേണ്ട കാര്യങ്ങളാണ്. മര്യാദകളും നല്ല ശീലകളും ആചാരാനുഷ്ഠാനങ്ങളും കൂടെകൂട്ടി പഠിപ്പിക്കണം. ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കാൻ സമയം നിശ്ചയിച്ചു കൊടുക്കുകയും അവയുടെ ഉപയോഗത്തെ പിന്തുടർന്ന് അറിയുകയും വേണം. കുട്ടികൾക്ക് വേണ്ടത് അവരോട് സൗമ്യമായി ഇടപഴകുന്നവരെയും വാക്കിലും പ്രവർത്തിയിലും പോസിറ്റീവായി സമീപിക്കുന്നവരെയും സമ്മാനങ്ങൾ നൽകി സന്തോഷിപ്പിക്കുന്നവരെയുമാണ്. നബി (സ്വ) തങ്ങൾക്ക് സമ്മാനമായി ലഭിച്ച സ്വർണ മോതിരം പേരക്കുട്ടിയായ ഉമാമക്ക് നൽകി പറയുകയുണ്ടായി: 'കുഞ്ഞുമോളേ, ഈ ആഭരണം നീ അണിയുക' (ഹദീസ് അബൂ ദാവൂദ് 4235, ഇബ്‌നു മാജ 3644).
കുട്ടികളോട് കുടുംബാംഗങ്ങൾ സംസാരിച്ചു കൊണ്ടിരിക്കണം. കഥകളും നുറുങ്ങുകളും പറഞ്ഞു കൊടുക്കണം. അത് അവരുടെ സംസാര ശേഷിയെയും ഭാഷാ നൈപുണ്യത്തെയും ഏറെ സ്വാധീനിക്കും. അവരുടെ സ്വഭാവത്തിലും ഇടപെടലുകളിലും ക്രിയാത്മകത വരുത്തുകയും ചെയ്യും. നഴ്‌സറി സ്‌കൂളകൾ കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും കാതലായ ഇടപെടലുകൾ നടത്തുന്നുണ്ട്. മക്കളെ കൗമാരത്തിലും അച്ചടക്കത്തിൽ വളർത്തിയാൽ മാത്രമേ അവരിൽ സ്തുതർഹ്യമായ വ്യക്തിത്വ രൂപീകരണവും മാനസിക സുസ്ഥിരതയും സാധ്യമാവുകയുള്ളൂ.

