യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 01/10/2021
വിഷയം: സത്യത്തിന് മാത്രമേ വിജയമുള്ളൂ
സത്യവിശ്വാസികളായ അടിമകളോട് സത്യസന്ധരായ സത്യസാക്ഷികളിൽ പെടാനാണ് അല്ലാഹുവിന്റെ കൽപന. 'സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും സത്യസന്ധന്മാരൊന്നിച്ചാവുകയും ചെയ്യുക' (സൂറത്തു ത്തൗബ 119). നബി (സ്വ) പറയുന്നു: നിങ്ങൾ സത്യത്തെ മുറുകെ പിടിക്കുക. കാരണം സത്യം നന്മയിലേക്ക് നയിക്കും. നന്മ സ്വർഗത്തിലേക്ക് നയിക്കും. സത്യസന്ധത പുലർത്തുകയും കാര്യങ്ങളിൽ സത്യം സ്ഥിരമാക്കുകയും ചെയ്തുകൊണ്ടിക്കുന്നയാളെ അല്ലാഹുവിങ്കൽ സിദ്ധീഖായി രേഖപ്പെടുത്തും (ഹദീസ് ബുഖാരി, മുസ്ലിം).
ജീവിതത്തിൽ സത്യസന്ധത പുലർത്തുന്നവരിൽ നല്ല സ്വഭാവങ്ങളെല്ലാം സമ്മേളിച്ചിരിക്കും. സത്യസന്ധതയെന്നാൽ വാക്കും പ്രവർത്തിയും തമ്മിലുള്ള അനിവാര്യമായ സ്വരചേർച്ചയാണ്. മനുഷ്യന്റെ അനുകൂലവും പ്രതികൂലവുമായ എല്ലാ അവസ്ഥകളിലും, എല്ലാ അനക്കത്തിലും ഒതുക്കത്തിലും ബാധകമായതാണ് ഈ സ്വഭാവ വിശേഷം.
അല്ലാഹു നബി (സ്വ)യോട് പറഞ്ഞത് 'താങ്കൾ ഇങ്ങനെ പ്രാർത്ഥിക്കുക, നാഥാ എന്നെ സത്യകവാടത്തിലൂടെ പ്രവേശിപ്പിക്കുകയും സത്യകവാടത്തിലൂടെ പുറത്തുകൊണ്ടുവരികയും ചെയ്യണമേ' എന്ന് പ്രാർത്ഥിക്കാനാണ് (സൂറത്തുൽ ഇസ്‌റാഅ് 80). പ്രസ്തുത സൂക്തത്തിൽ പറയപ്പെട്ട സത്യകവാടമെന്നത് മനുഷ്യന്റെ എല്ലാ അവസ്ഥകളിലും സകല കാര്യങ്ങളിലുള്ള സത്യസന്ധവും സുകൃതപൂർണവുമായ സമാധാന മനസ്സാണ്. സത്യസന്ധത മനസ്സമാധാനമാണെന്നാണ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (തുർമുദി 2518, അഹ്‌മദ് 1723). സത്യസന്ധൻ സന്തോഷവാനായിരിക്കും. അല്ലാഹുവിങ്കൽ പ്രിയപ്പെട്ടവനും ജനങ്ങൾക്കിടയിൽ പ്രകീർത്തിക്കപ്പെടുന്നവനുമായിരിക്കും.
നബി (സ്വ) പറയുന്നു: നിങ്ങളെ അല്ലാഹുവും അവന്റെ പ്രവാചകരും ഇഷ്ടപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളെ വിശ്വസിച്ചേൽപ്പിച്ചത്് തഥാ തിരിച്ചേൽപ്പിക്കുക, സംസാരിച്ചാൽ സത്യം മാത്രം പറയുക, അയൽവാസിയോട് നന്മ ചെയ്യുക (മുഅ്ജമുൽ അൗസത്വ് 6517). സത്യസന്ധതയുടെ യഥാർത്ഥ ഫലവും വിജയവും അന്ത്യനാളിലായിരിക്കും ലഭ്യമാവുക. ദൈവ പ്രീതിയാൽ സൗഭാഗ്യസിദ്ധനായ സത്യസന്ധന് സ്വർഗമായിരിക്കും സമ്മാനം. അല്ലാഹു പ്രഖ്യാപിക്കുമത്രെ: 'സത്യസന്ധന്മാർക്ക് അവരുടെ സത്യനിഷ്ഠ പ്രയോജനകരമാകുന്ന ദിവസമാണിത്, താഴ്ഭാഗത്തുകൂടി നദികളൊഴുകുന്ന സ്വർഗങ്ങൾ അവർക്കുണ്ട്. അതിലവർ ശാശ്വതവാസികളായിരിക്കും. അല്ലാഹു അവരെക്കുറിച്ചും അവർ അല്ലാഹുവിനെക്കുറിച്ചും സംതൃപ്തരായിരിക്കുന്നു. വമ്പിച്ച വിജയമാണത്' (സൂറത്തുൽ മാഇദ 119).
സത്യസന്ധതയെന്ന മൂല്യം സത്യമത ്പ്രചാകരായ പ്രവാചകന്മാരിലെല്ലാം രൂഢമൂലമായിരുന്നു. അവരുടെ സത്യസന്ധത അല്ലാഹു തന്നെ പുകഴ്ത്തിയുട്ടുണ്ട്. അല്ലാഹു പറയുന്നു ഇസ്മാഈൽ നബിയെക്കുറിച്ചും ഖുർആനിൽ താങ്കളനുസ്മരിക്കുക. നിശ്ചയം, വാഗ്ദാന പാലകനും ദൈവദൂതനും പ്രവാചകനുമായിരുന്നു അദ്ദേഹം (സൂറത്തു മർയം 54).
എല്ലാ മതങ്ങളും ഇസങ്ങളും സത്യസന്ധത അനുശാസിക്കുന്നതായി കാണാം. കാരണം സത്യസന്ധതയിലാണ് സമൂഹത്തിന്റെയും വ്യക്തികളുടെയും വിജയം കുടികൊള്ളുന്നത്. അല്ലാവുവിന്റെ വിധിവിലക്കുകൾ അനുസരിക്കുമ്പോഴാണ് ഒരാൾ അല്ലാഹുവിനോട് സത്യസന്ധത പുലർത്തുന്നത്. നബി (സ്വ)യെ പിൻപറ്റുമ്പോഴാണ് നബി (സ്വ) സത്യസന്ധത പൂർത്തിയാവുന്നത്. കുടുംബത്തോടും സമൂഹത്തോടും അവരേടാതായ കടമകൾ ചെയ്തുതീർക്കുമ്പോഴാണ് അവരോടും സത്യസന്ധന്മാരാവുന്നത്. തൊഴിലാളി തൊഴിലിലുള്ള ഉത്തരവാദിത്വ നിർവ്വഹണം നടത്തിയാലാണ് തൊഴിലിലെ സത്യസന്ധത സമ്പൂർണമാവുന്നത്.

