യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 15/10/2021
വിഷയം: കാരുണ്യത്തിന്റെ പ്രവാചകർ (സ്വ)
ലോകർക്കായി അല്ലാഹു അവതരിപ്പിച്ച മഹാനുഗ്രഹമാണ് അന്ത്യപ്രവാചകർ നമ്മുടെ നബി മുഹമ്മദ് (സ്വ). നന്മുടെ ഉത്ഥാനത്തിനും തിന്മയുടെ ഉഛാടനത്തിനുമായി മാർഗം തെളിയിച്ച നബി (സ്വ) യെ അനുധാവനം ചെയ്യാനാണ് അല്ലാഹുവിന്റെ കൽപന (സൂറത്തുൽ ഹശ്ർ 7). ലോകത്തിലെ സകല ചരാചരങ്ങൾക്കുള്ള കാരുണ്യവർഷമാണ് തിരുനബി (സ്വ)യുടെ തിരു ജനനം.
ആനക്കലഹ വർഷത്തിലെ റബീഉൽ അവ്വൽ മാസത്തിലാണ് നബി (സ്വ) ഭൂജാതരായത്. സകല ലോകർക്കും സത്യബോധനവുമായി വന്ന തിരുദൂതർ (സ്വ) ലോകത്തിന് ആകമാനം കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേഹവാഹകരായിരുന്നു.
ഇബ്രാഹിം നബി (അ)യുടെ പ്രാർത്ഥനയുടെ ഫലമായിരുന്നു ആ തിരു നിയോഗം.
ഇബ്രാഹിം നബി (അ) പ്രാർത്ഥിച്ചിരുന്നുവത്രെ: 'ഞങ്ങളുടെ നാഥാ ആ ജനതതിക്കു നിന്റെ വചനങ്ങൾ ഓതിക്കൊടുക്കുകയും വേദഗ്രന്ഥവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയും സംസ്‌ക്കാരം ശീലിപ്പിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരിൽ നിന്നു തന്നെ നിയോഗിക്കണമേ' (സൂറത്തുൽ ബഖറ 129).
ഈസാ നബി (സ്വ) ക്കുള്ള സുവിശേഷത്തിന്റെ സാക്ഷാൽക്കാരമായിരുന്നു തിരു നബി (സ്വ)യുടെ അവതരണം. തനിക്ക് ശേഷം അഹ്‌മദ് എന്ന ദൂതൻ വരാനുണ്ടെന്ന ശുഭവാർത്തയുമായാണ് വന്നതെന്ന് ഈസാ നബി (അ) ഇസ്രാഈലരോട് പറയുന്നത് ഖുർആനിലുണ്ട് (സൂറത്തു സ്വഫ്ഫ് 6).
അല്ലാഹു പറയുന്നു: സ്വന്തത്തിൽ നിന്നു തന്നെ ഒരു റസൂലിനെ വിശ്വാസികൾക്ക് നിയോഗിക്കുക വഴി വലിയ അനുഗ്രഹമാണവർക്ക് അല്ലാഹു ചെയ്തത് (സൂറത്തു ആലു ഇംറാൻ 164). ജനങ്ങൾക്കിടയിൽ കാരുണ്യവും സമാധാനവുമാണ് പ്രവാചകർ (സ്വ) പ്രചരിപ്പിച്ചതും പ്രബോധനം ചെയ്തതും. നബി (സ്വ) തങ്ങൾ തന്നെ പറയുന്നുണ്ട്: 'അല്ലാഹുവിൽ നിന്ന് സമ്മാനമായി ഇറക്കപ്പെട്ട കാരുണ്യമാണ് ഞാൻ' (ഹദീസു ദ്ദാരിമി 15).
പരസ്പരം ഐക്യവും ദയാവായ്പവും പ്രോത്സാപ്പിച്ചുകൊണ്ടുള്ള അതുഗ്രൻ മാനവിക ദൂതുമായാണ് നബി (സ്വ) പ്രബോധന വഴിയിൽ സജീവമായത്. നബി (സ്വ) ജനതയോട് പറഞ്ഞു: ഞാൻ നിങ്ങൾക്കൊരു കാര്യം അറിയിച്ചു തരട്ടയോ, നിങ്ങളത് ചെയ്താൽ പരസ്പരം സ്‌നേഹാർദ്രതയുള്ളവരാകും. നബി (സ്വ) തുടർന്നു: പരസ്പരം രക്ഷക്കായി പ്രാർത്ഥിക്കുന്ന സലാം വ്യാപകമയി പറയലാണത് (ഹദീസ് മുസ്ലിം 93).
നീതിബോധത്തിന്റെയും വാഗ്ദത്ത പാലനത്തിന്റെയും മൂല്യമോതിക്കൊണ്ടാണ് നബി (സ്വ) സത്യമതം പഠിപ്പിച്ചത്. പ്രവാചകത്വ ലബ്ദിക്കു മുമ്പ് തന്നെ അവകാശ സംരക്ഷണ ഉടമ്പടിയായ 'ഹിൽഫുൽ ഫുദൂലി'ൽ നബി (സ്വ) പങ്കെടുത്തിരുന്നു. പല ഗോത്രങ്ങളും കൂടി അർഹർക്കുള്ള അവകാശം ഉറപ്പുവരുത്തുന്ന കരാർ പ്രഖ്യാപനമായിരുന്നു അത്. നീതിയും ന്യായവും അവകാശ സംരക്ഷണവുമെല്ലാം ഉദ്‌ഘോഷിക്കുന്ന, മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഉടമ്പടികൾ മാനവ കുലത്തിനെന്നും നന്മയേ വരുത്തിയിട്ടുള്ളൂ. അതാണ് ഇസ്ലാം പഠിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും. അത്തരം കാര്യങ്ങൾ വിശുദ്ധ ഇസ്ലാം മതം ശക്തിപ്പെടുത്തിയിട്ടേയുള്ളൂവെന്നാണ് നബി (സ്വ) പറഞ്ഞത്(ഹദീസ് മുസ്ലിം 2530). അഖണ്ഡതയുടെയും സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും കാഹളമാണ് നീതി. ഇസ്ലാം നീതിയുടെയും സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും മതമാണ്. പ്രവാചകർ (സ്വ) അതിന്റെ പ്രചാരകരും.
നബി (സ്വ)യിൽ നമ്മുക്ക് ഉത്തമ ജീവിത മാതൃകയുണ്ട് (സൂറത്തുൽ അഹ്‌സാബ് 21). ആ മാതൃക നാം ജീവിതത്തിൽ അനുവർത്തിക്കേണ്ടിയിരിക്കുന്നു, ആ സ്വൽസ്വഭാവങ്ങൾ നാം തുടരേണ്ടിയിരിക്കുന്നു. ആ തിരുസന്നിധിയിലേക്ക് ശ്രേഷ്ഠ ദിനമായ വെള്ളിയാഴ്ച ദിവസത്തിൽ സ്വലാത്തുകൾ അധികമായി ചൊല്ലിക്കൊണ്ടിരിക്കാം. അവ നബി (സ്വ) തങ്ങളിലേക്ക് നേരിട്ട് എത്തുമെന്ന് നബി (സ്വ) തങ്ങൾ തന്നെ പ്രസ്താവിച്ചിട്ടുണ്ട് (ഹദീസ് അബൂദാവൂദ് 1531, നസാഈ 1374, ഇബ്‌നുമാജ 1085).

