യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 22.10.2021
വിഷയം: നബി (സ്വ)യുടെ മേൽ സ്വലാത്തും സലാമും ചൊല്ലൽ
അന്ത്യപ്രവാചകർ മുഹമ്മദ് നബി (സ്വ)യുടെ മേൽ സ്വലാത്തും സലാമും ചൊല്ലൽ ഏറെ പുണ്യകരമായ ആരാധനാനുഷ്ഠാനമാണ്. ഒരിക്കൽ ഉബയ്യ് ബ്‌നു കഅ്ബ് (റ) നബി (സ്വ)യോട് പറയുകയുണ്ടായി: തിരുദൂതരേ, ഞാൻ അങ്ങയുടെ മേൽ സ്വലാത്ത് അധികരിപ്പിക്കാനാഗ്രഹിക്കുന്നു, ഞാനെത്ര സ്വലാത്ത് ചൊല്ലണം? അങ്ങക്കായി ഞാൻ എത്ര പ്രാർത്ഥിക്കണം? നബി (സ്വ): നിനക്ക് ഇഷ്ടമുള്ളത്ര. ഉബയ്യ് (റ) ചോദിച്ചു: പ്രാർത്ഥനയുടെ കാൽഭാഗവും അങ്ങയ്ക്കാക്കണോ? നബി (സ്വ) പറഞ്ഞു: നിനക്ക് ഇഷ്ടമുള്ളത്ര, അധികരിപ്പിച്ചാൽ അത് നിനക്ക് നല്ലതായിരിക്കും. ഉബയ്യ് (റ) വീണ്ടും ചോദിച്ചു: പകുതിയും അങ്ങയ്ക്കാക്കിയാലോ. നബി (സ്വ) പറഞ്ഞു: നിനക്ക് ഇഷ്ടമുള്ളത്ര, അധികരിപ്പിച്ചാൽ അത് നിനക്ക് നല്ലതായിരിക്കും. ഉബയ്യ് (റ) ചോദിച്ചു മൂന്നിൽ രണ്ടു ഭാഗവും അങ്ങയ്ക്കാക്കിയാലോ. നബി (സ്വ) പറഞ്ഞു: നിനക്ക് ഇഷ്ടമുള്ളത്ര, അധികരിപ്പിച്ചാൽ അത് നിനക്ക് നല്ലതായിരിക്കും. ഉബയ്യ് (റ) പറഞ്ഞു: ഞാൻ എന്റെ എല്ലാ പ്രാർത്ഥകളും അങ്ങയ്ക്കാക്കിയാലോ. അപ്പോൽ നബി (സ്വ) മറുപടി പറഞ്ഞു: എന്നാൽ നിന്റെ എല്ലാ ദുഖങ്ങളും മാറുകയും എല്ലാ ദോഷങ്ങളും പൊറുക്കപ്പെടുകയും ചെയ്യും (ഹദീസ് തുർമുദി 2457).
ഐഹിക ലോകത്ത് മനസ്സമാധാനവും സന്തുഷ്ടിയും ആഗ്രഹിക്കുകയും, പാരത്രിക ലോകത്ത് പാപമുക്തനായി സ്വർഗസ്ഥനാവാനും ആഗ്രഹിക്കുന്നവർ നിത്യമായി നബി (സ്വ)യുടെ മേൽ സ്വലാത്ത് ചൊല്ലിക്കൊള്ളട്ടെ. അല്ലാഹുവും മലക്കുകളും നബി (സ്വ)യുടെ മേൽ സ്വലാത്ത് ചൊല്ലുന്നുണ്ട്. സത്യവിശ്വാസകൾ നബി (സ്വ)യുടെ മേൽ സ്വലാത്തും സലാമും ചൊല്ലാനാണ് അല്ലാഹുവിന്റെ കൽപനയെന്ന് വിശുദ്ധ ഖുർആനിൽ കാണാം (സൂറത്തുൽ അഹ്‌സാബ് 56). സ്വലാത്തിന് പല അർത്ഥതലങ്ങളുണ്ട്. നിരുപാധിക സ്വലാത്ത് എന്നാൽ പ്രാർത്ഥനയാണ്. നമസ്‌ക്കാരത്തിന് ഉപയോഗിക്കുന്ന അറബി ഭാഷാ സാങ്കേതിക പദപ്രയോഗം സ്വലാത്ത് എന്നാണ്. അല്ലാഹുവിന്റെ സ്വലാത്ത് എന്നാൽ അനുഗ്രഹ കാരുണ്യവർഷമാണ്. മലക്കുകളുടെ സ്വലാത്ത് പശ്ചാത്താപ തേട്ടവുമാണ്. മനുഷ്യരിൽ നിന്നുള്ള സ്വലാത്ത് പ്രാർത്ഥനയുമാണ്.
ഒരാൾ നബി (സ്വ)യുടെ മേൽ ഒരു സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു അവനിക്ക് പത്തു സ്വലാത്ത് (അനുഗ്രഹം) ചെയ്യുമത്രെ (ഹദീസ് മുസ്ലിം 384). സ്വലാത്ത് ചൊല്ലുന്നവന് മലക്കുകളുടെ പ്രാർത്ഥനയുമുണ്ടാവും. നബി (സ്വ) പറയുന്നു: ഒരാൾ എന്റെ മേൽ സ്വലാത്ത് ചൊല്ലുന്ന സമയമത്രയും മലക്കുകൾ അവനിക്കായി പ്രാർത്ഥിച്ചു കൊണ്ടിരിക്കും, അതിനാൽ സ്വലാത്ത് കുറക്കുകയോ കൂട്ടുകയോ ചെയ്യട്ടെ (ഹദീസ് അഹ്‌മദ് 15689, ഇബ്‌നു മാജ 907). നമ്മുക്ക് നബി (സ്വ) മേലുള്ള സ്വലാത്തുകൾ അധികരിപ്പിക്കാം. അങ്ങനെ നമ്മുടെ ഹൃദയങ്ങൾ പ്രവാചകാനുരാഗത്താൽ പുലകമണയട്ടെ. പ്രവാചക ചര്യ പൂർണാർത്ഥത്തിൽ പിൻപറ്റാനും പുണ്യ സ്വഭാവങ്ങൾ ജീവിതത്തിൽ പകർത്താനും അവസരമാവട്ടെ. താങ്കൾ അതി മഹത്തായ സ്വഭാവത്തിനുടമയാണെന്നാണ് നബി (സ്വ)യെ പുകഴ്ത്തിക്കൊണ്ട് അല്ലാഹു ഖുർആനിൽ പറഞ്ഞിരിക്കുന്നത് (സൂറത്തുൽ ഖലം 4).
ബാങ്ക് വിളി കഴിഞ്ഞയുടനെ സ്വലാത്ത് ചൊല്ലൽ പ്രത്യേകം പുണ്യകരമാണ്. നബി (സ്വ) പറയുന്നു: നിങ്ങൾ ബാങ്ക് വിളി കേട്ടാൽ അതിലെ വാക്കുകൾ അതേപടി ചൊല്ലുക, ശേഷം എന്റെ മേൽ സ്വലാത്ത് ചൊല്ലുക (ഹദീസ് മുസ്ലിം 384). വെള്ളിയാഴ്ചയാണ് സ്വലാത്ത് ചൊല്ലൽ കൂടുതൽ പ്രതിഫലാർഹമായ ദിവസം. ശ്രേഷ്ഠ ദിവസമായ വെള്ളിയാഴ്ച ദിവസത്തിൽ സ്വലാത്ത് അധികരിപ്പിക്കാനാണ് നബി (സ്വ) അരുൾ ചെയ്തിരിക്കുന്നത്. ആ സ്വലാത്തുകൾ നബി (സ്വ)ക്ക് നേരിട്ട് എത്തുമത്രെ (ഹദീസ് അബൂദാവൂദ് 1531, നസാഈ 1374, ഇബ്‌നു മാജ 1085).

