ഉപ്പ എന്ന കാവലാൾ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 05/11/2021

വിഷയം: പിതാവിന്റെ ഉത്തരവാദിത്വങ്ങൾ


കുടുംബത്തിന്റെ കരുതലും കാവലുമാണ് പിതാവ്. മക്കളുടെ കാര്യങ്ങളിൽ ചുമതല വഹിക്കുന്നളുമാണ് പിതാവ്. പിതൃത്വത്തിന് അല്ലാഹുവിങ്കൽ മഹനീയ സ്ഥാനവും മാനവുമാണുള്ളത്. അതു കൊണ്ടാണ് വിശുദ്ധ ഖുർആനിൽ സത്യം ചെയ്ത് പറഞ്ഞിരിക്കുന്നത്: 'പിതാവിനെയും സർവസന്തതികളെയും കൊണ്ടും ഞാൻ ശപഥം ചെയ്യുന്നു' (സൂറത്തുൽ ബലദ് 03). ആദി പിതാവ് ആദം നബി (അ)യാണ് പ്രസ്തുത സൂക്തത്തിൽ പറയപ്പെട്ട പിതാവ്. 

ഓരോ പിതാവിനും പവിത്രമായ ഉത്തരവാദിത്വങ്ങളാണ് പരിശുദ്ധ ഇസ്ലാം നിഷ്‌കർഷിക്കുന്നത്. നബി (സ്വ) പറയുന്നു: അല്ലാഹു ഓരോ ഉത്തരവാദിത്വപ്പെടയാളോടും അവരുടെ ഭരണീയ കാര്യങ്ങളെക്കുറിച്ച് ചോദ്യം ചെയ്യുന്നതായിരിക്കും. പരിരക്ഷിച്ചോ? പാഴാക്കിയോ? എന്ന്. എത്രത്തോളമെന്നാൽ പുരുഷനെ അവന്റെ കുടുംബകാര്യങ്ങളിൽ ചോദ്യം ചെയ്യുന്നതായിരിക്കും (ഹദീസ് സ്വഹീഹു ഇബ്‌നു ഹിബ്ബാൻ 10/344).

മക്കൾക്ക് സൃഷ്ടാവുമായുള്ള ബന്ധം ഊഷ്മളമാക്കേണ്ടതും മനസ്സിൽ ദൈവഭയം പിറപ്പിക്കേണ്ടതും പിതാവിന്റെ ബാധ്യതയാണ്. ഇബ്രാഹിം നബി (അ) സ്വന്തം മക്കളെ ദൈവികത പരിചയപ്പെടുത്തി സത്യപന്ഥാവിലേക്ക് വഴിനടത്തുന്നത് ഖുർആൻ വിവരിക്കുന്നുണ്ട്: ഇബ്രാഹിം നബിയും യഅഖൂബ് നബിയും സ്വന്തം പുത്രന്മാരോട് ഇങ്ങനെ ഉപദേശിച്ചു: 'പ്രിയ മക്കളേ, അല്ലാഹു നിങ്ങൾക്ക് ഈ മതം പ്രത്യേകം തെരഞ്ഞെടുത്തു തന്നതാണ്, അതു കൊണ്ട് മുസ്ലികളായല്ലാതെ നിങ്ങൾ മരിച്ചു പോകരുത്' (സൂറത്തു ബഖറ 132). 

മക്കൾക്ക് സുരക്ഷയൊരുക്കലും പ്രതിബന്ധങ്ങളിൽ നിന്ന് പ്രതിരോധം തീർക്കേണ്ടതും ഉപ്പയുടെ ബാധ്യതയാണ്. നൂഹ് നബി (അ) സ്വന്തം മകൻ കൻആന്റെ ആത്മീയവും ഭൗതികവുമായ രക്ഷ ആഗ്രഹിച്ചതു കൊണ്ടാണ് ഉൽകിടിലം കൊണ്ട് കപ്പലിൽ കയറാൻ വിളിച്ചുപറഞ്ഞത് “പ്രിയാ പുത്രാ ഞങ്ങളൊന്നിച്ചു കയറൂ” (സൂറത്തു ഹൂദ് 42). അതാണ് പിതൃവായ്പ്. സ്‌നേഹവും ബാധ്യതാ ബോധവുമാണത്. 

മക്കൾക്ക് ജീവിതത്തിൽ നല്ല നല്ല അനുഭവജ്ഞാനങ്ങൾക്കുള്ള അവസരമുണ്ടാക്കിക്കൊടുക്കലും മറ്റുള്ളവരുമായുള്ള നല്ല രീതിയിൽ ഇടപഴകാനും പെരുമാറാനും പഠിപ്പിക്കേണ്ടതും പിതൃബാധ്യതകളാണ്. യഥാർത്ഥ പാരമ്പര്യ മൂല്യങ്ങളും സുകൃതശീലങ്ങളും ക്രിയാത്മക ചിന്തകളും മക്കളിൽ ഉണ്ടാക്കിയെടുക്കണം.

തലമുറകൾ വളരുന്നത് പിതാവ് പഠിപ്പിച്ച ശീലങ്ങളിലൂടെയാണെന്നാണ് അബുൽ അലാഉൽ മഅ്‌റി എന്ന അറബ് കവി പാടിയത്. 

പിതാവിന്റെ ജീവിതം കുടുംബത്തിനുള്ള സമർപ്പണമാണ്. മക്കളോടൊപ്പമുള്ള നേരംപോക്കുകളാണ് ആ ജീവിതത്തെ ഏറെ സന്തോഷകരമാക്കുന്നത്. സദാ അവരോട് സ്‌നേഹം പ്രകടിപ്പിക്കലും സന്തോഷം പകരലും വാത്സല്യം കാണിക്കലുമെല്ലാം നല്ല പിതാവിന്റെ ലക്ഷണങ്ങളാണ്. നബി (സ്വ) ചെറിയ പേരക്കുട്ടിയെ കണ്ടാൽ തട്ടിയെടുത്ത് സ്‌നേഹചുംബനങ്ങൾ നൽകുമായിരുന്നു. ഇതു കണ്ട അഖ്‌റഉ ബ്‌നു ഹാബിസ് എന്നയാൾ ചോദിച്ചു: എനിക്ക് പത്തു മക്കളുണ്ട്, ഞാനിന്നു വരെ അവരിൽ നിന്നാരെയും ചുംബിച്ചിട്ടില്ല. അപ്പോൾ നബി (സ്വ) അയാളിലേക്ക് നോക്കി പറഞ്ഞു: കരുണ ചെയ്യാത്തവർക്ക് കരുണ കിട്ടുകയില്ല (ഹദീസ് ബുഖാരി, മുസ്ലിം). 

ഇതു നബി (സ്വ)യുടെ ജീവിത സന്ദേശമാണ്. ഓരോ പിതാവും മക്കൾക്ക് സ്‌നേഹവായ്പുകൾ നൽകി കുടുംബ ജീവിതം സന്തുഷ്ടകരമാക്കണമെന്നുള്ള സന്ദേശം. പിതാവായിരിക്കും മക്കളുടെ റോൾ മോഡൽ. പിതാവിന്റെ സ്വഭാവങ്ങളും പെരുമാറ്റങ്ങളും മക്കളെയും സ്വാധീനിക്കുന്നതാണ്. മക്കളോടൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തണം. അവരുടെ ആവലാതികൾ കേൾക്കണം. ആവശ്യങ്ങൾ അറിയണം. നല്ല സൗഹൃദങ്ങളെ മാത്രം തെരഞ്ഞെടുക്കാനുള്ള പ്രചോദനം നൽകണം. അവരുടെ കഴിവുകളും കലകളും പരിപോഷിപ്പിക്കാനുള്ള വഴികൾ കണ്ടെത്തുകയും വേണം. അങ്ങനെയുള്ള മക്കൾ സ്വന്തത്തിനും കുടുംബത്തിനും എന്നല്ല നാടിന് തന്നെ അഭിമാനിമായിത്തീരും തീർച്ച.


back to top