ഇസ്തിഗ്ഫാറിലൂടെ ഉപജീവനവും അതിജീവനവും

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 12/11/2021

വിഷയം: പാപമോചന തേട്ടം


നബി (സ്വ) പറയുന്നു: അല്ലാഹു പറയുന്നുണ്ട്: ആദം സന്തതിയേ, നിന്റെ ദോഷങ്ങൾ ആകാശം മുട്ടെ അധികമായിരിക്കേ നീ എന്നോട് പാപമോചനം തേടിയാൽ ഞാൻ നിനക്ക് പൊറുത്തു തരും, ആധിക്യം വിഷമാക്കില്ല (ഹദീസ് തുർമുദി 3540). ഖുദ്‌സിയ്യായ ഹദീസിലൂടെ അല്ലാഹു പറയുന്നു: എന്റെ അടിമകളേ, നിങ്ങൾ രാത്രിയു പകലും പാപങ്ങൾ ചെയ്യുന്നുണ്ട്. ഞാൻ ദോഷങ്ങളെല്ലാം പൊറുത്തു മാപ്പാക്കിതരുന്നതായിരിക്കും. അതിനായി നിങ്ങൾ എന്നോട് പാപമോചനം തേടണം. അങ്ങനെ ഞാൻ നിങ്ങൾക്ക് പാപമുക്തി നൽകും (ഹദീസ് മുസ്ലിം 55).

ഇസ്തിഗ്ഫാറെന്നാൽ ദോഷങ്ങൾ കാരണം ശിക്ഷിക്കാതെ അവ മായ്ച്ചുകളയാൻ മനുഷ്യൻ അല്ലാഹുവിനോട് നടത്തുന്ന അഭ്യർത്ഥനയാണ്. ഇസ്തിഗ്ഫാർ നടത്താൻ അല്ലാഹു ഖുർആനിലൂടെ നിരവധി സ്ഥലങ്ങളിൽ നിർദേശിക്കുന്നതായി കാണാം. ഉദാഹരണത്തിന്, 'നബിയേ പറയുക, നാഥാ എനിക്ക് പൊറുത്തു തരികയും കരുണ ചൊരിയുകയും ചെയ്താലും, കാരുണ്യവാന്മാരിൽ ഏറ്റം ഉൽകൃഷ്ടനാണല്ലോ നീ (സൂറത്തുൽ മുഅ്മിനൂൻ 118). 

പാപസുരക്ഷിതരായ നബിമാർ അല്ലാഹുവിലേക്ക് അടുത്തത് ഇസ്തിഗ്ഫാറിലൂടെയാണ്. മൂസാ നബി (അ) ഇസ്തിഗ്ഫാർ നടത്തിയത് ഖുർആൻ വിവരിക്കുന്നുണ്ട്: ഞങ്ങൾക്കു നീ പൊറുത്തു തരികയും കരുണ വർഷിക്കുകയും ചെയ്യേണമേ. കരുണ ചെയ്യുന്നവരിൽ ഉത്തമനാണ് നീ (സൂറത്തുൽ അഅ്‌റാഫ് 151). മുഹമ്മദ് നബി (സ്വ) പറയുന്നത് അല്ലാഹു ഉദ്ധരിക്കുന്നുണ്ട്: നിങ്ങൾ നാഥനോട് പശ്ചാത്തപിക്കുകയും അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കിൽ ഒരു നിശ്ചിത അവധിവരെ നിങ്ങൾക്കവൻ ഉത്തമജീവിതം നൽകും. ഉദാത്ത പദവിയുള്ളവർക്കെല്ലാം പരലോകത്ത് അവന്റെ ഔദാര്യം കനിഞ്ഞേകുന്നതുമാണ് (സൂറത്തു ഹൂദ് 3). 

ഇസ്തിഗ്ഫാർ ഒരു ആരാധനാ കർമ്മമാണ്, അതു കാരണം അല്ലാഹു അനുഗ്രഹങ്ങൾ ചൊരിയുന്നതാണ്. സൂറത്തു ന്നംല് 46ാം സൂക്തത്തിലൂടെ അല്ലാഹു ചോദിക്കുന്നുണ്ട്: അല്ലാഹുവോട് നിങ്ങൾ പാപമോചനമർത്ഥിക്കാത്തതെന്ത്? എങ്കിൽ നിങ്ങളുടെ മേൽ കരുണ ചൊരിയപ്പെട്ടേക്കാമല്ലോ!.  ഇസ്തിഗ്ഫാർ ചെയ്യുന്നവർക്ക് അല്ലാഹു ഭക്ഷണ വിശാലതയും ആയുസ് ദൈർഘ്യവുമടക്കം സൗഖ്യകരമായ ഉപജീവനം നൽകി അനുഗ്രഹിക്കുകയും ചെയ്യുന്നതാണ്. നൂഹ് നബി (അ) ജനതയെ ഉൽബോധിപ്പിച്ചത് ഇങ്ങനെ: നിങ്ങൾ നാഥനോട് മാപ്പിന്നപേക്ഷിക്കൂ, നിശ്ചയം ധാരാളമായി പാപങ്ങൾ പൊറുക്കുന്നവനാണവൻ, എങ്കിൽ നിങ്ങൾക്കവൻ പേമാരി വർഷിക്കുകയും സമ്പത്തും സന്താനങ്ങളും കൊണ്ട് അനുഗ്രഹിക്കുകയും ആരാമങ്ങളും അരുവികളും സംവിധാനിച്ചു തരികയും ചെയ്യുന്നതാണ് (സൂറത്തു നൂഹ് 10,11, 12).  

പാപമോചന തേട്ടം രാത്രിയും പകലും ഏതു സമയത്തും പുണ്യകരമാണ്. എന്നാൽ പുലർച്ചാ സമയമാണ് അഭികാമ്യം. പുണ്യവാന്മാരായ സൽജനങ്ങളെ 'രാത്രിയുടെ അന്തിമയാമങ്ങളിൽ പാപമോചനമർത്ഥിക്കുന്നവരെ'ന്നാണ് അല്ലാഹു സ്തുതിച്ചുപറഞ്ഞിരിക്കുന്നത് (സൂറത്തു ദ്ദാരിയാത്ത് 18). സദസ്സിൽ ഇസ്തിഗ്ഫാർ അധികരിക്കൽ അതിനെ പ്രൗഢമാക്കുന്നതായിരിക്കും. ഇബ്‌നു ഉമർ (റ) റിപ്പോർട്ട് ചെയ്യുന്നു: ഒരു സദസ്സിൽ വെച്ച് നബി (സ്വ) ഇസ്തിഫാർ ചെയ്യുന്ന കണക്കെടുത്താൽ നൂറു പ്രാവശ്യം പാപമോചനം തേടുന്ന പ്രത്യേകം വാക്യങ്ങൾ പറഞ്ഞതായി കണ്ടെത്താനാകും (ഹദീസ് അബൂ ദാവൂദ് 1516, തുർമുദി 3434, ഇബ്‌നുമാജ 3814). ഇസ്തിഗ്ഫാറിനുള്ള ധാരാളം വാക്യങ്ങൾ നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട് , “അസ്തഗ്ഫിറുല്ലാഹ് വഅതൂബു ഇലൈഹി” അവയിലൊന്നാണ് (ഹദീസ് മുസ്ലിം 484).




back to top