തപിക്കുന്ന മനസ്സോടെ നാഥനിലേക്ക് മടങ്ങാം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 27/05/2022

വിഷയം: അല്ലാഹുവിലേക്കുള്ള ഖേദിച്ചു മടക്കം (ഇനാബത്ത്)

പാപങ്ങളിൽ പശ്ചാത്തപിച്ചു മടങ്ങുന്നവരെ അല്ലാഹുവിന് ഇഷ്ടമാണ്. നന്നായി ഖേദിച്ചു മടങ്ങുകയും നിയമങ്ങൾ കാത്തുസൂക്ഷിക്കുകയും അദൃശ്യതയിൽ പരമ കാരുണികനായ അല്ലാഹുവിനെ പേടിക്കുകയും വിനയാന്വിത ഹൃദയവുമായി വരികയുകയും ചെയ്തവർക്ക്് സ്വർഗം സമീപസ്ഥമാക്കപ്പെടുമെന്നാണ് സൂറത്തു ഖാഫ് 31, 32, 33, 34 സൂക്തങ്ങളിലൂടെ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇനാബത്ത് എന്നാൽ ഖേദിച്ചു മടക്കമെന്നാണ് വാക്കർത്ഥം. അതായത് ചെയ്ത തെറ്റുകളിൽ നിന്ന് തിരിച്ചോടി തപിക്കുന്ന മനസ്സോടെ അല്ലാഹുവിലേക്ക് അടുക്കുകയും അവനിലേക്ക്് പരമമായി വണക്കം ചെയ്യലും അവന്റെ തൃപ്തി മാത്രം കാംക്ഷിക്കലുമാണത്. നാഥനിലേക്ക് ഖേദിച്ചു മടങ്ങാൻ ഖുർആനിൽ നിർദേശിക്കപ്പെടുന്നുണ്ട് (സൂറത്തു സ്സുമർ 54). 

പ്രവാചകന്മാരെല്ലാം ഇനാബത്തെന്ന മഹത്തായ വിശേഷണം ഉടയവരായിരുന്നു. നിശ്ചായം ഇബ്രാഹിം നബി മികച്ച ക്ഷമാശാലിയും ഏറെ വിനയാന്വിതനും പശ്ചാത്താപിയുമത്രെ (സൂറത്തു ഹൂദ് 75). ശുഐബ് നബി (അ) പറയുന്നുണ്ട്: എന്റെ സഹായം അല്ലാഹുവനെക്കൊണ്ടുമാത്രമാണ്, അവനിലേക്കു ഞാൻ കാര്യങ്ങൾ ഭരമേൽപിക്കുകയും ഖേദിച്ചുമടങ്ങുകയും ചെയ്യുന്നു (സൂറത്തു ഹൂദ് 88).

നമ്മുടെ നബി (സ്വ)യും ഇനാബത്ത് ചെയ്തിരുന്നു. രാത്രി നമസ്‌കാരത്തിൽ പ്രത്യേകമായി ഇനാബത്തിന്റെ ദിക്‌റ് ചൊല്ലിയിരുന്നു (ബുഖാരി, മുസ്ലിം).  

പൂർണ മനസ്സോടെ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങാനുള്ള (ഇനാബത്ത് ചെയ്യാനുള്ള) ഒരു മാർഗമാണ് പരിശുദ്ധ ഖുർആൻ പാരായണം ചെയ്യലും അർത്ഥങ്ങൾ മനസ്സിലാക്കലും. അല്ലാഹുവിന്റെ സൃഷ്ടി വൈഭവത്തിൽ ചിന്തിച്ചാലും ഇനാബത്ത് സാധ്യമാണ്. അല്ലാഹു പറയുന്നു: തങ്ങൾക്കു മീതെയുള്ള ആകാശത്തേക്കവർ നോക്കുന്നില്ലേ. ഒരു വിടവുകളുമില്ലാതെ എങ്ങനെയാണ് നാമത് നിർമിച്ചിട്ടുള്ളതും അലങ്കരിച്ചിട്ടുള്ളതുമെന്ന്. ഭൂമിയാകട്ടെ, നാം പ്രവിശാലമാക്കുകയും വശ്യമായ സർവവിധ സസ്യലതാദിജോടികളും മുളപ്പിക്കുകയും ചെയ്തു. സത്യത്തിലേക്കു മടങ്ങുന്ന ഏതൊരടിമക്കും കണ്ടുഗ്രഹിക്കാനും ഓർക്കാനും വേണ്ടി (സൂറത്തു ഖാഫ് 6, 7, 8). 

ഇനാബത്ത് ചെയ്യുന്നവൻ സ്വൽസ്വഭാവ സൽഗുണനായിരിക്കും. മാതാപിതാക്കളോടും ഭാര്യ മക്കളോടും ബന്ധക്കാരോടും മറ്റു ആൾക്കാരോടുമെല്ലാം നന്നായി വർത്തിക്കും. കുടുംബ ബന്ധം നിലനിർത്തുന്നവനായിരിക്കും. മറ്റുള്ളവരോടും കരുണയും അനുകമ്പയും ദയയും കാണിക്കും. നബി (സ്വ) സ്വർഗത്തിൽ പ്രവേശിക്കുന്നവരായി എണ്ണിപ്പറഞ്ഞ മൂന്നു വിഭാഗം ആൾക്കാരിൽ കരുണയും ഹൃദയ നൈർമല്യമുള്ളവരുമുണ്ട് (ഹദീസ് മുസ്ലിം 2865). 

സന്മാർഗ ദർശനത്തിലേക്കുള്ള പ്രധാന മാർഗമാണ് ഇനാബത്ത്. പശ്ചാത്തപിച്ചു മടങ്ങിയവരെ അല്ലാഹു മാർഗ ദർശനം ചെയ്യുന്നുവെന്ന് സൂറത്തു റഅ്ദ് 27ാം സൂക്തത്തിലുണ്ട്. ഇനാബത്ത് ദൈവ ഭയഭക്തി ഉണ്ടാവാനും തെറ്റുകുറ്റങ്ങൾ ഒഴിവാക്കാനും സ്വർഗത്തിൽ പ്രവേശിക്കാനും കരുണാമയനായ അല്ലാഹുവിനെ ദർശിക്കാനും വഴിതെളിക്കുന്നതാണ്. അല്ലാഹു പറയുന്നു: അദൃശ്യതയിൽ പരമ കാരുണികനെ പേടിക്കുകയും വിനയാന്വിത ഹൃദയവുമായി വരികയും ചെയ്ത നിങ്ങൾക്കുള്ള വാഗ്ദത്ത സ്വർഗമിതാ.. സമാധാനസമേതം നിങ്ങളതിൽ പ്രവേശിച്ചുകൊള്ളുക. ശാശ്വത നിവാസ ദിനമാണത്. തങ്ങളുദ്ദേശിക്കുന്നതെന്തും അവർക്കവിടെയുണ്ടാകും. നമ്മുടെയടുത്താകട്ടെ കൂടുതൽ നൽകാനുമുണ്ട് (സൂറത്തു ഖാഫ് 33, 34, 35). അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുന്നവരേ ചിന്തിച്ചു പാഠമുൾക്കൊള്ളുകയുള്ളൂ (സൂറത്തു ഖാഫിർ 13).


back to top