മാതാപിതാക്കളുടെ തൃപ്തി സ്വർഗത്തിലേക്കുള്ള പാതയാണ്

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 03/06/2022

വിഷയം: മാതാപിതാക്കൾക്ക് ഗുണം ചെയ്യൽ

മാതാപിതാക്കളോട് നന്മ ചെയ്യാൻ അല്ലാഹു കൽപ്പിച്ചതാണ്. സ്രഷ്ടാവിനെ ആരാധിക്കാനും അനുസരിക്കാനും അനുശാസിക്കുന്നതോടൊപ്പമാണ് മാതാപിതാക്കളോടും ഗുണമുള്ളവരാവാൻ പറഞ്ഞിരിക്കുന്നത്. തനിക്കല്ലാതെ നിങ്ങൾ ആരാധനകളർപ്പിക്കരുതെന്നും മാതാപിതാക്കളോട് ഉദാത്ത സമീപനം പുലർത്തണമെന്നും താങ്കളുടെ നാഥൻ വിധിച്ചിരിക്കുന്നു, അവരിലൊരാളോ ഇരുവരും തന്നെയോ വാർധക്യപ്രാപ്തരായി നിന്റെ സമീപത്തുണ്ടാകുന്നുവെങ്കിൽ അവരോട് ഛെ എന്നു പോലും പറയുകയോ കയർത്തു സംസാരിക്കുകയോ ചെയ്യരുത്. ആദരപൂർണമായ വാക്കുകൾ പറയുകയും അവരിരുവർക്കും താഴ്ത്തിക്കൊടുക്കുകയും ഇങ്ങനെ പ്രാർത്ഥിക്കുകയും വേണം: 'രക്ഷിതാവേ ഇവരിരുവരും എന്നെ ചെറുപ്പത്തിൽ പോറ്റിവളർത്തിയതു പോലെ ഇവർക്ക് നീ കാരുണ്യം ചൊരിയേണമേ' (സൂറത്തു ഇസ്‌റാഅ് 23, 24).

അവരോട് ഗുണം ചെയ്യമെന്നത് അല്ലാഹുവിന്റെ വസ്വിയ്യ ത്താണ്. 'മാതാപിതാക്കളോട് ഉദാത്ത സമീപനം പുലർത്തണമെന്ന് മനുഷ്യനോട് നാം കൽപിച്ചു' (സൂറത്തുൽ അഹ്ഖാഫ് 15). 

അവരെ സന്തോഷിപ്പിക്കുന്ന ഏതു നല്ല പ്രവർത്തനവും വാക്കും ഉദാത്തമാണ്. അവരുടെ മഹത്വമംഗീകരിക്കലും അവരോട് നന്ദി കാണിക്കലുമാണ് പ്രഥമമായി വേണ്ടത്. സൂറത്തു ലുഖ്മാൻ 14ാം സൂക്തത്തിൽ കാണാം: 'മാതാവ് അവനെ ഗർഭത്തിൽ ചുമന്നത് മേൽക്കുമേൽ ബലഹീനതയോടെയാണ്. അവന്റെ മുലയൂട്ടൽ നിർത്തുക രണ്ടു വർഷം കൊണ്ടത്രേ. അതുകൊണ്ട് എനിക്കും മാതാപിതാക്കൾക്കും നീ കൃതജ്ഞത പ്രകാശിപ്പിക്കണം'.

മാതാപിതാക്കൾ അവരുടെ ജീവിതത്തിലെ ശോഭന ഘട്ടമാണ് മക്കളെ വളർത്താനും പരിപാലിക്കാനും വിനിയോഗിക്കുന്നത്. ഉറക്കമൊഴിച്ചും മെയിമറന്നുമാണ് അവർ മക്കളെ പോറ്റാൻ മെനക്കെടുന്നത്. ഇതിന് പകരമായി ഓരോർത്തരും അവരോട് കടമപ്പെട്ടിരിക്കുന്നു. അവർക്ക് സേവനം ചെയ്തും ആവശ്യ കാര്യങ്ങൾ ചെയ്തു കൊടുത്തും അവർക്കായി സമയവും സമ്പത്തും ചെലവഴിച്ചും കടപ്പാടുകൾ ചെയ്യേണ്ടതുണ്ട്. ദാനധർമ്മങ്ങൾ നാം ആശ്രിതരായിരിക്കുന്ന മാതാപിതാക്കൾക്ക് നൽകി തുടങ്ങണമന്നാണ് നബി (സ്വ) നിർദേശിച്ചത് (ഹദീസ് നസാഈ 2532, സ്വഹീഹു ഇബ്‌നു ഹിബ്ബാൻ 14/519). 

അവരിൽ ഒരാളുടെയോ അവരിരുവരുടെയോ മരണ ശേഷവും ഗുണം ചെയ്യൽ തുടരണം. അവർക്കായി പ്രാർത്ഥിക്കണം. അവരുടെ ബന്ധക്കാരോട് ബന്ധം പുലർത്തണം. അവരുടെ കടങ്ങൾ വീട്ടണം. അവരുടെ പേരിൽ ദാനധർമ്മങ്ങൾ ചെയ്യണം. അവരുടെ സ്‌നേഹിതരോടും ബന്ധം നിലനിർത്തണം. പിതാവിന്റെ സ്‌നേഹിതരോട് ഗുണം ചെയ്യലാണ് ഏറ്റവും സുന്ദര സുകൃതമെന്നാണ് നബി (സ്വ) അരുൾ ചെയ്തത് (ഹദീസ് മുസ്ലിം 2552).

അല്ലാഹുവിന്റെ തൃപ്തി മാതാപിതാക്കളുടെ തൃപ്തിയിലാണ് (ഹദീസ് ബൈഹഖി 7830). അവരുടെ തൃപ്തി സ്വർഗത്തിലേക്കുള്ള പാതയാണ്. നബി (സ്വ) പറയുകയുണ്ടായി: ഞാൻ ഉറക്കിൽ സ്വർഗത്തിലായിരിക്കുന്നതായി സ്വപ്‌നം കണ്ടു, അവിടെ ഞാൻ ഒരാൾ ഖുർആൻ പാരായണം ചെയ്യുന്നത് കേട്ടു. ഞാൻ ചോദിച്ചു ഇതാരാണ്? ഇത് ഹാരിസതു ബ്‌നുൽ നുഅ്മാനാണെന്ന് ഉത്തരം കിട്ടി. ഇതേക്കുറിച്ച് നബി (സ്വ) പ്രതികരിച്ചു: ഇങ്ങനെയാണ് ഗുണം ചെയ്യുന്നവർ, ഇങ്ങനെയാണ് ഗുണം ചെയ്യുന്നവർ. ഹാരിസ (റ) ഉമ്മക്ക് നന്നായി ചെയ്യുന്നവരായിരുന്നു (ഹദീസ് അഹ്‌മദ് 25337).


back to top