ലാഭം മാത്രം തരുന്ന കച്ചവടങ്ങൾ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 10/06/2022

വിഷയം: നഷ്ടം വരാത്ത ഇടപാടുകൾ


സൂറത്തുൽ ഫാഥ്വിർ 29, 30 സൂക്തങ്ങളിലൂടെ അല്ലാഹു പറയുന്നുണ്ട്: 'നിശ്ചയം അല്ലാഹുവിന്റെ വേദം പാരായണം ചെയ്യുകയും നമസ്‌കാരം കൃത്യമായി നിർവ്വഹിക്കുകയും നാം നൽകിയ ധനം രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവർ പ്രത്യാശിക്കുന്നത് തീരേ നഷ്ടം വരാത്ത കച്ചവടമത്രേ'. ഖുർആൻ പാരായണം, നമസ്‌കാരം, ദാനധർമ്മം എന്നീ സൽക്കർമ്മങ്ങൾ ചെയ്യുന്നവർ സ്രഷ്ടാവുമായുള്ള ലാഭകരമായ ഇടപാടിൽ ഏൽപ്പെട്ടിരിക്കുകയാണെന്നും അവർക്ക് അതിനുള്ള പ്രതിഫലം ഇഹലോകത്തുവെച്ചു തന്നെ ലഭിക്കുമെന്നും പരലോകത്ത് വെച്ച് ഇരട്ടി ഫലങ്ങളും ഉയർന്ന സ്ഥാനങ്ങളും സ്വന്തമാക്കാനാവുമെന്നുമാണ് പ്രസ്തുത ആയത്തുകൾ അടിവരയിടുന്നത്. 

ഖുർആൻ പാരായണം സത്യവിശ്വാസിക്ക് അനുഗ്രഹങ്ങളിലേക്കുള്ള വാതായനമാണ്. മനസ്സിനും ശരീരത്തിനുമുള്ള രോഗ ശമിനി കൂടിയാണ്. മാത്രമല്ല വമ്പിച്ച പ്രതിഫലമാണ് ഖുർആൻ പാരായണത്തിനുള്ളത്. നബി (സ്വ) പറയുന്നു: അല്ലാഹുവിന്റെ ഗ്രന്ഥമായ ഖുർആനിൽ നിന്ന് ഒരക്ഷരം പാരായണം ചെയ്താൽ അതൊരു സുകൃതമാണ്, അതിന് പത്തിരട്ടി പ്രതിഫലമുണ്ടായിരിക്കും (ഹദീസ് തുർമുദി 2910). ഖുർആൻ പാരായണം ചെയ്യുമ്പോൾ ഐഹിക ലോകത്തിലെ പ്രതിഫലങ്ങളും സ്വർഗ ലോകത്തിലെ സ്ഥാനങ്ങളും വർദ്ധിതമായിക്കൊണ്ടിരിക്കും.

നമസ്‌കാരം അല്ലാഹു അടിമകൾക്ക് നിർബന്ധമാക്കിയ ആരാധനകളിൽ ഏറ്റവും ഇഷ്ടപ്പെട്ടതാണ്. സ്രഷ്ടാവുമായി സൃഷ്ടി ആമുഖബന്ധം പുലർത്തുന്ന കർമ്മം കൂടിയാണ് നമസ്‌കാരം. നമസ്‌കരിക്കുന്ന അടിമകൾക്ക് സമാധാനം പ്രദാനം ചെയ്യപ്പെട്ടതായിരിക്കും. നിർവ്വഹിക്കാൻ അഞ്ചു നമസ്‌കാരങ്ങളാണ് നിർബന്ധമാക്കിയതെങ്കിലും അമ്പതിന്റെ പ്രതിഫല ലബ്ധിയുണ്ടായിരിക്കും. നമസ്‌കാരം ദോഷങ്ങളെ മായ്ച്ചുകളയുകയും ആത്മീയ സ്ഥാനക്കയറ്റത്തിന് കാരണമാവുകയും ചെയ്യും. അല്ലാഹുവിന് ചെയ്യുന്ന ഓരോ സ്രാഷ്ടാങ്കത്തിനും ഓരോ സ്ഥാനക്കയറ്റം ലഭിക്കുമെന്നാണ് നബി (സ്വ) അറിയിച്ചത് (ഹദീസ് മുസ്ലിം 488).

ദാനധർമ്മം അല്ലാഹു നൽകിയ അനുഗ്രഹങ്ങളിലുള്ള നന്ദി പ്രകടനമാണ്. സമ്പത്തെല്ലാം അല്ലാഹു നൽകിയതാണ്. അത് അവൻ കൽപ്പിച്ച പ്രകാരം ചെലവഴിക്കുമ്പോഴാണ് കൂടുതൽ സമ്പന്നമാവുന്നത്. നന്മയിൽ ചെലവഴിച്ചാൽ അല്ലാഹു കൂടുതൽ നല്ല പകരങ്ങൾ നൽകുന്നതാണല്ലൊ. അല്ലാഹു പറയുന്നു: അല്ലാഹുവിന്റെ വഴിയിൽ തങ്ങളുടെ സമ്പത്ത് ചെലവഴിക്കുന്നവരുടെ ഉപമ ഒരു ധാന്യമണിയുടേതാണ്. അതു ഏഴു കതിരുകൾ ഉൽപാദിപ്പിച്ചു,  ഓരോന്നിലും നൂറുവീതം മണിയുണ്ട്. താനുദ്ദേശിക്കുന്നവർക്ക് ഇരട്ടിയായി അല്ലാഹു നൽകും (സൂറത്തുൽ ബഖറ 261). ഇതെല്ലാമാണ് ജീവിതത്തിലും മരണാനന്തരവും ലാഭങ്ങൾ സമ്മാനിക്കുന്ന ഇടപാടുകൾ. 

ഖുർആൻ പാരായണം, നമസ്‌കാരം, ദാനധർമ്മം ഈ സൽക്കർമ്മങ്ങൾ ഏറെ ആദായകരം തന്നെയാണ്. ഈ സുകൃതങ്ങൾ പുലർത്തുന്നവർക്ക് വമ്പിച്ച പ്രതിഫലവും പാപമോചനവും അനായാസ സ്വർഗ പ്രവേശവുമാണ് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നത്: 'അല്ലാഹുവിനെക്കുറിച്ച് അനുസ്മരിക്കപ്പെട്ടാൽ ഹൃദയങ്ങൾ പേടിച്ചു വിറകൊള്ളുകയും അവന്റെ സൂക്തങ്ങൾ പാരായണം ചെയ്യപ്പെട്ടാൽ വിശ്വാസം വർദ്ധിക്കുകയും തങ്ങളുടെ നാഥനിൽ സമസ്തവും അർപ്പിക്കുകയും ചെയ്യുന്നവർ മാത്രമാണ് സത്യവിശ്വാസികൾ. നമസ്‌കാരം നിലനിർത്തുകയും നാം നൽകിയതിൽ നിന്നു ചെലവഴിക്കുകയും ചെയ്യുന്നവർ, അവർ തന്നെയാണ് സാക്ഷാൽ വിശ്വാസികൾ. തങ്ങളുടെ രക്ഷിതാവിങ്കൽ ഒട്ടേറെ സ്ഥാനങ്ങളും പാപമോചനവും സമാദരണീയമായ ആഹാരവും അവർക്കുണ്ട് (സൂറത്തുൽ അൻഫാൽ 2, 3, 4). ഈ സൽക്കർമ്മങ്ങളുമായി അല്ലാഹുവിനോട് ഇടപാടുകൾ ചെയ്യുന്നവർക്ക് എന്നും ലാഭം മാത്രമായിരിക്കും, നഷ്ടമാവില്ലെന്ന് തീർച്ച.


back to top