അല്ലാഹു മഹോന്നതൻ, അനുഗ്രഹ സമ്പൂർണൻ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്



തീയ്യതി: 17/06/2022

വിഷയം: തബാറക അല്ലാഹു റബ്ബുൽ ആലമീൻ


അല്ലാഹു തന്നെ അവന്റെ മഹോന്നതിയും പരിശുദ്ധിയും വാഴ്ത്തുന്നത് ഖുർആനിൽ കാണാം: താങ്കളുടെ മഹോന്നതനും അത്യുദാരനുമായ നാഥന്റെ അഭിധാനം അനുഗ്രഹപൂർണമത്രേ (സൂറത്തു റഹ്‌മാൻ 78). പ്രപഞ്ച നാഥനായ അല്ലാഹു അനുഗ്രഹ സമ്പൂർണനത്രേ (സൂറത്തു ഗാഫിർ 64). മഹോന്നതനായ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ സമ്പൂർണവും സുസ്ഥിരവുമാണ്. അവന്റെ സുനിശ്ചിതമായ അധികാരം അവന്റെ നിയന്ത്രണത്തിൽ മാത്രമാണ്. രാജാധിപത്യം ആരുടെ കൈവശമാണോ അവൻ അനുഗ്രഹപൂർണനത്രേ (സൂറത്തുൽ മുൽക് 01). 

അവന്റെ വൈഭവങ്ങൾ എല്ലാ കാര്യങ്ങളിലും പ്രകടമാണ്. സൃഷ്ടിവൈഭവം ആശ്ചര്യകരം തന്നെ. ആകാശത്ത് നക്ഷത്ര ഭ്രമണപഥങ്ങളും ഒരു സൂര്യവിളക്കും പ്രകാശദായകമായ ചന്ദ്രനെയും സൃഷ്ടിച്ചവൻ അനുഗ്രഹ സമ്പൂർണത്രേ (സൂറത്തുൽ ഫുർഖാൻ 61). മനുഷ്യനെ അവൻ സുന്ദര കായത്തിലാണ് പടച്ചിരിക്കുന്നത്. മെച്ചപ്പെട്ട ആകാര സൗഷ്ഠവം നൽകുകയും വിശിഷ്ട ഭോജ്യങ്ങളിൽ നിന്ന് ഉപജീവനം തരികയും ചെയ്തത് നാഥനായ അല്ലാഹുവാണ്, പ്രപഞ്ച നാഥനായ അല്ലാഹു അനുഗ്രഹ സമ്പൂർണനത്രേ (സൂറത്തു ഗാഫിർ 64). 

നമ്മുടെ പ്രവാചകർ മുഹമ്മദ് നബി (സ്വ) അല്ലാഹുവിനെ ഉദ്ധരിച്ചു പറയുമ്പോൾ മഹോന്നതനും അനുഗ്രഹ പൂർണനുമായ അല്ലാഹു പറഞ്ഞുവെന്ന് വാഴ്ത്തി പറയുമായിരുന്നു (ഹദീസ് ബുഖാരി 4779). നബി (സ്വ) പഠിപ്പിച്ച തിലാവത്തിന്റെ സുജൂദിൽ ചൊല്ലേണ്ട ദിക്‌റിൽ കണ്ണും കാതും രൂപപ്പെടുത്തി ഏറ്റവും ശ്രേഷ്ഠമായ രീതിയിൽ സൃഷ്ടിക്കുന്ന അല്ലാഹു അനുഗ്രഹ സമ്പൂർണനായിരിക്കുന്നുവെന്നാണുള്ളത് (ഹദീസ് മുസ്ലിം 771). ഖുനൂത്ത് പ്രാർത്ഥന 'തബാറക്ത റബ്ബനാ വതആലയ്ത' (ഞങ്ങളുടെ നാഥാ, നീ അനുഗ്രഹ സമ്പൂർണനാണ്, മഹോന്നതനാണ്) എന്ന് ചൊല്ലി ഉപസംഹരിക്കാനാണ് നബി (സ്വ) പഠിച്ചത് (ഹദീസ് അബൂദാവൂദ് 1425, തുർമുദി 464, നസാഈ 1745, ഇബ്‌നു മാജ 1178).  നമസ്‌കാരത്തിൽ നിന്ന് സലാം വീട്ടിയ ഉടനെ ചൊല്ലേണ്ട ദിക്‌റിലും അല്ലാഹുവിന്റെ അനുഗ്രഹ സമ്പൂർണത വാഴ്ത്താനാണ് നബി (സ്വ) അധ്യാപനം ചെയ്തിരിക്കുന്നത് (ഹദീസ് മുസ്ലിം 591). അത്തരത്തിൽ അനവധി ദിക്‌റുകളും പ്രാർത്ഥനകളും നബി (സ്വ) അനുചരന്മാർക്ക് വസ്വിയ്യത്തായി ചൊല്ലിക്കൊടുത്തിട്ടുണ്ട് (ഹദീസ് അഹ്‌മദ് 2/130 , സുനനുൽ കുബ്‌റാ നസാഈ 10391).

അല്ലാഹുവിന്റെ മഹോന്നതി വാഴ്ത്തുന്നയാളുടെ സത്യവിശ്വാസം രൂഢമൂലമായിരിക്കും. സ്രഷ്ടാവിനോട് അനുസരണയും വണക്കവും ശക്തമായുണ്ടാവും. അല്ലാഹു അവനെ ഇഷ്ടപ്പെടുകയും ജീവിതത്തിൽ സൗഭാഗ്യങ്ങൾ നൽകുകയും ചെയ്യും. ഈസാ നബി (അ) യുടെ ജീവിതം അത്തരുണത്തിൽ സൗഭാഗ്യപൂർണമായിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ വാഴ്ത്തിയ ഈസാ നബി (സ്വ) സ്വയം അനുഗ്രഹീതനാവുന്ന അവസ്ഥാ വിശേഷം ഖുർആൻ ഉദ്ധരിക്കുന്നുണ്ട് : ശിശുവായ ഈസാ നബി പ്രസ്താവിച്ചു: ഞാൻ അല്ലാഹുവിന്റെ അടിമയാണ്. അവൻ എനിക്ക് വേദം തരികയും പ്രവാചകത്വമേകുകയും എവിടെയാണെങ്കിലും എന്നെ അനുഗ്രഹീതനാക്കുകയും ചെയ്തിരിക്കുന്നു (സൂറത്തു മർയം 31). 

മുത്തു നബി (സ്വ)യുടെ സമുദായമായ നമ്മുക്ക് ഏകിയ വലിയൊരു അനുഗ്രഹമാണ് വിശുദ്ധ ഖുർആൻ. അതിലവൻ മഹത്വങ്ങൾ വിവരിച്ചതാണ്. അതനുസരിച്ച് ജീവിക്കുകയും അതിയായി പാരായണം ചെയ്യുകയും ചെയ്യുന്നവർക്ക് അല്ലാഹു അനുഗ്രഹങ്ങൾ ചൊരിയും. സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും. അല്ലാഹു പറയുന്നു: ഈ ഖുർആൻ നാമവതരിപ്പിച്ച അനുഗ്രഹീത ഗ്രന്ഥമത്രേ. അതുകൊണ്ട് നിങ്ങളത് അനുധാവനം ചെയ്യുകയും കൽപനകൾ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങൾക്ക് കാരുണ്യം വർഷിക്കപ്പെടാൻ വേണ്ടി (സൂറത്തുൽ അൻആം 155).


back to top