ബുദ്ധി മഹാ അനുഗ്രഹവും ഉത്തരവാദിത്വവുമാണ്

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 24.06.2022

വിഷയം: ബുദ്ധിയെന്ന മഹാനുഗ്രഹം


വിശുദ്ധ ഖുർആനിൽ അല്ലാഹു ആദം സന്തതികളായ മനുഷ്യരെ ആദരിച്ചുവെന്ന് പ്രസ്താവിക്കുന്നുണ്ട്. ഖുർആൻ പണ്ഡിതൻ കൂടിയായ സ്വഹാബി വര്യൻ ഇബ്‌നു അബ്ബാസ് (റ) വ്യാഖ്യാനിച്ചത് മനുഷ്യരെ അല്ലാഹു ബുദ്ധി നൽകി ആദരിച്ചുവെന്നാണ് (തഫ്‌സീറുൽ ബഖ്‌വി 5/108, തഫ്‌സീറുൽ ഖാസിൻ 3/137). ബുദ്ധിയെന്നത് മഹത്വമേറിയതും ഏറെ ഉപകാരങ്ങളുള്ളതുമായ അനുഗ്രഹമാണ്. അല്ലാഹു പറയുന്നു: യാതൊന്നും അറിഞ്ഞുകൂടാത്തവരായി നിങ്ങളെ ഉമ്മമാരുടെ വയറ്റിൽ നിന്നു അല്ലാഹു ബഹിർഗമിപ്പിക്കുകയും കൃതജ്ഞരാകാനായി നിങ്ങൾക്കവൻ കേൾവിയും കാഴ്ചയും ഹൃദയവും (ബുദ്ധി) നൽകുകയുമുണ്ടായി (സൂറത്തു ന്നഹ്‌ല് 78). സത്യവിശ്വാസിയെ സംബന്ധിച്ചടുത്തോളം ഈമാനിനാണ് അല്ലാഹു നൽകിയ അനുഗ്രഹങ്ങളിൽ വെച്ച് ഒന്നാം സ്ഥാനമെങ്കിൽ ബുദ്ധിക്കാണ് രണ്ടാം സ്ഥാനം. അങ്ങനെയാണ് പണ്ഡിതർ അഭിപ്രായപ്പെട്ടിരിക്കുന്നത്. 

ബുദ്ധിയെന്ന മഹാ അനുഗ്രഹത്തിന് അല്ലാഹുവിനോട് ഏറെ കടപ്പാടും നന്ദിയും കാട്ടേണ്ടിയിരിക്കുന്നു. ബുദ്ധിയെ അവൻ കൽപ്പിച്ച പ്രകാരം ഉപയോഗപ്പെടുത്തലാണ് അതിനുള്ള നന്ദി പ്രകടനം. അല്ലാഹുവിന്റെ സൃഷ്ടി കർമ്മ കഴിവുകളിലും നിർമാണ വൈഭവങ്ങളിലും ബുദ്ധി ഉപയോഗിച്ച് ചിന്തിക്കലും നന്ദി മാർഗമാണ്. എന്നാലാണ് അല്ലാഹുവിന്റെ മഹത്വം കൂടുതൽ കൂടുതൽ മനസ്സിലാക്കാനാവുക. അല്ലാഹു തന്നെ പറയുന്നുണ്ട്: ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകൾ മാറി മാറി വരുന്നതിലും ബുദ്ധിയുള്ളവർക്കു ധാരാളം അദ്ഭുത ദൃഷ്ടാന്തങ്ങളുണ്ട് (സൂറത്തു ആലു ഇംറാൻ 190). 

ബുദ്ധി ഉപയോഗിച്ചാണ് സത്യവിശ്വാസി സ്രഷ്ടാവിന്റെ വിശുദ്ധ വചനങ്ങൾ കേട്ടുമനസ്സിലാക്കി കൽപനകൾ അനുസരിക്കുകയും നിരോധനങ്ങളിൽ നിന്നു വിട്ടുനിൽക്കുന്നതും. 'താങ്കൾക്ക് നാമവതരിപ്പിച്ചു തന്ന അനുഗ്രഹീത ഗ്രന്ഥമാണിത്, ഇതിലെ സൂക്തങ്ങൾ ആളുകൾ ചിന്താവിധേയമാക്കുവാനും ബുദ്ധിശാലികൾ പാഠമുൾക്കൊള്ളാനും വേണ്ടി' (സൂറത്തു സ്വാദ് 29). 

നന്ദിപൂർവ്വം ബുദ്ധി പ്രയോഗിക്കുന്നവർ ആത്യന്തികമായി ഉപകാരപ്രദമായ ജ്ഞാനങ്ങളും വിവരങ്ങളുമായിരിക്കും ഗ്രഹിക്കുക. വിജ്ഞാനികൾ മാത്രമേ കാര്യങ്ങളെ യഥായോഗ്യം ഗ്രഹിക്കുകയുള്ളൂവെന്ന് അല്ലാഹു പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട് (സൂറത്തുൽ അൻകബൂത് 43).  ഇങ്ങനെ ബുദ്ധി പ്രയോഗിച്ചവർ ഉൽകൃഷ്ഠ സ്വഭാവികൾ കൂടിയായാൽ അതുല്യ സ്ഥാനത്തായിരിക്കുമത്. ബുദ്ധി പൂർണമായവർ സ്വഭാവ സംശുദ്ധരായിരിക്കുമെന്നാണ് കവികൾ പാടിയിരിക്കുന്നത്. ബുദ്ധിയെ സമൂഹത്തിൽ സമാധാനവും സഹിഷ്ണുതയും വിരിയിക്കും വിധം ഓരോർത്തരും പ്രായോഗികവൽക്കരിക്കേണ്ടിയിരിക്കുന്നു. 

ബുദ്ധി ഭാരിച്ച ഉത്തരവാദിത്വമാണ്. ശരിയായ രീതിയിൽ ഉപയോഗിച്ചുവോ എന്ന് ചോദ്യം ചെയ്യപ്പെടുന്നതായിരിക്കും. അല്ലാഹു പറയുന്നു: കേൾവി, കാഴ്ച, ഹൃദയം (ബുദ്ധി) എന്നിവയെപ്പറ്റിയൊക്കെ വിചാരണ നടത്തപ്പെടും (സൂറത്തുൽ ഇസ്‌റാഅ് 36). മനുഷ്യനെ അല്ലാഹു നന്മയും തിന്മയും, ഉപകാരവും ഉപദ്രവവും വക തിരിച്ചു മനസ്സിലാക്കി തരുന്ന ബുദ്ധി നൽകി അനുഗ്രഹിച്ചിരിക്കുകയാണല്ലൊ. ആ ബോധ്യത്തിന് ഭംഗം വരുത്തുംവിധം ബുദ്ധിയെ താൽക്കാലികമാണെങ്കിൽ പോലും മയക്കുകയോ അസ്ഥിരപ്പെടുത്തുകയോ അസാധുവാക്കുകയോ ചെയ്യുന്ന കാര്യങ്ങൾ ചെയ്യാതിരിക്കലും ബാധ്യതയാണ്. അത്തരം കാര്യങ്ങളിൽപ്പെട്ടതാണ് ലഹരി ഉപയോഗം. മത്ത് ഉളവാക്കുന്ന എല്ലാം നിഷിദ്ധമാണ്, കൂടുതൽ ഉപയോഗിച്ചാൽ ലഹരിയുണ്ടാക്കുന്നതിന്റെ കുറച്ച് ഉപയോഗിക്കലും നിഷിദ്ധമാണെന്നാണ് നബി (സ്വ) ഉൽബോധിപ്പിച്ചിരിക്കുന്നത് (ഹദീസ് അബൂദാവൂദ് 3681, തുർമുദി 1865, ഇബ്‌നു മാജ 3392). ലഹരി ആരോഗ്യവും സമ്പത്തും നശിപ്പിക്കുന്ന അപകടകാരിയാണ്. കുടുംബ ബന്ധം ഛിദ്രമാക്കുന്ന നാശമാണത്. 

യുഎഇ രാഷ്ട്രം ലഹരി വിരുദ്ധ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടത്തിക്കൊണ്ടിരിക്കുകയാണ്. ലഹരിക്കെതിരെ ഓരോർത്തരും ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.


back to top