യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 01/07/2022
വിഷയം: ദുൽഹിജ്ജയിലെ ആദ്യ പത്തു ദിനങ്ങൾ
സൂറത്തു ഫജ്‌റിന്റെ തുടക്കത്തിൽ അല്ലാഹു സത്യം ചെയ്തു പറയുന്ന പത്തു രാത്രികൾ ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്തു രാത്രികളാണ്. സൽകൃത്യങ്ങൾ കൂടുതൽ പ്രതിഫലങ്ങൾ കിട്ടുന്ന മഹത്തായ ദിവസങ്ങങ്ങളാണ് അല്ലാഹു ശപഥം ചെയ്തിരിക്കുന്ന ആ ദിന രാത്രങ്ങൾ. സൽപ്രവർത്തനങ്ങൾക്കായി അല്ലാഹുവിന് ഏറ്റവും ഇഷ്ട ദിനങ്ങളാണ് ഈ പത്തു ദിനങ്ങളെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് ബുഖാരി 969, അബൂദാവൂദ് 2438, തുർമുദി 757, ഇബ്‌നുമാജ 1727).
മഹത്വമേറിയ ദിവസങ്ങളാണ് ദുൽഹിജ്ജയിലെ ആദ്യ പത്ത്. സൽപ്രവർത്തനങ്ങൾക്ക് ഇരട്ടി പ്രതിഫലങ്ങൾ ലഭിക്കുന്ന, അല്ലാഹുവിങ്കൽ ഉയർന്ന സ്ഥാന ലബ്ധി നേടിത്തരുന്ന ഈ സുകൃത ദിനങ്ങളിൽ ചെയ്യാവുന്ന ഏറ്റവും മഹത്തായ സൽപ്രവർത്തനം ദിക്ർ തന്നെയാണ്. സൂറത്തു ഹജ്ജ് 28ാം സൂക്തത്തിൽ നിർണിത നാളുകളിൽ അല്ലാഹുവിന്റെ പേരുച്ചരിച്ച് ബലിയറുക്കാനുള്ള പരാമർശമുണ്ട്. ആ നിർണിത നാളുകൾ ദുൽഹിജ്ജയിലെ പത്തു ദിനങ്ങളാണ്. ഈ ദിവസങ്ങളിൽ ലാഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ, അൽഹംദുലില്ലാഹ് എന്നീ ദിക്‌റുകൾ അധികരിപ്പിക്കാനാണ് നബി (സ്വ) നിർദേശിച്ചിരിക്കുന്നത് (ഹദീസ് അഹ്‌മദ് 5446). ഇവ ഉരുവിട്ടാൽ ആകാശ വാതായനങ്ങൾ തുറക്കപ്പെടുമത്രെ. രാവിലെയും വൈകുന്നേരവും ഒരാൾ ഇവ ചൊല്ലുന്നത് കേൾക്കാനിടയായ നബി (സ്വ) അത്ഭുതം ഊറിക്കൊണ്ട്് ആ ദിക്‌റുകൾക്കായി ആകാശ വാതിലുകൾ മലർക്കെ തുറക്കപ്പെടുകയുണ്ടായി എന്നാണ് പറഞ്ഞത് (ഹദീസ് മുസ്ലിം 601). ദുൽഹിജ്ജയിൽ ഒമ്പതു ദിവസങ്ങളിൽ വ്രതാനുഷ്ഠാനം പുണ്യകരമാണ്. ദുൽഹിജ്ജയിലെ ഒമ്പതു ദിവസങ്ങളിൽ നബി (സ്വ) വ്രതമനുഷ്ഠിക്കുമായിരുന്നെന്ന് പ്രവാചക പത്‌നിമാർ സാക്ഷ്യപ്പെടുത്തുന്നുണ്ട് (ഹദീസ് അബൂദാവൂദ് 2437, നസാഈ 2372). ഹജ്ജ് ചെയ്യുന്നവർ അല്ലാത്തവർ അറഫാ ദിനത്തിൽ നോമ്പ് അനുഷ്ഠിക്കൽ നബി (സ്വ) പ്രത്യേകം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ആ ദിനത്തിലെ വ്രതം കഴിഞ്ഞ വർഷത്തെയും അടുത്ത വർഷത്തെയും പാപങ്ങൾ പൊറുപ്പിക്കാൻ മാത്രം പര്യാപ്തമാണെന്നാണ് നബി (സ്വ) മൊഴിഞ്ഞത് (ഹദീസ് മുസ്ലിം 624).
ഇങ്ങനെയുള്ള അനർഘ മുഹൂർത്തങ്ങൾ സുകൃതപൂർണമാക്കി മുതലെടുക്കാൻ നാം ശീലിക്കുകയും മക്കളെ ശീലിപ്പിക്കുകയും വേണം. സുകൃതം സത്യവിശ്വാസിയുടെ ശീലമാണ് (ഹദീസ് ഇബ്‌നുമാജ 221). മാതാപിതാക്കൾ മക്കളുടെ കാര്യത്തിൽ വിചാരണ ചെയ്യപ്പെടുന്ന ഉത്തരവാദിത്വപ്പെട്ടവരെന്ന് ഓർക്കണം.

