യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 11/11/2022
വിഷയം: അല്ലാഹു ദോഷങ്ങൾ പൊറുത്തുത്തരുന്നവൻ
അല്ലാഹു അവന്റെ അടിമകൾക്ക് പാപങ്ങൾ പൊറുത്തുകൊടുക്കുന്നതാണ്. അല്ലാഹു സത്യവിശ്വാസികളോട് കൽപ്പിക്കുന്നുണ്ട്: നിങ്ങൾ നാഥങ്കൽ നിന്നുള്ള പാപമോചനത്തിലേക്കും ഭുവന വാനങ്ങളുടെ വിസ്തൃതിയുള്ള സ്വർഗത്തിലേക്കും അതിദ്രുതം ചൊല്ലുക (സൂറത്തു ആലുഇംറാൻ 133). അല്ലാഹു മുഹമ്മദ് നബി (സ്വ)യോട് പറയുന്നു: ഓ നബി ഞാൻ ധാരാളമായി പാപങ്ങൾ പൊറുക്കുന്നവനും കരുണാമയനുമാണ് എന്നുമുള്ള വിവരം എന്റെ അടിമകളെ അറിയിക്കുക (സൂറത്തുൽ ഹിജ്‌റ് 49). പറയുക സ്വന്തത്തോട് അതിക്രമം കാട്ടിയ എന്റെ അടിമകളേ, അല്ലാഹുവിന്റെ അനുഗ്രഹത്തെക്കുറിച്ച് നിങ്ങൾ ഭഗ്നാശരാകരുത്, അവൻ പാപങ്ങളത്രയും മാപ്പാക്കുക തന്നെ ചെയ്യും. ഏറെ പാപം പൊറുക്കുന്നവനും കരുണാമയനും അവൻ തന്നെ തീർച്ച (സൂറത്തു സ്സുമർ 53).
അല്ലാഹുവിന്റെ അടിമകളിൽ വെച്ച് ശ്രേഷ്ഠരായ പ്രവാചകന്മാർ അവന്റെ കാരുണ്യത്തിനായി കേഴുന്നവരും പാപമോചനം തേടുന്നവരുമായിരുന്നു. നാഥാ എനിക്കും മാതാപിതാക്കൾക്കും സത്യവിശ്വാസം വരിച്ച് എന്റെ ഭവനത്തിൽ പ്രവേശിച്ചവർക്കും സകല സത്യവിശ്വാസി വിശ്വാസിനികൾക്കും നീ പാപങ്ങൾ പൊറുത്തുതരണമേ എന്നാണ് നുഹ് നബി (അ) പ്രാർത്ഥിച്ചിരുന്നത് (സൂറത്തു നൂഹ് 28). 'ഞങ്ങളുടെ നാഥാ, വിചാരണ നടക്കുന്ന നാളിൽ എനിക്കും മാതാപിതാക്കൾക്കും സത്യവിശ്വാസികൾക്കും നീ പാപങ്ങൾ പൊറുക്കേണമേ' ഇങ്ങനെയാണ് ഇബ്രാഹിം നബി (അ) പ്രാർത്ഥിച്ചിരുന്നത് (സൂറത്തു ഇബ്രാഹിം 41). മൂസാ നബി (അ) പ്രാർത്ഥിച്ചത് ഇങ്ങനെ: എനിക്കും എന്റെ സഹോദരനും പൊറുത്തുതരികയും കാരുണ്യം ചൊരിയുകയും ചെയ്യണേ, നീ തന്നെ ഏറ്റവും വലിയ കാരുണ്യവാൻ (സൂറത്തുൽ അഅ്‌റാഫ് 151).
നമ്മുടെ പുന്നാര മുഹമ്മദ് നബി (സ്വ) എല്ലാ വേളകളിലും പശ്ചാത്താപവും പാപമോചന തേട്ടവും അധികരിപ്പിച്ചിരുന്നു. കാരുണ്യവും പാപമോക്ഷവും തേടാൻ നബി (സ്വ)യോട് അല്ലാഹു തന്നെ കൽപ്പിച്ചതാണല്ലൊ (സൂറത്തുൽ മുഅ്മിനൂൻ 118). ഒരൂ സദസ്സിൽ വെച്ച് നബി (സ്വ) നൂറ് പ്രാവശ്യം പശ്ചാത്തപിച്ചത് ഇബ്‌നു ഉമർ (റ) വിവരിച്ചിട്ടുണ്ട്. നമസ്‌കാരങ്ങളിലെ റുകൂഇലും സുജൂദിലും നബി (സ്വ) പാപമോചനം തേടിയിരുന്നു (ഹദീസ് ബുഖാരി, മുസ്ലിം).
ജീവിതത്തിൽ പാപമോചന തേട്ടം അധികരിപ്പിച്ചവർക്ക് ശുഭവാർത്തയാണ് നബി (സ്വ) അറിയിക്കുന്നത് (ഹദീസ് ഇബ്‌നു മാജ 3818).

