ജനങ്ങളേ ദയയുള്ളവരാകുവിൻ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 25/11/2022

വിഷയം: ദയാവായ്പ്


റഊഫ് എന്നത് അല്ലാഹുവിന്റെ വിശേഷപ്പെട്ട അസ്മാഉൽ ഹുസ്‌നായിൽപ്പെട്ട നാമമാണ്. തന്റെ അടിമകളോട് അല്ലാഹു അങ്ങേയറ്റം ദയാവായ്പുള്ളവനത്രേ (സൂറത്തുൽ ബഖറ 207). സൃഷ്ടികൾക്ക് സ്രഷ്ടാവായ അല്ലാഹു അനുഗ്രഹങ്ങൾ ചൊരിഞ്ഞ്, ആപത്തുകൾ തടഞ്ഞ് ഏറെ ദയയും കാരുണ്യവും ചെയ്യുന്നവനെന്ന് അർത്ഥമാക്കുന്നതാണ് റഊഫ്. അല്ലാഹു പറയുന്നു: നീ മനസ്സിലാക്കുന്നില്ലേ, ഭൂമിയിലുള്ളതും അവന്റെ ആജ്ഞാനുസൃതം സമുദ്രത്തിലോടുന്ന ജലയാനങ്ങളും നിങ്ങൾക്കവൻ അധീനപ്പെടുത്തിത്തന്നിരിക്കുന്നു. അവന്റെ സമ്മതമില്ലാതെ ഭൂമിക്കു മേൽ നിപതിക്കുന്നതിൽ നിന്ന് ആകാശത്തെ അവൻ തടഞ്ഞുനിർത്തിയിട്ടുണ്ട്. മർത്യരോട് അളവറ്റ ദയയും കാരുണ്യവുമുള്ളവനേ്രത അവൻ (സൂറത്തുൽ ഹജ്ജ് 65). 

അല്ലാഹു മാലോകർക്ക് കാട്ടിയ ഏറ്റവും വലിയ ദയവായ്പയും കാരുണ്യവർഷവുമാണ് പ്രവാചകർ മുഹമ്മദ് നബി (സ്വ)യുടെ നിയോഗം. നബി (സ്വ)യും സകലരോടും ദയയും അനുകമ്പയുമുള്ളവരായിരുന്നു. ആശ്വാസ്യകരവും അനായാസകരവുമായതേ നബി (സ്വ) തങ്ങൾ ചെയ്തിരുന്നുള്ളൂ. നബി (സ്വ)ക്ക് അവതീർണ്ണമായ പരിശുദ്ധ ഖുർആൻ സന്മാർഗ ദർശനമേകുന്നതും പ്രയാസങ്ങൾ ദൂരീകരിക്കുന്നതുമായ ദയ വിളംബരം ചെയ്യുന്ന വേദ ഗ്രന്ഥമാണ്. സൂറത്തുൽ ഹദീദ് 9ാം സൂക്തത്തിൽ കാണാം: അന്ധകാരങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നിങ്ങളെ കൊണ്ടുവരാൻ തന്റെ ദാസൻ മുഹമ്മദ് നബിക്ക് സ്പഷ്ടമായ ദൃഷ്ടാന്തങ്ങൾ അവതരിപ്പിച്ചവനാണവൻ. നിങ്ങളോടവൻ ഏറെ ആർദ്രനും കരുണാമയനും തന്നെയാകുന്നു.

അല്ലാഹുവിന്റെ ഭാഗത്തിൽ നിന്നുള്ള മഹത്തായ ദയയായി സത്യവിശ്വാസികളുടെ സൽക്കർമ്മങ്ങൾക്കൊക്കെ സ്വീകാര്യതയേകി പ്രതിഫലം നൽകുന്നതായിരിക്കും: അല്ലാഹു നിങ്ങളുടെ വിശ്വാസം വൃഥാവിലാക്കില്ല, അവൻ ജനങ്ങളോട് പരമദയാലുവും കരുണാമയനും തന്നെയാകുന്നു (സൂറത്തുൽ ബഖറ 143). ദോഷങ്ങളിൽ ഖേദിച്ചുമടങ്ങി പശ്ചാത്തപിക്കുന്നവർക്കും അവന്റെ അനന്തമായ ദയാവായ്പകളിൽ നിന്ന് അനുഭവിക്കാവുന്നതാണ്. ഖുർആൻ വിവരിക്കുന്നു: അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചു, അവരോട് ഏറെ ദയാലുവും കാരുണ്യവാനുമത്രെ അവൻ (സൂറത്തുത്തൗബ 117). 

അല്ലാഹു നബി (സ്വ)യെ ദയാവായ്പുള്ളവരായി വിശേഷിപ്പിച്ചതായി ഖുർനിലുണ്ട്: സ്വന്തത്തിൽ നിന്നു തന്നെയുള്ള ഒരു ദൂതർ നിങ്ങൾക്കിതാ വന്നിരിക്കുന്നു. നിങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നത് അവിടത്തേക്ക് അസഹനീയമാണ്. നിങ്ങളുടെ സന്മാർഗ പ്രാപ്തിയിൽ അതീവേച്ഛുവും സത്യവിശ്വാസികളോട് ഏറെ ആർദ്രനും ദയാലുവുമാണ് അവിടന്ന് (സൂറത്തുത്തൗബ 128). 

അല്ലാഹു ദയാലു. അവന്റെ പ്രവാചകരും ദയാലു. അവൻ മാലോകർക്കായി പ്രവാചർക്ക് അവതരിച്ചുകൊടുത്ത വിശുദ്ധ ഗ്രന്ഥം മനുഷ്യരോട് ഉദ്‌ഘോഷിക്കുന്നതും സകലോടുമുള്ള ദയാവായ്പാണ്. ജീവിതത്തിന്റെ നിഖില മേഖലകളിൽ കുടുംബക്കാർ, ബന്ധക്കാർ, സുഹൃത്തുക്കൾ, അയവാസികൾ, നാട്ടുകാർ, സഹപ്രവർത്തകർ അങ്ങനെ ഏവരോടും ദയയുള്ളവരാകാൻ കൽപ്പിക്കപ്പെട്ടവരാണ് നാം സത്യവിശ്വാസികൾ. 



back to top