യുഎഇ എന്നും ഐക്യനാട്

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 02/12/2022

വിഷയം: ഐക്യമാണ് യുഎഇയുടെ അനുഗ്രഹം 

ഒത്തൊരുമ സത്യവിശ്വാസത്തിന്റെ അടയാളമാണ്. ഐക്യത്തിലും സഹവർത്തിത്വത്തിലുമുള്ള കൂട്ടത്തെയാണ് അല്ലാഹുവിനിഷ്ടം. ഐക്യപ്പെടൽ വലിയൊരു അനുഗ്രഹം തന്നെയാണ്്. സ്രഷ്ടാവിന്റെ വണ്ണമായ അനുഗ്രഹത്താൽ ഐകമത്യത്തിൽമേൽ അസ്ഥിവാരമിട്ട രാഷ്ട്രമാണ് അറബ് ഐക്യനാടുകളെന്ന യുഎഇ. നാഥന്റെ അനുഗ്രഹങ്ങളെ സംബന്ധിച്ചു സംസാരിച്ചുകൊള്ളാനാണല്ലൊ വിശുദ്ധ ഖുർആൻ നിർദേശിക്കുന്നത് (സൂറത്തു ള്ളുഹാ 11). 51ാം ദേശീയ ദിന വേളയിലും ഈ നാട് സാഭിമാനം ഐക്യമെന്ന മഹാനുഗ്രഹത്തെ ഉയർത്തികാട്ടുകയാണ്. 

പിന്നിട്ട അഞ്ചു പതിറ്റാണ്ടിന്റെ പ്രൗഢിയിൽ വരാനിരിക്കുന്ന അഞ്ചു പതിറ്റാണ്ടിന്റെ കുതിപ്പുകൾക്ക് സാക്ഷാൽക്കാരം നൽകുകയാണ് ഈ ഐക്യനാട്. അചഞ്ചമായ സത്യവിശ്വാസം, മാനവിക മൂല്യങ്ങൾ, സൽസ്വഭാവ സുകൃതങ്ങൾ, സാംസ്‌കാരിക വിദ്യാഭ്യാസ സേവനങ്ങൾ ഇവയൊക്കെയും യുഎഇയുടെ സ്ഥാപക ഘടകങ്ങളാണ്. ഐക്യത്തോടെ ഈ ചേരുവകൾ ചേർത്തപ്പോഴാണ് ഈ രാഷ്ട്രം പിറ കൊണ്ടത്. സഹിഷ്ണുതയും സമഭാവനവും സഹാനുഭൂതിമെല്ലാമാണ് ഈ നാടിന്റെ ഐശ്വര്യം.

ശൈഖ് സായിദ് അടക്കമുള്ള പൂർവ്വികർ നന്മകൾ പാകി സംസ്ഥാപിച്ചതാണ് ഈ നാട്. നന്മകൾ ചെയ്ത് വിജയികളാവൂയെന്നാണ് ഖുർആനിലൂടെ അല്ലാഹു ആഹ്വാനം ചെയ്തിരിക്കുന്നത് (സൂറത്തുൽ ഹജ്ജ് 77). എല്ലാവിധ സൽകൃത്യങ്ങളും സ്വൽസ്വഭാവഗുണങ്ങളും ഇവിടത്തെ സമ്പത്തുകളാണ്. സൽസ്വഭാവ സമ്പന്നരാണ് ഉത്തമരെന്ന് നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട് (ഹദീസ് മുസ്ലിം 2321). 

വിദ്യാഭ്യാസത്തിനും സാങ്കേതിക വിദ്യകൾക്കും സ്ഥാപക നേതാക്കൾ ഊന്നൽ നൽകിയിട്ടുണ്ട്.  വിദ്യയാണ് എല്ലാ വിജയങ്ങളുടെയും ഊർജങ്ങളുടെയും നിദാനം. അറിവ് നൽകപ്പെട്ടവരുടെ പദവികൾ അല്ലാഹു ഉയർത്തിക്കൊടുക്കുമെന്ന് സൂറത്തുൽ മുജാദില 11ാം സൂക്തത്തിൽ പരാമർശിക്കുന്നുണ്ട്. ഐക്യപാതയിൽ ഏറെ മുന്നിട്ട യുഎഇ വിജ്ഞാനങ്ങളും വിദ്യകളും മാനവിക വിഭവങ്ങളും പരിപോഷിപ്പിച്ച്് കുതിപ്പ് തുടരുകയാണ്. അങ്ങനെ ചൊവ്വാ പര്യവേക്ഷണം വരെ വിജയകരമായി പൂർത്തിയാക്കി ചരിത്രം രചിച്ചിരിക്കുകയാണ്. സർവ്വ സ്തുതിയും അല്ലാഹുവിന്.

ഈ നാടിൽ നിവസിക്കുന്ന ഓരോർത്തരും പരസ്പരം നന്മകളും മാനുഷിക മൂല്യങ്ങളും സ്വഭാവ വിശേഷങ്ങളും അനുവർത്തിക്കുമ്പോൾ മാത്രമാണ് അനുഗ്രഹങ്ങൾക്കുള്ള നന്ദി പ്രകാശനം പൂർത്തിയാവുക. നന്ദി ചെയ്തരുടെ അനുഗ്രഹങ്ങൾ കുറയുകയില്ല, ഇരട്ടിക്കുകയാണ് ചെയ്യുന്നത്. അന്യേനം സഹായിച്ചും സഹകരിച്ചും ഒരുമയോടെ ഈ നാടിനെ സേവിക്കാം.


back to top