ഹൃദയപൂർവ്വം, കരുണാമയം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 09/12/2022

വിഷയം: കരുണാദ്രമായ ഹൃദയങ്ങൾ

ശരീരത്തിലെ സുപ്രധാന ഭാഗമാണ് ഹൃദയം. പ്രവാചകർ മുഹമ്മദ് നബി (സ്വ) പറയുന്നുണ്ട്: ശരീരത്തിലൊരു മാംസക്കഷ്ണമുണ്ട്, അത് നന്നായാൽ ശരീരം മൊത്തം നന്നാവും, അത് ചീത്തയായാൽ ശരീരം മൊത്തം ചീത്തയാവും. നിങ്ങളറിയുക ആ മാംസക്കഷ്ണമാണ് ഹൃദയം (ഹദീസ് ബുഖാരി, മുസ്ലിം). അതായത് മനസ്സാണ് മുഴുവൻ ശരീരാവയവങ്ങളുടെയും ചാലകവും പ്രേരകവും. എല്ലാവിധ ചിന്തകളുടെയും മനനങ്ങളുടെയും കേന്ദ്രസ്ഥാനവുമാണത്. ഹൃദയം വഴിയാണ് ശരീരം സാംശീകരിക്കുന്നതും സംസ്‌കരിക്കുന്നതും. ഹൃദയസാന്നിധ്യമുള്ളവന് ഉദ്‌ബോധനമുണ്ടെന്ന് വിശുദ്ധ ഖുർആൻ സൂറത്തു ഖാഫ് 37ാം സൂക്തത്തിൽ തീർത്തുപറയുന്നുണ്ട്. 

സത്യവിശ്വാസികളുടെ സംശുദ്ധ ഹൃദയങ്ങൾ വിശുദ്ധ സൂക്തങ്ങളിലേക്ക് ഭക്തിസാന്ദ്രമായി കാതോർക്കുമത്രെ. അല്ലാഹു പറയുന്നു: അല്ലാഹുവിനെക്കുറിച്ച് അനുസ്മരിക്കപ്പെട്ടാൽ ഹൃദയങ്ങൾ പേടിച്ചുവിറകൊള്ളുകയും അവന്റെ സൂക്തങ്ങൾ പാരായണം ചെയ്യപ്പെട്ടാൽ വിശ്വാസം വർധിക്കുകയും തങ്ങളുടെ നാഥനിൽ സമസ്തവും അർപ്പിക്കുകയും ചെയ്യുന്നവർ മാത്രമാണ് സത്യവിശ്വാസികൾ (സൂറത്തുൽ അൻഫാൽ 02). സത്യവിശ്വാസത്തിൽ രൂഢമൂലമായ ഹൃദയങ്ങൾ ദൈവസ്മരണയിൽ ആനന്ദം കണ്ടെത്തിക്കൊണ്ടിരിക്കും. അല്ലാഹു പറയുന്നു: സത്യവിശ്വാസം കൈക്കൊള്ളുകയും ദൈവസ്മരണയാൽ മനസ്സമാധാനമാർജിക്കുകയും ചെയ്തവരെ തന്നിലേക്കവൻ മാർഗദർശനം ചെയ്യുന്നു, അറിയുക ദൈവസ്മരണ കൊണ്ടു മാത്രമേ ഹൃദയങ്ങളു പ്രശാന്തി കൈവരൂ (സൂറത്തു റഅ്ദ് 28). 

അല്ലാഹുവിനെ ഭയപ്പെട്ടുക്കൊണ്ട് നിർബന്ധ കാര്യങ്ങൾ യഥാസമയം യഥാവിധി നിർവ്വഹിക്കാനും മത ചിഹ്നങ്ങൾ ബഹുമാനിക്കാനും വെമ്പൽ കൊള്ളുന്ന ഹൃദയങ്ങൾ പരിശുദ്ധമാണ്. 'അല്ലാഹുവിന്റെ മതചിഹ്നങ്ങൾ ഒരാൾ ആദരിക്കുന്നുവെങ്കിൽ അത് ഹൃദയങ്ങളിലെ സൂക്ഷ്മതയിൽ നിന്നുത്ഭൂതമാകുന്നതു തന്നെയത്രേ' (സൂറത്തു ഹജ്ജ് 32). സഹിഷ്ണുതയും സഹവർത്തിത്വവുമുള്ള മനസ്സുകൾ ചുറ്റുമുള്ളവരോട് ഏറെ ഉദാരവും ഇണങ്ങിയതുമായിരിക്കും. 'അവരുടെ ഹൃദയങ്ങൾ തമ്മിൽ അവൻ കൂട്ടിയിണക്കുകയുമുണ്ടായി. നബിയേ ഭൂമിയിലുള്ള മുഴുവൻ വിഭവങ്ങളും ചെലവഴിച്ചാലും അവരുടെ മനസ്സുകൾ ഇണക്കിച്ചേർക്കാൻ താങ്കൾക്കാകുമായിരുന്നില്ല' (സൂറത്തുൽ അൻഫാൽ 63). 

ദുർബലർ, നിരാലംബർ, അനാഥർ, ദരിദ്രർ എന്നിവരെ കരുണാർദ്രമായി സഹായിക്കുന്ന ഹൃദയങ്ങൾ പുണ്യമാക്കപ്പെട്ടതാണ്. മനുഷ്യന് അവന്റെ ധനമോ സന്താനങ്ങളോ ഉപകാരപ്പെടാത്ത ഉയിർത്തെഴുന്നേൽപ് നാളിൽ സുരക്ഷിത ഹൃദയവുമായി അല്ലാഹുവിങ്കൽ ചെല്ലുന്നവർക്കായിരിക്കും ആശ്വാസമെന്ന് സൂറത്തു ശ്ശുഅറാഅ് 88, 89 സൂക്തങ്ങളിൽ കാണാം. നബി (സ്വ) എടുത്തുപറഞ്ഞ മൂന്നു വിഭാഗം സ്വർഗാവകാശികളിൽ ഒരു കൂട്ടർ കരുണയും നൈർമല്യവുമുടയ ഹൃദയമുള്ളവരാണ് (ഹദീസ് സ്വഹീഹു ഇബ്‌നു ഹിബ്ബാൻ 2/424). സ്വൽസ്വഭാവവും കരുണാമയമായ ഹൃദയവുമുള്ളവർ സ്വർഗത്തിലെ ഉന്നതരായിരിക്കുമെന്നാണ് പ്രമുഖ പണ്ഡിതൻ ദുൽനൂനിൽ മിസ്വ്‌രി (റ) പറഞ്ഞത്.

നബി (സ്വ) ഏവരോടും ഹൃദ്യമായായിരുന്നു പെരുമാറിയിരുന്നത്. നന്നായി കരുണ കാട്ടുന്ന ഹൃദയമുള്ളവരായിരുന്നെന്ന് സ്വഹാബികൾ സാക്ഷ്യപ്പെടുത്തുന്നുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). നബി (സ്വ) യുടെ ഈ ഹൃദയകരുണ അനുചരന്മാരും ജീവിതത്തൽ പകർത്തിയിരുന്നുവെന്നും അവരായിരുന്നു സമുദായത്തിലെ അതിശ്രേഷ്ഠരെന്നും അബ്ദുല്ല ബ്‌നു ഉമർ (റ) പറഞ്ഞിട്ടുണ്ട്.

മനുഷ്യന്റെ ജീവിത വിജയം രണ്ടു കാര്യങ്ങളിലൂടെയാണ്. ഒന്ന്, അല്ലാഹുവിന്റെ കൽപനകൾക്ക് വിലകൽപിക്കുക, മറ്റേത്, അവന്റെ സൃഷ്ടികളോട് ദയയും കരുണയും അനുകമ്പയും കാണിക്കുക (തഫ്‌സീറുറാസി 20/290).


back to top