നബി (സ്വ)യെ നാം പിൻപറ്റണം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 16/12/2022

വിഷയം: പ്രവാചകാനുധാവനം

അല്ലാഹു പറയുന്നു: ആര് അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുകയും അല്ലാഹുവിനെ ഭയപ്പെടുകയും സൂക്ഷിക്കുകയും ചെയ്യുന്നുവോ അവർ തന്നെയേ്രത വിജയം കൈവരിച്ചവർ (സൂറത്തുന്നൂർ 52). പ്രവാചകരെയും അനുസരിക്കുമ്പോഴാണ് ദൈവാനുസരണ പൂർണമാവുന്നത്. അതായത് പ്രവാചകരെ (സ്വ) അനുസരിക്കുമ്പോൾ അല്ലാഹുവിനെ അനുസരിക്കൽ കൂടി അതിലുണ്ട്. മറ്റൊരു ഖുർആനിക സൂക്തത്തിൽ കാണാം: റസൂലിനെ ഒരാൾ അനുസരിക്കുന്നുവെങ്കിൽ അയാൾ അല്ലാഹുവിനെ അനുസരിക്കുക തന്നെയാണ് ചെയ്തത് (സൂറത്തുന്നിസാഅ് 80). അല്ലാഹു കൽപനകളും നിരോധനങ്ങളും മറ്റു വ്യവസ്ഥകളുമായാണ് വിശുദ്ധ ഖുർആനിനെ അവതരിപ്പിച്ചിരിക്കുന്നത്. മാനുഷ്യകത്തിനായി അവതീർണമായത് അവർക്ക് പ്രതിപാദിച്ചുകൊടുക്കാനും അവർ ചിന്തിക്കാൻ വേണ്ടിയും താങ്കൾക്കു നാം ഖുർആൻ ഇറക്കിയിരിക്കുന്നുവെന്നാണ് അല്ലാഹു തന്നെ സൂറത്തുന്നഹ്‌ല് 44ാം ആയത്തിലൂടെ അറിയിച്ചിരിക്കുന്നത്. 


പരിശുദ്ധ ഇസ്ലാം മതത്തിന്റെ അനുശാസനങ്ങൾക്കും ആരാധനകൾക്കും വ്യവസ്ഥകൾക്കുമുള്ള വിശദീകരണങ്ങൾ പഠിപ്പിച്ചത് മുഹമ്മദ് നബി (സ്വ)യാണ്. ഉദാഹരണത്തിന്, നമസ്‌ക്കരിക്കാനുള്ള കൽപന വിശുദ്ധ ഖുർആനിലൂടെ അല്ലാഹു നടത്തിയിട്ടുണ്ട്, എന്നാൽ നബി (സ്വ)യാണ് നമസ്‌ക്കാരത്തിന്റെ രൂപവും സമയവും റക്അത്തുകളുടെ എണ്ണമെല്ലാം വിശദമാക്കിയത്. ഞാൻ നമസ്‌ക്കരിക്കുന്നത് കണ്ടത് പ്രകാരം നിങ്ങൾ നമസ്‌ക്കരിക്കണമെന്നാണ് നബി (സ്വ) അനുചരന്മാരോട് പറഞ്ഞത് (ഹദീസ് ബുഖാരി 7246). അപ്രകാരം വ്രതം, സകാത്ത്, ഹജ്ജിലെ കർമ്മങ്ങൾ അങ്ങനെ സകല ആരാധനാനുഷ്ഠാനങ്ങളും നബി (സ്വ) സവിസ്തരം പഠിപ്പിച്ചുതന്നിട്ടുണ്ട്്. എന്നിൽ നിന്ന് ഹജ്ജ് കർമ്മങ്ങൾ പകർത്തൂവെന്നും നബി (സ്വ) പറഞ്ഞിട്ടുണ്ട് (ഹദീസ് 1297, അഹ്‌മദ് 14793).


ഉത്തമ സ്വഭാവ മഹിമകളാണ് നബി (സ്വ) സ്വജീവിതത്തിലൂടെ മാലോകർക്ക് പകർന്നുതന്നത്. ജഅ്ഫർ ബ്‌നു അബൂത്വാലിബ് (റ) പറയുന്നു: നബി (സ്വ) നമ്മളെ അല്ലാഹുവിലേക്ക് ക്ഷണിച്ചു, സംസാരത്തിൽ സത്യസന്ധത പുലർത്താനും വിശ്വസ്ഥത നിലനിർത്താനും കുടുംബബന്ധം ചേർക്കാനും അയൽവാസികളോട് നന്നായി പെരുമാറാനും കൽപിക്കുകയുണ്ടായി. ഞങ്ങളത് പുലർത്തി. നബി (സ്വ) യെ പൂർണാർത്ഥത്തിൽ വിശ്വസിച്ചുകൊണ്ട് പിൻപറ്റി. ഞങ്ങൾക്ക് നിരോധിച്ചത് ഞങ്ങൾ വെടിഞ്ഞു, അനുവദിച്ചുതന്നത് ചെയ്യുകയുമുണ്ടായി (ഹദീസ് അഹ്‌മദ് 1740). 


മുഹമ്മദ് നബി (സ്വ)യാണ് സത്യവിശ്വാസിയുടെ എല്ലാ മേഖലയിലെയും മാതൃക. ആരാധനാനുഷ്ഠാനങ്ങളിലും സ്വഭാവവിശേഷങ്ങളിലും ഇടപാടുകളിലും ഇടപെടലുകളിലും എന്നല്ല ജീവിതത്തിന്റെ സകല മേഖലകളിലും ലോകഗുരു പ്രവാചകർ മുഹമ്മദ് നബി (സ്വ)യെയാണ് സത്യവിശ്വാസികൾ അനുധാവനം ചെയ്യേണ്ടത്. 


അല്ലാഹു പറയുന്നു: അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും അവനെ ധാരാളം അനുസ്മരിക്കുകയും ചെയ്യുന്ന നിങ്ങൾക്ക് അല്ലാഹുവിന്റെ ദൂതനിൽ ഉദാത്ത മാതൃകയുണ്ട് (സൂറത്തുൽ അഹ്‌സാബ് 21). ദേശസ്‌നേഹത്തിലും നാം നബി (സ്വ)യെ മാതൃകയാക്കണം. മക്കാ നാടിനോട് പ്രിയം ഉണ്ടാക്കിയത് പോലെ അല്ലെങ്കിൽ അതിനേക്കാളേറെ മദീനാ ദേശത്തോടും ഞങ്ങൾക്ക് പ്രിയം ഉണ്ടാക്കണേ എന്നാണ് നബി (സ്വ) അല്ലാഹുവിനോട് പ്രാർത്ഥിച്ചത് (ഹദീസ് ബുഖാരി, മുസ്ലിം).


കുടുംബ സാമൂഹിക ജീവിതത്തിൽ നബി (സ്വ) തന്നെയാണ് ആദർശ മാതൃക. സാമൂഹിക പരിഷ്‌കർത്താവായ നബി (സ്വ) കുടുംബത്തിൽ നല്ലൊരു ഭർത്താവും പിതാവുമായിരുന്നു. നിങ്ങളിൽ ഉത്തമൻ കുടുംബത്തോട് നന്നായി വർത്തിക്കുന്നവനാണ്, ഞാനാണ് നിങ്ങളിൽ വെച്ച് കുടുംബത്തോട് ഏറ്റവും നന്നായി വർത്തിക്കുന്നയാൾ എന്നും നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട് (ഹദീസ് തുർമുദി 3895). തൊഴിലാളിക്കും തൊഴിലുടമക്കും വിദ്യാർത്ഥിക്കും അധ്യാപകനും മക്കൾക്കും രക്ഷിതാക്കൾക്കും ഭാര്യ ഭർത്താക്കന്മാർക്കും സകലർക്കും നബി ജീവിത്തിൽ പാഠങ്ങളുണ്ട്. മൂന്നു കാര്യങ്ങളുള്ളയാൾ സത്യവിശ്വാസത്തിന്റെ യഥാർത്ഥ മാധുര്യം അനുഭവിക്കുമെന്നാണ് നബി (സ്വ) പറഞ്ഞത്, അതിൽ ആദ്യം എണ്ണിപ്പറഞ്ഞ കാര്യമാണ് സകലരേക്കാളും അല്ലാഹുവിനെയും അവന്റെ തിരുദൂതർ നബി (സ്വ) യെയും സ്‌നേഹിക്കുക എന്നത് (ഹദീസ് ബുഖാരി, മുസ്ലിം).


back to top