വീട് പ്രഥമ വിദ്യാലയം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി 23.012.2022

വിഷയം: വീട് സന്താനശിക്ഷണത്തിന്റെ അടിസ്ഥാന കേന്ദ്രം

വിശ്രമിക്കാനും താമസിക്കാനുമുള്ള ഇടമായ വീട് വലിയൊരു അനുഗ്രഹമാണ്. അല്ലാഹു പറയുന്നുണ്ട്: നിങ്ങൾക്ക് താമസിക്കാനായി അല്ലാഹു ഭവനങ്ങൾ സംവിധാനിച്ചിക്കുന്നു (സൂറത്തുന്നഹ്‌ല്). സമാധാനത്തിന്റെയും സ്‌നേഹാർദ്രതയുടെയും സ്വസ്ഥതയുടെയും കുടുംബകേന്ദ്രമാണ് വീട്. സന്താനശിക്ഷണത്തിന്റെയും പരിപാലനത്തിന്റെയും പ്രഥമ സ്ഥലവും വീട് തന്നെ. അതായത് മനുഷ്യന്റെ ആദ്യ വിദ്യാലയം വീടാണ്. മാതാപിതാക്കൾ പ്രഥമാധ്യാപകർ. അവർക്ക് ശിക്ഷണവും വിദ്യാഭ്യാസവും ഉറപ്പുവരുത്തുന്നതോടൊപ്പം അവരോട് ചില ബാധ്യതകളും മാതാപിതാക്കൾക്ക് ചെയ്യാനുണ്ട്. മക്കളോട് ചില കടപ്പാടുകളുണ്ടെന്നാണ് നബി (സ്വ) പഠിപ്പിക്കുന്നത് (ഹദീസ് മുസ്ലിം 1159).

ആത്യന്തികമായി മക്കൾക്ക് രക്ഷിതാക്കൾ ചെയ്യേണ്ടത് അവരുടെ കുഞ്ഞുമനസ്സുകളിൽ സത്യവിശ്വാസത്തിന്റെയും ദൈവാനുസരണയുടെയും ബാല പാഠങ്ങൾ നൽകുകയെന്നതാണ്. യഅ്ഖൂബ് നബി (അ) മക്കളോട് പറയുന്നത് വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നുണ്ട്: അദ്ദേഹം മക്കളോട് ചോദിച്ചുവത്രെ: നിങ്ങൾ എന്റെ കാലശേഷം എന്തിനെയാണാരാധിക്കുക? അവർ മറുപടി പറഞ്ഞു: താങ്കളുടെയും പിതാക്കളായ ഇബ്രാഹീം, ഇസ്മാഈൽ, ഇസ്ഹാഖ് എന്നിവരുടെയും ഇലാഹായ ഏകദൈവത്തെയാണ് ഞങ്ങളാരാധിക്കുക, അവനു മാത്രം വിധേയരുമായിരിക്കും ഞങ്ങൾ (സൂറത്തുൽ ബഖറ 133).

ചെറുപ്രായത്തിൽ തന്നെ മക്കൾക്ക് നല്ല സ്വഭാവങ്ങളും മൂല്യങ്ങളും പ്രായോഗികമായി ശീലിപ്പിക്കണം. നാടിനോടും സമൂഹത്തോടും പ്രതിബദ്ധത വരുത്തണം. നാടും ഒരു വീടാണല്ലൊ. നാടിലാണ് ഓരോർത്തരുടെയും ബാല്യങ്ങൾ വികാസം പ്രാപിക്കുന്നത്. നാട്ടുനന്മകളും നല്ല നാട്ടുനടപ്പുകളും ശീലിപ്പിച്ച് പ്രൗഢരാക്കണം നമ്മുടെ മക്കളെ. ഭാവിഭാസുരങ്ങളായ യുവാക്കൾ വളർന്നു വലുതാവുന്നത് അവരുടെ പിതാക്കൾ ശീലിപ്പിച്ച പ്രകാരമായിരിക്കുമെന്നാണ് പ്രമുഖ അറബി കവി അബുൽ അലാഇൽ മഅരി കാവ്യാത്മകമായി പറഞ്ഞത്.

മക്കൾക്ക് വീട്ടിൽ നിന്നു തന്നെ അറബി ഭാഷാപഠനം തുടങ്ങണം. അറബി പരിശുദ്ധ ഗ്രന്ഥമായ ഖുർആനിന്റെയും തിരുമേനി പ്രവാചകർ മുഹമ്മദ് നബി (സ്വ)യുടെയും ഭാഷയാണ്. അല്ലാഹു പറയുന്നു: നിങ്ങൾ മനസ്സിലാക്കാൻ വേണ്ടി അറബി ഭാഷയിൽ പാരായണം ചെയ്യപ്പെടുന്നതായി നാമത് അവതരിപ്പിച്ചിരിക്കുകയാണ് (സൂറത്തു യൂസുഫ് 02). അറബി ഭാഷ പഠിക്കണമെന്നും, അത് ബുദ്ധിക്ക് സ്ഥിരതയും ധീരതയും വരുത്തുമെന്നാണ് ഉമർ ബ്‌നു ഖത്താബ് (റ) പറഞ്ഞിരിക്കുന്നത് (ബൈഹഖി, ശുഅബുൽ ഈമാൻ 2  257).

മക്കൾക്ക് വിദ്യാഭ്യാസത്തിന്റെ നിലയും വിലയും മനസ്സിലാക്കിക്കൊടുത്ത് വിദ്യാസമ്പരാക്കണം. നിങ്ങളിൽ നിന്ന് സത്യവിശ്വാസം വരിച്ചവരെയും അറിവ് നൽകപ്പെട്ടവരെയും അല്ലാഹു ഏറെ പദവികൾ ഉയർത്തുന്നതാണ് (സൂറത്തുൽ മുജാദില 11).

ഭൗതിക ജീവിതത്തിലെ അലങ്കാരങ്ങളും ഭംഗികളുമായ സന്താനങ്ങളെ നന്നായി പരിപാലിച്ച് ഐഹിക ജീവിതത്തിലേക്കുള്ള തിളങ്ങും താരങ്ങളാക്കേണ്ടത് മാതാപിതാക്കളുടെ ബാധ്യതയാണ്. മക്കൾക്ക് വീട്ടിൽ വെച്ച് തന്നെ കുടുംബ ബന്ധങ്ങളും സാമൂഹിക സൗഹൃദങ്ങളും പരിശീലിപ്പിക്കണം. കുടുംബത്തിലും സമൂഹത്തിലും ബഹുമാനിക്കേണ്ടവരെയും ഗണിക്കേണ്ടവരെയും മുൻഗണനാ ക്രമത്തിൽ പഠിപ്പിക്കണം. മാതാവ്, പിതാവ്, സഹോദരി, സഹോദരൻ എന്നിങ്ങനെ... ആരോട് ഏറെ കടപ്പെട്ടിരിക്കുന്നതെന്ന് ചോദിച്ച അനുയായിയോട് നബി (സ്വ) ഉമ്മയോടെന്നാണ് പ്രതികരിച്ചത്. പിന്നെ ആരോടെന്ന് ചോദിച്ചപ്പോൾ ഉമ്മയോടെന്ന് തുടർന്നു. വീണ്ടും അതേ മറുപടി. നാലാമതായാണ് ഉപ്പയെ പറഞ്ഞത്. പിന്നെ അടുത്ത ബന്ധുക്കൾ, പിന്നെ അവരോട് അടുത്തവർ (ഹദീസ് അബൂദാവൂദ് 5139). 

മക്കൾക്ക് കുടുബക്കാരെയും ബന്ധക്കാരെയും ചെറുപ്രായത്തിൽ പരിചയപ്പെടുത്തണം. അവരെയുംകൂട്ടി ഇടക്കിടക്ക് കുടുംബ വീടുകൾ സന്ദർശിക്കണം. നബി (സ്വ) പറയുന്നു: കുടുംബബന്ധം നിലനിർത്താൻ നിങ്ങൾ കുടുംബ പരമ്പര പഠിക്കണം. കുടുംബബന്ധം ചേർത്താൽ കുടുംബത്തിൽ സ്‌നേഹവും ധനത്തിൽ ഐശ്വര്യവും ആയുസ്സിൽ ദൈർഘ്യവുമുണ്ടാവും (ഹദീസ് തുർമുദി 1979).


back to top