രോഗിയെ സന്ദർശിക്കൽ പുണ്യമാണ്

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ 

മൻസൂർ ഹുദവി കളനാട്

തീയ്യതി: 30/12/2022

വിഷയം: രോഗിയെ സന്ദർശിക്കൽ 

ഇസ്ലാമികാദർശത്തിൽ മഹത്തരമായ പ്രവർത്തനമാണ് രോഗബാധയോ വല്ലായ്മയോ ഉള്ളവരെ സന്ദർശിക്കൽ. രോഗിയെ സന്ദർശിക്കാൻ പ്രേരണയേകുന്ന വിശുദ്ധ ഇസ്ലാം അതിന്റെ ശ്രേഷ്ഠതയും ഐഹിക പ്രതിഫലവും വിവരിച്ചിട്ടുണ്ട്. ഒരു ഖുദ്‌സിയ്യായ ഹദീസിൽ കാണാം, നബി (സ്വ) പറയുന്നു: അല്ലാഹു അന്ത്യനാളിൽ മനുഷ്യനോട് ചോദിക്കുമത്രെ: ആദം സന്തതിയേ, ഞാൻ രോഗിയായിരുന്നപ്പോൾ നീ എന്നെ സന്ദർശിച്ചില്ലല്ലൊ? അപ്പോൾ അയാൾ പറയും: എന്റെ നാഥാ, ഞാനെങ്ങനെ നിന്നെ സന്ദർശിക്കുക? നീ ലോക രക്ഷിതാവാണല്ലൊ! അപ്പോൾ അല്ലാഹു പറയും: എന്റെ ഒരു അടിമ രോഗിയായ വിവരം അറിഞ്ഞില്ലെ, ആ രോഗിയെ നീ സന്ദർശിച്ചില്ലല്ലൊ? നീ അറിയുമോ നീ ആ രോഗിയെ സന്ദർശിച്ചിരുന്നെങ്കിൽ അയാളുടെ അടുക്കൽ നിനക്ക് എന്നെ കാണാമായിരുന്നു (ഹദീസ് മുസ്ലിം 2569). രോഗിയെ സന്ദർശിച്ചാൽ അവനിക്ക് അല്ലാഹുവിൽ നിന്നുള്ള പ്രതിഫലവും ആദരവും ലഭിക്കുമെന്ന് സാരം.

നബി (സ്വ) പറയുന്നു: ഒരു സത്യവിശ്വാസി മറ്റൊരുത്തനെ രാവിലെ സമയം സന്ദർശിച്ചാൽ വൈകുന്നേരം വരെ എഴുപതിനായിരം മാലാഖമാർ അവനിക്കായി പ്രാർത്ഥിച്ചുകൊണ്ടിരിക്കും, വൈകുന്നേരം സന്ദർശിച്ചാൽ രാവിലെ വരെ അവനിക്കായി എഴുപതിനായിരം മാലാഖമാർ പ്രാർത്ഥിച്ചുകൊണ്ടിരിക്കും. മാത്രമല്ല അവനിക്ക് സ്വർഗത്തിലൊരു പൂന്തോട്ടവും സജ്ജമായിരിക്കും (ഹദീസ് തുർമുദി 891). മറ്റൊരു ഹദീസിൽ കാണാം, ഒരാൾ ഒരു രോഗിയെ സന്ദർശിച്ചാൽ ആകാശത്തിൽ ഒരു അശരീരി മുഴങ്ങുമത്രെ: 'താങ്കൾ സുകൃതം ചെയ്തിരിക്കുന്നു, താങ്കളുടെ നടത്തം നല്ലതിനായിരിക്കുന്നു. അതിനാൽ താങ്കൾക്ക് സ്വർഗത്തിലൊരു സ്ഥാനം സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്' (ഇബ്‌നു മാജ 1443). 

നബി (സ്വ) രോഗികളെ സന്ദർശിച്ച് അവരെ ആശ്വാസം പകരുകയും സ്വാന്തനപ്പെടുത്തുകയും ചെയ്യുമായിരുന്നു. അല്ലാഹുവിന്റെ കാരുണ്യങ്ങൾ ഓർമ്മിക്കുകയും സഹിച്ചതിന്റെയും ക്ഷമിച്ചതിന്റെയും പ്രതിഫലങ്ങൾ വിവരിക്കുകയും ചെയ്തിരുന്നു. രോഗം കാരണം പരലോക സ്ഥാനങ്ങൾ ഉയരുകയും ദോഷങ്ങൾ മാപ്പാക്കപ്പെടുകയും ചെയ്യുമെന്നും ഉണർത്തുമായിരുന്നു. ഒരിക്കൽ ഒരു രോഗിയെ സന്ദർശിച്ച നബി (സ്വ) പറയുകയുണ്ടായി:  തീ സ്വർണത്തിലെയും വെള്ളിയിലെയും അഴുക്കുകൾ പോക്കുന്നത് പോലെ സത്യവിശ്വാസിയുടെ രോഗം കാരണത്താൽ അല്ലാഹു അവന്റെ ദോഷങ്ങൾ മായ്ച്ചുകളയുന്നതായിരിക്കും (ഹദീസ് അബൂദാവൂദ് 2688). ഒരു സത്യവിശ്വാസി വല്ല പ്രയാസവും അനുഭവപ്പെട്ടാൽ ഒരു നിസാര മുള്ളോ അല്ലെങ്കിൽ അതിനേക്കാൾ വലുതോ എന്തുമാവട്ടെ, അതു കാരണം മരത്തിൽ നിന്ന് ഇലകൾ കൊഴിയുന്നത് കണക്കെ അല്ലാഹു അവന്റെ ദോഷങ്ങൾ പൊറുത്തുകൊടുക്കുന്നതായിരിക്കും (ഹദീസ് ബുഖാരി, മുസ്ലിം). 

സന്ദർശന വേളയിൽ രോഗശമനത്തിനായി പ്രത്യേക പ്രാർത്ഥനയും നബി (സ്വ) നിർവ്വഹിച്ചിരുന്നു. രോഗിയായ സഅ്ദ് ബ്‌നു അബൂവഖാസി(റ)നെ സന്ദർശിച്ചപ്പോൾ 'നാഥാ സഅ്ദിന് നീ രോഗശമനം പ്രദാനം ചെയ്യഠം' എന്ന് മൂന്നു പ്രാവശ്യം പ്രാർത്ഥിച്ചതായി ചരിത്രത്തിൽ കാണാം (ഹദീസ് ബുഖാരി, മുസ്ലിം). തീർച്ചയായും അല്ലാഹുവാണ് രോഗശമനം ഏകുന്നവൻ, രോഗബാധിതനായാൽ ശമിപ്പിക്കുന്ന അല്ലാഹുവെന്ന് ഇബ്രാഹിം നബി (സ്വ) പറയുന്നത് പരിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നുണ്ട് (സൂറത്തുശ്ശുഅറാഅ് 80). 

രോഗിയെ സന്ദർശിക്കൽ പവിത്രമായ പ്രവാചക ചര്യയാണ്, ശ്രേഷ്ഠമായ മാനുഷിക മൂല്യമാണ് . അത് അനുധാവനം ചെയ്യാനാണ് നബി (സ്വ) സത്യവിശ്വാസികളോട് കൽപിക്കുന്നത് (ഹദീസ് അഹ്‌മദ് 11445, ഇബ്‌നു ഹബ്ബാൻ 2955). ഒരാൾക്ക് രോഗം ബാധിച്ചാൽ സന്ദർഭോചിതമായി സന്ദർശിക്കണം. സന്ദർശനം ദീർഘിപ്പിക്കാതിരിക്കൽ സുന്നത്താണ്. സന്ദർശിക്കുമ്പോൾ ആരോഗ്യ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരിക്കണം. രോഗിക്ക് സൗഖ്യപ്രതീക്ഷ നൽകി സമാശ്വസിപ്പിക്കണം. ആകുലതകൾ ദൂരീകരിച്ചുകൊടുക്കണം. 


back to top