സമയം വീണ്ടെടുക്കാനാവില്ല

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 06.01.2023

വിഷയം: സമയം

കാലം ചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു. നിമിഷങ്ങൾ, മിനുട്ടുകൾ, മണിക്കൂറുകൾ, ദിവസങ്ങൾ, മാസങ്ങൾ, വർഷങ്ങൾ... അങ്ങനെ സമയങ്ങൾ കഴിഞ്ഞുകൊണ്ടിരിക്കുകയാണ്. ഓരോ പ്രഭാതം വിടരുമ്പോഴും പുതുസമയങ്ങൾ പിറക്കുകയാണ്. സൂര്യൻ അസ്തമിച്ചാൽ അത് തിരികെ യെടുക്കാനാവാത്തവിധം അതിശ്രീഘം കാലം ചലിച്ചുകൊണ്ടിരിക്കുന്നു. ജീവിതസമയങ്ങൾ കളയാതെ ഉപകാരപ്രദമാക്കണമെന്നാണ് പരിശുദ്ധ ഇസ്ലാമിന്റെ അനുശാസന. പ്രവാചകർ മുഹമ്മദ് നബി (സ്വ) അഞ്ചു കാര്യങ്ങൾക്ക് മുമ്പായി അഞ്ചു കാര്യങ്ങൾ മുതലാക്കണമെന്ന് അനുചരന്മാരോട് നിർദേശിച്ചിരുന്നു, അതിലൊന്ന് തിരക്കാവുന്നതിന് മുമ്പായി ഒഴിവുസമയം മുതലെടുക്കണമെന്നാണ് (ഹദീസ് മുസ്തദ്‌റക് 4/306).

സത്യവിശ്വാസിയെ സംബന്ധിച്ചടുത്തോളം ഏറെ പ്രാധാന്യമുണ്ട് സമയത്തിനും കാലത്തിനും. വിശുദ്ധ ഖുർആനിൽ അല്ലാഹു പലേടങ്ങളിലായി പ്രഭാതം, പുലരി, പകൽ, രാത്രി, പ്രദോഷം എന്നിങ്ങനെ കാലങ്ങളെയും സമയങ്ങളെയും ശപഥം ചെയ്തതായി കാണാം. ഉദാഹരത്തിന് സൂറത്തുള്ളുഹായുടെ തുടക്കത്തിൽ തന്നെയുണ്ട്: 'പകൽവെളിച്ചം തന്നെ സത്യം, രാത്രി തന്നെ സത്യം'.

ജീവിതസമയങ്ങൾ വൃഥാ പാഴാക്കാതെ ആരാധനാനുഷ്ഠാനങ്ങൾക്കും മറ്റു നന്മകൾക്കുമായി ചെലവഴിക്കണം. സമയനിഷ്ഠ അതിപ്രധാനമാണ്. നമസ്‌ക്കാരം യഥാസമയം കൃത്യനിഷ്ഠയോടെ നിർവ്വഹിക്കപ്പെടേണ്ട ആരാധനകർമ്മമാണ്. അല്ലാഹു പറയുന്നുണ്ട്: നിശ്ചയമായും സത്യവിശ്വാസികൾക്ക് സമയനിർണിതമായ നിർബന്ധ ബാധ്യതയത്രെ നമസ്‌ക്കാരം (സൂറത്തുന്നിസാഅ് 103). 

മനുഷ്യൻ ജീവിതത്തിൽ ഏറെ സമയം ഇടപഴകേണ്ടവരാണ് മാതാപിതാക്കൾ. അവരോടൊപ്പം ഇരിക്കാനും സംസാരിക്കാനും സന്തോഷിക്കാനും സമയം കണ്ടെത്തേണ്ടതുണ്ട്. മാതാപിതാക്കളോട് ഐഹിക ലോകത്ത് നന്നായി വർത്തിക്കാൻ ലുഖ്മാൻ (അ) മകനോട് വസ്വിയ്യത്ത് ചെയ്യുന്നത് സൂറത്തു ലുഖ്മാൻ 15ാം സൂക്തത്തിൽ ഉദ്ധരിക്കപ്പെടുന്നുണ്ട്. ഭാര്യയോടും മക്കളോടും മറ്റു കുടുംബക്കാരോടും ബന്ധം പുലർത്തിക്കൊണ്ടുള്ള സമയ വിനിയോഗം ഏറെ പുണ്യകരമാണ്. അയൽക്കാരോടും സുഹൃത്തുക്കളോടും പണ്ഡിതർമാരടക്കമുള്ള മറ്റു മഹത് വ്യക്തികളോടും സഹവസിക്കാനും നന്നായി ഇടപെടാനും സമയം കണ്ടെത്തണം. ആ സമയങ്ങൾ വെറുതെയാവില്ല. ബന്ധങ്ങൾ ഊഷ്മളമാക്കും. തത്വജ്ഞാനികളുമായുള്ള ഇടപെടൽ വലിയൊരു മുതൽക്കൂട്ടാവും. കുറേ അനുഭവങ്ങൾ നേടാനാവും. അതിലേറെ പഠിക്കാനാവും.

ജോലിക്കായി വിനിയോഗിക്കുന്ന സമയം പവിത്രമാണ്. ജോലി ഒരു ഉപജീവന ത്യാഗമാണല്ലൊ. തൊഴിൽ ദാതാവുമായുള്ള കരാർപൂർത്തീകരവും ഉത്തരവാദിത്വ നിർവ്വഹണവുമാണത്. അല്ലാഹു സൂറത്തുൽ മുഅ്മിനൂനിൽ സത്യവിശ്വാസികളുടെ വിശേഷങ്ങൾ വിശദീകരിക്കുന്നിടത്ത് 8ാം സൂക്തത്തിൽ 'ഉത്തരവാദിത്വങ്ങളും കരാറുകളും പാലിക്കുന്നവർ' എന്ന് പറയുന്നുണ്ട്. വിജ്ഞാനങ്ങൾ, കലകൾ, നൈപുണ്യങ്ങൾ, വായന, ചിന്തനീയ കാര്യങ്ങൾ എന്നിവക്കായി സമയങ്ങൾ ക്രിയാത്മകമായി ഉപയോഗപ്പെടുത്തണം. ചിന്തിക്കുന്നില്ലേയെന്ന് ഖുർആനിൽ അല്ലാഹു പലയാവർത്തി ചോദിക്കുന്നുണ്ട്.

ജീവിതത്തിൽ നല്ല അടയാളപ്പെടുത്തലുകൾക്കായി സമയം വിനിയോഗിച്ചവർ വിജയച്ചിരിക്കുന്നു, അവരാണ് ജനങ്ങളിൽ നല്ലവർ. ഒരിക്കൽ ഒരാൾ നബി (സ്വ)യോട് ചോദിക്കുകയുണ്ടായി തിരു ദൂതരേ, ആരാണ് ജനങ്ങളിൽ ശ്രേഷ്ഠർ? നബി (സ്വ) മറുപടി പറഞ്ഞത് ജീവിച്ച ആയുസ്സത്രയും കർമ്മങ്ങൾ നന്മകളാക്കിയവരെന്നാണ് (ഹദീസ് തുർമുദി 2329).


back to top