ഭൂമിയും ഭൂവിഭവങ്ങളും

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 20/01/2023

വിഷയം: ഭൂവിഭവങ്ങൾ സംരക്ഷിക്കൽ മനുഷ്യന്റെ ബാധ്യത

ഈ ഭൂമിയും അതിലെ വിഭവങ്ങളും സംവിധാനങ്ങളും അല്ലാഹു നമ്മുക്കായി ഒരുക്കിയതാണ്. അവയെ സംരക്ഷിച്ചു നിർത്തൽ നാമോർത്തരുടെയും ബാധ്യതയാണ്. ഭൂമിയെ വാസ്യയോഗ്യമാക്കാനുതകുന്ന നിർമാണാത്മ പ്രവർത്തനങ്ങൾ ചെയ്യാനാണ് ഇസ്ലാം മതം നിർദേശിക്കുന്നത്. അല്ലാഹു നിങ്ങളെ ഭൂമിയിൽ നിന്ന് സൃഷ്ടിക്കുകയും അതിൽ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നുവെന്ന് സൂറത്തു ഹൂദ് 61ാം സൂക്തത്തിൽ കാണാം. 

അല്ലാഹു നമ്മുക്കേൽപ്പിച്ച ഭൂമിയെയും അതിലെ സമൃദ്ധിയെയും ഐശ്വര്യത്തെയും സംരക്ഷിക്കൽ നമ്മുടെ അനിവാര്യതയുമാണ്. അല്ലാഹു പറുന്നു: ഭൂമിയെ അല്ലാഹു മനുഷ്യർക്ക് വേണ്ടിയുണ്ടാക്കി, അതിൽ പഴങ്ങളും കൂമ്പാളകളുള്ള ഈന്തവൃക്ഷങ്ങളും വൈക്കോലുള്ള ധാന്യങ്ങളും സുഗന്ധച്ചെടികളുമുണ്ട് (സൂറത്തുറഹ്‌മാൻ 10, 11, 12).  ഭൂമിയിലെ വിഭവങ്ങളെയും വിഭവശേഷികളെയും പാഴാക്കുന്നതും ധൂർത്തടിക്കുന്നതും അമിതവ്യയം ചെയ്യുന്നതും അല്ലാഹു ശക്തമായി വിലക്കിയിട്ടുണ്ട്: ഭൂമിയിൽ അല്ലാഹു നന്മ വരുത്തിയശേഷം നിങ്ങളിവിടെ നാശമുണ്ടാക്കരുത്, വിശ്വാസികളാണെങ്കിൽ നിങ്ങൾക്കു നല്ലത് അതാണ് (സൂറത്തുൽ അഅ്‌റാഫ് 85). ഭൂമിയിലെ കായ്ക്കളെ തിന്നാൻ പറഞ്ഞ അല്ലാഹു ദുർവ്യയം ചെയ്യരുതെന്നും കൽപിക്കുന്നുണ്ട്, അവൻ ദുർവ്യയം ചെയ്യുന്നവരെ ഇഷ്ടപ്പെടുന്നില്ലത്രെ (സൂറത്തുൽ അൻആം 141).

വെള്ളം ഭൂമിയിലെ വിലമതിക്കാനാവാത്ത വിഭവമാണ്. ജീവന്റെ അടിസ്ഥാന ഘടകം വെള്ളമാണ്. സർവ ജീവവസ്തുക്കളെയും ജലത്തിൽ നിന്ന് നാം സൃഷ്ടിച്ചുവെന്ന് അല്ലാഹു പറയുന്നുണ്ട് (സൂറത്തുൽ അമ്പിയാഅ് 30). കവിഞ്ഞൊഴുകുന്ന നദിയിൽ നിന്നാണെങ്കിൽ പോലും വെള്ളം അമിതവ്യയമില്ലാതെ മിതമായി ഉപയോഗിക്കാനാണ് നബി (സ്വ) പഠിപ്പിക്കുന്നത്. 

ഈ ഭൂമിയിലെ വായു മണ്ഡലത്തെ ശുദ്ധമായി സംരക്ഷിക്കലും നമ്മുടെ ബാധ്യതയാണ്. സകല മലിനീകരണങ്ങളും അന്തരീക്ഷ താപനങ്ങളും ഏൽപ്പിക്കാതെ വായിന് സംരക്ഷണ വലയം തീർക്കേണ്ടിയിരിക്കുന്നു. ഭൂമിയിലെ ജൈവ സസ്യ സമ്പത്തുകൾ സരംക്ഷിക്കാനും നബി (സ്വ)യുടെ പ്രേരണയുണ്ട്. ഒരാൾ കൃഷി ചെയ്തിട്ടോ ഒരു ചെടി നടീൽ നടത്തിയത് കാരണത്താലോ ഉണ്ടായ ഫലം ഒരാളോ ഒരു മൃഗമോ ഒരു പക്ഷിയോ തിന്നാൽ അത് അവൻ ചെയ്യുന്ന ദാനധർമ്മമായി കണക്കാക്കപ്പെടുമെന്നാണ് നബി (സ്വ) പറഞ്ഞത് (ഹദീസ് ബുഖാരി, മുസ്ലിം). ഭൂമിയിലെ ഓരോ വിഭവവും വരും തലമുറക്കും കൂടിയുള്ളതാണെന്ന ബോധ്യത്തോടെയാവണം നമ്മുടെ ഉപയോഗങ്ങൾ.

അല്ലാഹു ഭൂമിയെ മനുഷ്യന്റെ ഉപജീവനത്തിനും അതിജീവനത്തിനും ഉതകുന്ന രീതിയിൽ വളരെ യുക്തമായാണ് സൃഷ്ടിച്ചിരിക്കുന്നത്. അല്ലാഹു പറയുന്നുണ്ട്: നിങ്ങൾക്കു നാം ഭൂമിയിൽ അധികാരം തരികയും ഉപജീവനമാർഗങ്ങൾ സംവിധാനിക്കുകയും ചെയ്തു (സൂറത്തുൽ അഅ്‌റാഫ് 10). മാത്രമല്ല ഭൂമിയിലെ എല്ലാത്തിനെയും മനുഷ്യ ആവശ്യങ്ങൾക്കായി ഒരുക്കിയതാണ്. ഭൂമിയിലുള്ളതൊക്കെയും നിങ്ങൾക്കായി സൃഷ്ടിച്ചതവനാണ് (സൂറത്തു ബഖറ 29). എല്ലാ വിഭവങ്ങളും അല്ലാഹുവിന്റെ ഖജനാവിൽ സുഭദ്രമാണ്. അവയ്ക്ക് കുറ്റവും കുറവും സംഭവിക്കുന്നതല്ല. എല്ലാം അവൻ വളരെ ന്യായമായ രീതിയിൽ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. അവൻ അനുയോജ്യമാംവിധം എല്ലാ സാധനങ്ങളും മുളപ്പിക്കുകയും ചെയ്തിരിക്കുന്നു (സൂറത്തുൽ ഹിജ് ർ 19). അല്ലാഹു ക്രമീകരിച്ച ഈ സമതുലനാവസ്ഥ നിലനിർത്തേണ്ടത് നാം മനുഷ്യരുടെ കടമയാണ്. കാരണം ഭൂമി മനുഷ്യന്റെ ഇടമാണ്. ഒരു നിശ്ചിത കാലം വരെ നിങ്ങൾക്കു ഭൂമിയിൽ അധിവാസവും ജീവിത വിഭവങ്ങളുമുണ്ടെന്നാണ് സൂറത്തുൽ ബഖറ 36ാം സൂക്തത്തിലൂടെ അല്ലാഹു അറിയിച്ചിരിക്കുന്നത്.


back to top