യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 27/01/2023
വിഷയം: വിശുദ്ധ ഖുർആൻ പാരായണം
ഒരു വക്രതയുമില്ലാത്ത പരിശുദ്ധ ദൈവിക ഗ്രന്ഥമാണ് ഖുർആൻ. ചിന്തിക്കുന്നവർക്ക് അതിൽ ഒട്ടനവധി ദൃഷ്ടാന്തങ്ങളും ഗുണപാഠങ്ങളുമുണ്ട്. ലവലേശം സംശയുമില്ലാത്ത ഖുർആൻ സൂക്ഷ്മത പുലർത്തുന്നവർക്ക് സന്മാർഗ ദർശകവുമാണ്. ഈ ഗ്രന്ഥത്തെ ഒരു മലമുകളിൽ അല്ലാഹു അവതരിപ്പിച്ചിരുന്നതെങ്കിൽ അത് വിനയാന്വിതമാകുന്നതും ദൈവഭയത്താൽ ഛിന്നഭിന്നമാകുന്നതും കാണാമായിരുന്നെന്ന് സൂറത്തുൽ ഹശ്ർ 21ാം സൂക്തത്തിൽ വ്യക്തമാക്കുന്നുണ്ട്. അന്ത്യപ്രവാചകർ മുഹമ്മദ് നബി (സ്വ)ക്ക് അവതരിപ്പിച്ച ഖുർആൻ മുൻകാല വേദങ്ങളെ സത്യമാക്കുന്നതാണ്. അല്ലാഹു പറയുന്നുണ്ട്: മുൻവേദങ്ങളെ ശരിവെച്ചുകൊണ്ട് താങ്കൾക്കവൻ സത്യസമേതം ഗ്രന്ഥമിറക്കി, മാലോകർക്ക് മാർഗദർശകമായി നേരത്തെ തൗറാത്തും ഇൻജീലും അവനതരിപ്പിച്ചിരുന്നു. സത്യവിവേചക പ്രമാണവും അവൻ ഇറക്കി (സൂറത്തു ആലു ഇംറാൻ 3, 4). അതാണ് ഖുർആൻ.
ഖുർആൻ അർത്ഥം ഗ്രഹിച്ചു മനസ്സിലാക്കി ചിന്തിക്കുന്നവരുടെ മനസ്സുകൾ വിനയാന്വിതമാവുമത്രെ. ഒരിക്കൽ നബി (സ്വ) അബ്ദുല്ലാ ബ്‌നു മസ്ഊദി (റ)നോട് പറയുകയുണ്ടായി: താങ്കളെനിക്ക് ഖുർആൻ പാരായണം ചെയ്തു കേൾപ്പിച്ചു തരിക. അദ്ദേഹം അത്ഭുതം പൂണ്ടു: ഞാൻ അങ്ങയ്ക്ക് ഓതിതരികയോ, ഖുർആൻ തങ്ങൾക്ക് അവതരിച്ചതാണല്ലാ!! അപ്പോൾ നബി (സ്വ) പറഞ്ഞു: മറ്റുള്ളവരിൽ നിന്ന് ഖുർആൻ ഓത്ത് കേൾക്കുന്നതാണ് എനിക്കിഷ്ടം. അങ്ങനെ അബ്ദുല്ല (റ) സൂറത്തുന്നിസാഅ് പാരായണം ചെയ്തു തുടങ്ങി. 41ാം സൂക്തം എത്തി. 'നബിയേ, എല്ലാ സമുദായത്തിൽ നിന്നും ഓരോ സാക്ഷിയെയും അവർക്കു സാക്ഷിയായി താങ്കളെയും നാം ഹാജരാക്കുമ്പോൾ എന്തായിരിക്കും സ്ഥിതി' എന്ന് അർത്ഥമാക്കുന്നത് ആ സൂക്തം. ഈ പാരായണം കേട്ട നബി (സ്വ) പറഞ്ഞു: നിർത്തൂ. തങ്ങളുടെ (സ്വ) ഇരു കണ്ണുകളും ചാലിട്ടൊഴുകുന്നുണ്ടായിരുന്നു.
യഥാർത്ഥ ഗ്രാഹ്യത്തോടെ ഖുർആൻ കേൾക്കുകയാണെങ്കിൽ ഹൃദയം വണങ്ങുകയും ആത്മാവ് സംസ്‌കരിക്കപ്പെടുകയും സൽസ്വഭാവങ്ങൾ രൂപീകരിക്കപ്പെടുകയും വഴി ജീവിതം സൗഭാഗ്യപൂർണമാവുന്നതാണ്. അക്കാര്യം അടിവരയിടുന്നതാണ് ഉമർ ബ്‌നു ഖത്താബി (റ)ന്റെ ചരിത്ര സംഭവം. ത്വാഹാ സൂറത്തിലെ 14ാം സൂക്തം (ഞാനാണ് അല്ലാഹു. ഞാനല്ലാതെ ഒരു ദൈവമില്ല. അതുകൊണ്ട് എന്നെ ആരാധിക്കുകയും എന്നെ സ്മരിക്കാനായി നമസ്‌ക്കാരം മുറപ്രകാരമനുഷ്ഠിക്കുകയും ചെയ്യുക) പാരായണം ചെയ്യുന്നത് കേട്ട ഉമർ (റ) ഗാഢമായി ചിന്തിക്കുകയും സത്യം കണ്ടെത്തി സത്യവിശ്വാസം പ്രഖ്യാപിക്കുകയായിരുന്നു. ഖുർആനിക സൂക്തത്തിലെ സാരസമ്പൂർണമായ തത്വജ്ഞാനങ്ങളും സാഹിതീയമായ സാരോപദേശങ്ങളും ഗ്രഹിച്ചതിനാലാണത്.
അല്ലാഹു പറയുന്നുണ്ട്: ഈ ഖുർആനിൽ സർവവിധ ഉപമകളും ജനങ്ങൾക്കായി നാം പ്രതിപാദിച്ചിരിക്കുന്നു, അവർ ചിന്തിച്ചു ഗ്രഹിക്കാൻ വേണ്ടി. വക്രതാരഹിതവും അറബിയിലുള്ളതുമായ വായിക്കപ്പെടുന്ന ഗ്രന്ഥം. അവർ സൂക്ഷ്മത പുലർത്തി ജീവിക്കാൻ (സൂറത്തു സുമർ 27, 28). ഖുർആൻ സത്യവിശാസികൾക്ക് സന്മാർഗ ദർശകവും സകലർക്കും കാരുണ്യവുമാണ്. ഓതിക്കേൾപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഖുർആൻ താങ്കൾക്ക് അവതീർണമായിരിക്കുന്നു എന്നത് തന്നെ ദൃഷ്ടാന്തമായി പര്യാപ്തമല്ലേ അവർക്ക് (സൂറത്തുൽ അൻകബൂത് 51).
പരിശുദ്ധ ഖുർആനിന്റെ സംരക്ഷണം അല്ലാഹു തന്നെ ഏറ്റെടുത്തതാണ്. നിശ്ചയം നാമാണ് ഖുർആൻ അവതരിപ്പിച്ചത്, നാം തന്നെ അത് കാത്തുരക്ഷിച്ചുകൊള്ളുകയും ചെയ്യുന്നതാണ് (സൂറത്തുൽ ഹിജ്‌റ് 9). യാതൊരു വക്രീകരരണവും മാറ്റിതിരുത്തലും കൂടാതെ ഖുർആൻ സുരക്ഷിതമായിരിക്കും. സത്യവിശ്വാസ ദൃഢത കൂടുതൽ കൂടുതൽ ഊട്ടിയുറപ്പിക്കുന്നത് ഖുർആൻ പാരായണവും ശ്രവണവും: അല്ലാഹുവിനെക്കുറിച്ച് അനുസ്മരിക്കപ്പെട്ടാൽ ഹൃദയങ്ങൾ പേടിച്ചു വിറകൊള്ളുകയും അവന്റെ സൂക്തങ്ങൾ പാരായണം ചെയ്യപ്പെട്ടാൽ വിശ്വാസം വർദ്ധിക്കുകയും ചെയ്യുന്നതാണ് (സൂറത്തുൽ അൻഫാൽ 02). ഖുർആൻ ശമനവുമാണ്. അല്ലാഹു പറയുന്നു: സത്യവിശ്വാസികൾക്ക് ശമനവും കാരുണ്യവുമായിട്ടുള്ളതാണ് ഖുർആനിലൂടെ നാം ഇറക്കുന്നത് (സൂറത്തുൽ ഇസ്‌റാഅ് 82). ഖുർആൻ ഹൃദയങ്ങൾക്ക് ശാന്തിയും സ്വസ്ഥതയുമാണ് നൽകുന്നത്: അറിയുക, ദൈവസ്മരണകൊണ്ടു മാത്രമേ ഹൃദയങ്ങൾക്കു പ്രശാന്തി കൈവരൂ (സൂറത്തു റഅ്ദ് 28). അപ്രകാരം ഖുർആൻ പാരായണം ചെയ്തും ഉൾക്കൊണ്ടും ജീവിച്ചാൽ വിജയം സുനിശ്ചിതമാണ്: അപ്പോൾ ആരത് അനുധാവനം ചെയ്യുന്നുവോ അവർ മാർഗഭ്രഷ്ടരോ ഭാഗ്യശൂന്യരോ ആയിത്തീരില്ല (സൂറത്തു ത്വാഹാ 123).
ഖുർആൻ പാരായണം, ശ്രവണം, പഠനം, അധ്യാപനം, മനപാഠം, ഗഹനം, വിചിന്തനം എന്നിവയുമായി നമ്മുക്ക് ജീവിതം സന്തുഷ്ടമാക്കാം. തീർച്ചയായും ഖുർആൻ അതിനെ കൊണ്ടു നടന്നയാളുകൾക്ക് അന്ത്യനാളിൽ ശിപാർശയുമായെത്തുമെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് മുസ്ലിം 804).

