ഇസ്‌റാഉം മിഹ്‌റാജും ശാന്തി പ്രയാണങ്ങൾ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 17.02.2023

വിഷയം: ഇസ്‌റാഅ് മിഹ്‌റാജ്

നമ്മുടെ മുഹമ്മദ് നബി (സ്വ)യുടെ മുഅ്ജിസത്തുകളിൽ വെച്ച് മഹത്തരമായ സംഭവങ്ങളാണ് ഇസ്‌റാഉം മിഹ്‌റാജും. അല്ലാഹു നബി (സ്വ)യെ ഇസ്‌റാഅ് മിഹ്‌റാജ് പ്രയാണങ്ങൾ നടത്തി ആദരിച്ചിരിക്കുകയാണ്, മാത്രമല്ല നബി (സ്വ) സിദ്‌റത്തുൽ മുൻതഹായിലേക്ക് ഉയർത്തുകയുമുണ്ടായി. ആകാശാരോഹണ രാപ്രയാണങ്ങളിൽ നബി (സ്വ) മറ്റു നബിമാരെ കണ്ടുമുട്ടി അവർക്ക് സലാം പറഞ്ഞ് അഭിവാദ്യം അർപ്പിക്കുകയുണ്ടായി, അപ്പോൾ അവരും നബി (സ്വ)ക്ക് ആദരപൂർവ്വം പ്രതിവാദ്യം ചെയ്തു. നബി (സ്വ) പറയുന്നുണ്ട്: ഞാൻ ഇസ്‌റാഅ് പ്രയാണത്തിൽ ആദം നബി (അ)യുടെ അടുത്ത് പോയി സലാം പറഞ്ഞു. അദ്ദേഹം പറഞ്ഞു നല്ലവനായ പുത്രന്, സച്ചരിതനായ പ്രവാചകന് സ്വാഗതം. പിന്നെ യഹ്‌യാ (അ), ഈസാ (അ), യൂസുഫ് (അ), ഇദ്‌രീസ് (അ), ഹാറൂൻ (അ), മൂസാ (അ) എന്നീ നബിമാരെയും കണ്ട് സലാം പറഞ്ഞു. അവർ ഓരോർത്തരും നബി (സ്വ) ക്ക് സുസ്വാഗതമോതി (സ്വഹീഹു ഇബ്‌നു ഖുസൈമ 301) . പിന്നെ ഇബ്രാഹിം നബി (അ)യുടെ അരികിലൂടെ പോയി. ഇബ്രാഹിം നബി (അ)യും സ്വാഗതമരുളി. ശേഷം പറഞ്ഞു: യാ മുഹമ്മദ് താങ്കളുടെ സമുദായത്തോട് എന്റെ സലാം പറയണം (ഹദീസ് തുർമുദി 3462).

പ്രവാചകന്മാർക്കിടയിലെ സ്‌നേഹവും ശാന്തി പ്രയോഗവും അവരുടെ സത്യസന്ദേശങ്ങളുടെ സമന്വയവും തെളിയിക്കുന്നതാണ് ഇസ്‌റാഅ് മിഹ്‌റാജ് പ്രയാണങ്ങൾ. പ്രവാചകന്മാർ അല്ലാഹുവിൽ നിന്ന് പകർന്നതാണ് ഈ ശാന്തി രക്ഷാഭിവാദ്യം. അല്ലാഹു ഖുർആനിൽ പലേടങ്ങളിലായി അക്കാര്യം പ്രസ്താവിക്കുന്നുമുണ്ട്: ഇബ്രാഹിം നബിയുടെ മേൽ സമാധാനം വർഷിക്കട്ടെ (സൂറത്തു സ്സ്വഫ്ഹാത്ത് 109). മൂസാ നബിക്കും ഹാറൂൻ നബിക്കും സമാധാനം ഭവിക്കട്ടെ (സൂറത്തു സ്സ്വഫ്ഹാത്ത് 120). ഈസാ നബി (അ) കുഞ്ഞിയിരിക്കെ തൊട്ടിലിൽ സംസാരിച്ചത് ഖുർആൻ ഉദ്ധരിക്കുന്നുണ്ട് : ജനന മരണ നാളുകളിലും പുനരുത്ഥാന ദിനവും എനിക്ക് ശാന്തിയുണ്ടായിരിക്കുന്നതാണ് (സൂറത്തു മർയം 33). എല്ലാ സത്യദൂതന്മാരെയും അല്ലാഹു ശാന്തി നൽകി ആദരിച്ചതും പരാമർശിക്കുന്നുണ്ട്: ദൈവദൂതന്മാർക്കു സമാധാനം ഭവിക്കട്ടെ (സൂറത്തു സ്സ്വഫ്ഹാത്ത് 181). 

പ്രവാചകന്മാരെല്ലാവരും ഈ ശാന്തി സമാധാനത്തിന്റെ ദൂത് സ്വജീവിതങ്ങൡ പകർത്തുകയും സമുദായംഗങ്ങൾക്ക് പകരുകയും ചെയ്തിരുന്നു. നമ്മുടെ മുഹമ്മദ് നബി (സ്വ)യുടെ ജീവിത സന്ദേശം തന്നെ മാനവികതക്കുള്ള രക്ഷ എന്നതായിരുന്നു. നബി (സ്വ) പകർന്നതും പ്രബോധനം ചെയ്തതും ശാന്തിയും സമാധാനവുമായിരുന്നു. ആ രക്ഷയാണ് ഇസ്ലാം. 

സത്യപ്രബോധകരായ പ്രവാചകന്മാരുടെ ആ രക്ഷാമാർഗം നാം സാമൂഹിക ജീവിതത്തിൽ പിൻപറ്റേണ്ടിയിരിക്കുന്നു. സത്യവിശ്വാസിയെന്നാൽ അവന്റെ കൈദ്രോഹങ്ങളിൽ നിന്നും നാക്കുദ്രോഹങ്ങളിൽ നിന്നും ജനങ്ങൾ രക്ഷപ്പെട്ടിരിക്കുമെന്നാണ് നബി അധ്യാപനം (ഹദീസ് നസാഈ 4995, അഹ്‌മദ് 23958). രക്ഷ കൊണ്ട് അഭിവാദ്യം ചെയ്യുന്ന സലാം പറച്ചിൽ പരസ്പരം വ്യാപകമായി നടത്താനും നബി (സ്വ) പ്രോൽസാഹിപ്പിച്ചിട്ടുണ്ട്. ഇസ്ലാമിൽ ഏതു കാര്യമാണ് ഉത്തമമെന്ന് ചോദിച്ചയാളോട് താങ്കൾ അറിയുന്നവരോടും അറിയാത്തവരോടും സലാം പറയുന്നതാണെന്ന് നബി (സ്വ) നിർദേശിക്കുകയുണ്ടായി (ഹദീസ് ബുഖാരി, മുസ്ലിം). 



back to top