യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി 10.02.2023
വിഷയം സത്യവിശ്വാസിയുടെ കാര്യം എന്നും നന്മ മാത്രം
നബി (സ്വ) പറയുന്നുണ്ട്: സത്യവിശ്വാസിയുടെ കാര്യം ആശ്ചര്യകരം തന്നെ, സത്യവിശ്വാസിക്ക് എല്ലാം നന്മയാണ്. അങ്ങനെ സത്യവിശ്വാസിക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ. അവന് ഒരു സന്തോഷമുണ്ടായാൽ നന്ദിയുള്ളവനായിരിക്കും. ഒരു പ്രയാസം നേരിട്ടാൽ ക്ഷമിച്ചിരിക്കും. അപ്രകാരം എല്ലാം അവന് നല്ലതായിരിക്കും (ഹദീസ് മുസ്ലിം 5318).
ഈ ഐഹിക ലോകത്ത് അല്ലാഹു മനുഷ്യന് എല്ലാ അവസ്ഥാന്തരങ്ങളും നൽകി പരീക്ഷിക്കും. ക്ഷാമവും ക്ഷേമവും നൽകും. ദുഖവും സുഖവും നൽകും. എല്ലാം അവന്റെ യുക്തമായ വിധികളാണ്. അല്ലാഹു തന്നെ പറയുന്നുണ്ട്: പരിശോധിച്ചറിയാനായി നിങ്ങളെ നന്മകൊണ്ടും തിന്മകൊണ്ടും നാം പരീക്ഷണവിധേയരാക്കുന്നതാണ്, നിങ്ങളെ മടക്കപ്പെടുക നമ്മിലേക്ക് തന്നെയായിരിക്കും (സൂറത്തുൽ അമ്പിയാഅ് 35). നന്മയായാലും തിന്മയായാലും അല്ലാഹുവിന്റെ വിധികളിൽ വിശ്വാസിക്കുന്ന, അവൻ തരുന്നതിലും തരാത്തതിലും അവന്റെ യുക്തി ഉറപ്പിക്കുന്ന സത്യവിശ്വാസി എല്ലാം അവനിൽ നിന്നുള്ള നന്മ മാത്രമെന്ന് ഉറച്ചുവിശ്വസിക്കുന്നവനാണ്. അല്ലാഹു നബി (സ്വ) യോട് പറഞ്ഞിട്ടുണ്ട്: നബിയേ എല്ലാം അല്ലാഹുവിങ്കൽ നിന്നുണ്ടാകുന്നതാണ് എന്ന് അങ്ങ് പ്രഖ്യാപിക്കുക (സൂറത്തുന്നിസാഅ് 78).
അല്ലാഹുവാണ് ഏറ്റവും യുക്തിമാൻ, അവൻ തന്നെ ഏറ്റവും വലിയ കാരുണ്യവാൻ. അവന്റെ സ്രഷ്ടികൾക്കുള്ള നന്മയും ഉപകാരവുമെല്ലാം അവനറിയാം. ഒരു കാര്യം ഉദാത്തമായിരിക്കെ നിങ്ങൾക്ക് അനിഷ്ടപ്പെട്ടെന്നു വരാം, ദോഷമായിരിക്കെ പ്രിയങ്കരമായെന്നും ഭവിക്കാം. അല്ലാഹു അറിയുന്നു, നിങ്ങൾ അറിയുന്നില്ല (സൂറത്തുൽ ബഖറ 216).
ഒരു ഇഷ്ടകാര്യമുണ്ടായാൽ അത് നൽകിയ അല്ലാഹുവിനോട് മനസ്സാ വാചാ കർമണാ നന്ദി പ്രകടിപ്പിക്കുന്നവനാണ് സത്യവിശ്വാസി. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് കൃതജ്ഞത പ്രകാശിപ്പിക്കാൻ സൂറത്തുന്നഹ്‌ല് 114ാം സൂക്തത്തിലൂടെ കൽപ്പിക്കുന്നുണ്ട്. അല്ലാഹു നൽകിയ അനുഗ്രഹങ്ങൾ അവനെ അനുസരിക്കുന്നതിലും ആരാധിക്കുന്നതിലും, അവന്റെ സ്രഷ്ടികളോട് നന്മ ചെയ്യുന്നതിലും അവരിലെ അശരണർക്ക് താങ്ങാവാനും അവശർക്കും ദരിദ്രർക്കും സഹായമെത്തിക്കാനും ഉപയോഗിക്കുമ്പോൾ അവനിക്ക് അല്ലാഹുവിന്റെ സഹായം ഉണ്ടാവും. അവന്റെ കാര്യങ്ങൾ എളുപ്പമാക്കും. അനുഗ്രഹങ്ങൾ തുടർന്നും കൂടുതൽ കൂടുതൽ നൽകുകയും ചെയ്യും. അല്ലാഹു പറയുന്നു: അവന്ന് ഉദാത്തമായ കടം നൽകുന്നവനായി ആരുണ്ട്? എങ്കിൽ അയാൾക്കവൻ അനേകമടങ്ങായി തിരിച്ചുകൊടുക്കും, ഞെരുക്കവും ആശ്വാസവുംമുണ്ടാക്കുന്നത് അല്ലാഹുവാണ്. അവനിലേക്കു തന്നെയാണ് നിങ്ങൾ മടക്കപ്പെടുക (സൂറത്തുൽ ബഖറ 245). നന്ദി പ്രകാശിപ്പിക്കുന്നവർക്ക് തക്ക പ്രതിഫലം നാം നൽകും (സൂറത്തു ആലുഇംറാൻ 145).
സത്യവിശ്വാസികൾ ആപത്തു ഘട്ടങ്ങളിൽ ക്ഷമിക്കുന്നവരാണ്, അല്ലാഹുവിന്റെ വിധിയിൽ വിശ്വാസമർപ്പിച്ച് സഹനം കൈകൊള്ളുന്നവരാണവർ. അല്ലാഹു വിധിച്ചത് മാത്രമാണ് തനിക്ക് സംഭവിച്ചതെന്നും വിധിക്കാത്തത് സംഭവിച്ചിട്ടില്ലെന്ന് ദൃഢനിശ്ചയം നടത്തി എല്ലാം ക്ഷമയോടെ നേരിടുന്ന വിശ്വാസിയോടൊപ്പം എന്നും നാഥനുണ്ടാവും. ക്ഷമ കൈകൊള്ളാൻ കൽപ്പിക്കുന്ന അല്ലാഹു, അവൻ ക്ഷമിക്കുന്നവരോടൊപ്പമെന്ന് പ്രഖ്യാപിക്കുന്നുണ്ട് (സൂറത്തുൽ അൻഫാൽ 46). അങ്ങനെയുള്ളവർക്ക് അല്ലാഹു വേദനകൾ നീക്കി ആശ്വാസം നൽകുന്നതായിരിക്കും. അനിഷ്ട കാര്യങ്ങളിൽ ക്ഷമിക്കുന്നവർക്ക് ധാരാളം നന്മകളുണ്ടെന്നാണ് നബി (സ്വ) അറിയിച്ചത് (ഹദീസ് അഹ്‌മദ് 2857). ക്ഷമിക്കുന്നവർക്ക് പരിധിയില്ലാതെ കണക്കറ്റ് പ്രതിഫലങ്ങൾ നൽകുമെന്ന് അല്ലാഹുവും പറഞ്ഞിട്ടുണ്ട് (സൂറത്തു സുമർ 10).

