നന്മകൾ തിന്മകളെ മായ്ച്ചുകളയും

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്


തീയ്യതി: 03/03/2023

വിഷയം: നന്മയും തിന്മയും

ഒരു ദിവസം ഒരു തിന്മ ചെയ്ത ഒരാൾ നബി (സ്വ)യുടെ അടുക്കൽ വന്ന് ചെയ്ത തെറ്റ് ബോധിപ്പിക്കുകയുണ്ടായി. അപ്പോഴാണ് ഹൂദ് സൂറത്തിലെ 114ാം സൂക്തം അവതരിക്കുന്നത്. അത് ഇങ്ങനെ: 'പകലിന്റെ രണ്ടറ്റങ്ങളിലും രാത്രിയിലെ ചില സന്ദർഭങ്ങളിലും താങ്കൾ യഥായോഗ്യം നമസ്‌ക്കാരം നിലനിർത്തുക, സൽകർമ്മങ്ങൾ ദുഷ്‌കർമ്മങ്ങളെ ഇല്ലായ്മ ചെയ്യും തീർച്ച. ചിന്തിക്കുന്നവർക്കിത് ഒരുദ്‌ബോധനമാണ്'. അപ്പോൾ അവിടെയുള്ളവർ ചോദിച്ചു: തിരുദൂതരേ, ഇക്കാര്യം ഇയാൾക്ക് പ്രത്യേകമാണോ? നബി (സ്വ) അരുളി അല്ല, ഇത് സകലർക്കും ബാധകമായതാണ് (ഹദീസ് ബുഖാരി, മുസ്ലിം).

അല്ലാഹു അവന്റെ പാപികളും ദോഷികളുമായ അടിമകൾക്ക് നൽകുന്ന കരുണക്കാര്യങ്ങളാണിതൊക്കെയും. അല്ലാഹു മനുഷ്യന്റെ ദോഷങ്ങളെ പൊറുത്തുകൊടുക്കുകയും തെറ്റുകുറ്റങ്ങൾ മായ്ച്ചു ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. ഒരു കുറ്റം ചെയ്തു പോയാൽ അതിനെ തുടർന്ന് ഒരു നന്മ ചെയ്യണമെന്നാണ് നബി (സ്വ) സമുദായത്തോട് വസ്വിയ്യത്ത് ചെയ്തിരിക്കുന്നത്, അങ്ങനെ നന്മ ആ തിന്മ യെ മായ്ച്ചു കളയുമത്രെ (ഹദീസ് തുർമുദി 1987, അഹ്‌മദ് 21354). 

മനുഷ്യൻ ചെയ്ത നന്മകളും തിന്മകളും അന്ത്യനാളിൽ ബോധ്യപ്പെടുത്തും, എന്നിട്ട് ഒരോ തിന്മക്കും പകരമായി നന്മയുണ്ടെന്ന് പ്രസ്താവിക്കപ്പെടും (ഹദീസ് മുസ്ലിം 190). തിന്മക്ക് നന്മ പകരംവെക്കുന്നത് ചെയ്ത കുറ്റങ്ങളിൽ ഖേദിച്ചു മടങ്ങുകയും ചെയ്തതിൽ ലജ്ജിക്കുകയും തുടർന്ന് നന്മ ചെയ്തവർക്കുമാണെന്നാണ് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിരിക്കുന്നത്. പശ്ചാത്തപിക്കുകയും സത്യവിശ്വാസം കൈക്കൊള്ളുകയും സൽക്കർമ്മങ്ങളനുഷ്ഠിക്കുകയും ചെയ്തവരുടെ പാപങ്ങൾക്കു അല്ലാഹു സൽകർമ്മങ്ങൾ പകരമാക്കിക്കൊടുക്കുമെന്ന് സൂറത്തുൽ ഫുർഖാൻ 70ാം സൂക്തത്തിൽ കാണാം.

നമസ്‌ക്കാരങ്ങൾ, ദാനധർമ്മങ്ങൾ, നോമ്പുകൾ, കുടുംബബന്ധങ്ങൾ ചേർക്കൽ, മറ്റു ആരാധനകൾ എല്ലാം തിന്മകളെ ഇല്ലായ്മ ചെയ്യുന്ന സുകൃതങ്ങളാണ്. ദൈവസ്മരണയാണ് അതിൽ പ്രധാനം. ജുമുഅ നമസ്‌കാരത്തിന്റെ ഖുത്ബകൾ ശ്രദ്ധിച്ചു കേൾക്കലും വിജ്ഞാന സദസ്സുകളിൽ പങ്കെടുക്കലുമെല്ലാം അത്തരം നന്മകളാണ്.  നബി (സ്വ) പറയുന്നു: അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ട് അവനെ സ്മരിക്കാൻ ഒരുമിച്ചുകൂടന്നവർക്ക് വേണ്ടി ആകാശ ലോകത്ത് ഒരശരീരി മുഴങ്ങും: 'പാപമോക്ഷിതരായി നിങ്ങൾ എഴുന്നേൽക്കൂ, നിങ്ങളുടെ പാപങ്ങൾക്ക് നന്മകൾ പകരമാക്കപ്പെട്ടിരിക്കുകയാണ്' (ഹദീസ് അഹ്്മദ് 12453). 

ചില സമയങ്ങളും മുഹൂർത്തങ്ങളും നന്മകൾക്കായി സവിശേഷമായതാണ്. അതിൽ പ്രധാനമാണ് നന്മകളുടെ മേളക്കാലമായ റമദാൻ മാസം. അതിന് മുന്നോടിയായുള്ള ശഅ്ബാൻ മാസവും പ്രത്യേകതകളാർന്നതാണ്. ദൈവികോശാരങ്ങൾ ചൊരിയപ്പെടുന്ന മാസമാണത്. ഒരു വർഷത്തെ മൊത്തം കർമ്മങ്ങളും അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്ന വേളയുമാണ്. അതുകൊണ്ടു തന്നെ ഈ മാസത്തിൽ നബി (സ്വ) വ്രതം അധികരിപ്പിക്കുമായിരുന്നു. വ്രതം ദോഷങ്ങളെ പൊറുപ്പിക്കുന്ന നന്മകളിൽ പ്രധാനമാണല്ലൊ. ഒരിക്കൽ ഉസാമ ബ്‌നു സൈദ് (റ) നബി (സ്വ)യോട് പറയുകയുണ്ടായി: തിരുദൂതരേ, അങ്ങ് ശഅ്ബാൻ മാസത്തിലേത് പോലെ മറ്റൊരു മാസത്തിലും വ്രതമനുഷ്ഠിക്കുന്നത് ഞാൻ കണ്ടിട്ടില്ല. നബി (സ്വ) പറഞ്ഞു: റജബ്, റമദാൻ എന്നീ മാസങ്ങൾക്കിടയിലായി ജനങ്ങൾ ശ്രദ്ധിക്കാതെ പോവുന്ന മാസമാണത്. പ്രപഞ്ചനാഥനിലേക്ക് കർമ്മങ്ങൾ ഉയർത്തപ്പെടുന്ന മാസമാണത്. നോമ്പുകാരനായിരിക്കെ എന്റെ കർമ്മം ഉയർത്തപ്പെടാനാണ് എനിക്കിഷ്ടം (ഹദീസ് നസാഈ 2357).

മനുഷ്യരുടെ വിട്ടുവീഴ്ചാ സ്വഭാവവും അല്ലാഹുവിൽ നിന്നുള്ള വിട്ടുവീഴചക്കും വിടുതിക്കും കാരണമാവുന്നതാണ്. അല്ലാഹു തന്നെ പറയുന്നുണ്ട്: മാപ്പരുളുകയും വിട്ടുവീഴ്ച ചെയ്യുകയുമാണു വേണ്ടത്, അല്ലാഹു പൊറുത്തുതരുന്നത് നിങ്ങളിഷ്ടപ്പെടുകയില്ലേ അവൻ ഏറെ പൊറുക്കുന്നവനും കരുണാമയനുമത്രേ (സൂറത്തുന്നൂർ 22).


back to top