കോപിക്കരുത്

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 10/03/2023

വിഷയം: കോപ നിയന്ത്രണം

അല്ലാഹു പറയുന്നുണ്ട്: നാഥങ്കൽ നിന്നുള്ള പാപമോചനത്തിലേക്കും ഭുവന വാനങ്ങളുടെ വിസ്തൃതിയുള്ള സ്വർഗത്തിലേക്കും അതിദ്രുതം ചെല്ലുക. സന്തോഷാവസ്ഥയിലും സന്താപഘട്ടത്തിലും ധനം ചെലവഴിക്കുകയും ക്രോധം ഒതുക്കുകയും ജനങ്ങൾക്ക് മാപ്പരുളുകയും ചെയ്യുന്ന സൂക്ഷ്മാലുക്കൾക്കായി സജ്ജീകൃതമാണത്. പുണ്യവാന്മാരെ അല്ലാഹു സ്‌നേഹിക്കുന്നു (സൂറത്തു ആലുഇംറാൻ 133, 134). പ്രസ്തുത ആയത്തുകളിൽ കോപ നിയന്ത്രണം സൂക്ഷ്മാലുക്കളായ പുണ്യവാന്മാരുടെ സ്വഭാവഗുണമെന്നാണ് അല്ലാഹു പറഞ്ഞുവെക്കുന്നത്. അടങ്ങാത്ത ദേഷ്യമാണല്ലൊ കോപം. അതു അടക്കിപിടിക്കുന്നവരാണ് സ്വന്തത്തെ നിയന്ത്രിക്കാനാവുന്നവർ. അവർ ദൈവകൃപ ആഗ്രഹിക്കുന്നതിനാൽ മറ്റുള്ളവരെ ദ്രോഹിക്കാനാഗ്രഹിക്കുകയില്ല.

പകപോക്കലിനും പ്രതികാരത്തിനും സാധ്യമായിരിക്കെ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചു കൊണ്ട് കോപത്തെ അടക്കിപ്പിടിക്കുന്നവന് അധികരിച്ച പ്രതിഫലങ്ങളുണ്ടെന്നാണ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് ഇബ്‌നുമാജ 4189). കോപ നിയന്ത്രണത്തിന് ഏറെ മാധുര്യമുള്ള പരിണതഫലമാണുള്ളതെന്ന് അലി (റ) മൊഴിഞ്ഞിട്ടുണ്ട്. ക്രോധത്തെ അടച്ചുപിടിച്ചാൽ പിന്നീടത് സ്വന്തം മനസ്സിന് ആശ്വാസം നൽകും. മറ്റുള്ളവരിൽ മതിപ്പും സ്‌നേഹവും വരുത്തും. അതുവഴി മനസ്സുകൾ ഇണങ്ങാനും കരുണാർദ്രമാവാനും കാരണമാവും. 

കോപ നിയന്ത്രണം പ്രവാചകന്മാരുടെ ഉത്തുംഗമായ സ്വഭാവ വൈശിഷ്ട്യമാണ്. അനസ് ബ്‌നു മാലിക് (റ) റിപ്പോർട്ട് ചെയ്യുന്നു: ഒരിക്കൽ ഞാൻ നബി (സ്വ)യോടൊപ്പം നടക്കുകയായിരുന്നു. നബി (സ്വ)യുടെ ശരീരത്തിൽ അഗ്രഭാഗം പരുക്കമായുള്ള തുണി തട്ടമായി ഇട്ടിട്ടുണ്ടായിരുന്നു. അന്നേരം ഒരാൾ നബി (സ്വ)യുടെ ആ തട്ടം ശക്തമായി വലിച്ചു. അത് തിരുമേനി (സ്വ)യുടെ തോളിൽ പരിക്കേൽപ്പിച്ചു. ശേഷം അയാൾ പറഞ്ഞു: ഹേ മുഹമ്മദ്, താങ്കളുടെ പക്കലുള്ള അല്ലാഹുവിന്റെ ധനത്തിൽ നിന്ന് എനിക്ക് തരാൻ പറ. അപ്പോൾ നബി (സ്വ) അയാളിലേക്ക് തിരിഞ്ഞ് പുഞ്ചിരിക്കുകയുണ്ടായി. ശേഷം അയാൾക്ക് ദാനം നൽകാൻ പറഞ്ഞു (ഹദീസ് ബുഖാരി, മുസ്ലിം). 

നാം നബി ചര്യ പിൻപറ്റുന്നവരാണെങ്കിൽ കോപം അടക്കിപ്പിടിച്ച് ക്ഷമിച്ചിരിക്കണം. അങ്ങനെയുള്ളവർക്ക് അന്ത്യനാളിൽ നല്ല പ്രതിഫലമുണ്ടെന്നാണ് നബി (സ്വ) സന്തോഷ വാർത്ത അറിയിച്ചിരിക്കുന്നത്. കോപം തീർക്കാൻ പറ്റുമായിരുന്നിട്ടും അടക്കിപ്പിടിച്ചവന്റെ ഹൃദയത്തിൽ അന്ത്യനാളിൽ അല്ലാഹു പ്രതീക്ഷ നിറച്ചുകൊടുക്കുന്നതായിരിക്കും (മുഅ്ജമുൽ സ്വഗീർ ത്വബ്‌റാനി 681). 

കോപം പിടിച്ചുനിർത്താനുള്ള വഴിയായി നബി (സ്വ) വിശദീകരിച്ചത് ദേഷ്യത്തിന്റെ കാരണങ്ങൾ ഇല്ലാത്താക്കലാണ്. സാരോപദേശം ചോദിച്ചയാളോട് താങ്കൾ ദേഷ്യപ്പെടരുത് എന്നാണ് നബി (സ്വ) ഉപദേശിച്ചത് (ഹദീസ് ബുഖാരി 6116). കോപം അടക്കിനിർത്താനായില്ലെങ്കിൽ ബന്ധങ്ങൾ തകർന്നടിയും. പ്രതിസന്ധികളും പ്രയാസങ്ങളും നേരിടും. 

ദേഷ്യം വന്നാൽ ആദ്യം മനസ്സിനെ അടക്കിനിർത്തി നാവിനെ നിയന്ത്രണവിധേയമാക്കണം. അല്ലാഹുവിനോട് പിശാചിൽ നിന്ന് കാവൽ തേടണം. കോപം നിയന്ത്രിക്കുന്നവർക്ക് അല്ലാഹു നൽകുന്ന പ്രതിഫലങ്ങൾ മനസ്സിൽ നിനക്കണം. പകപോക്കലിനും ആവതുണ്ടായിട്ടു പോലും കോപം നിയന്ത്രിച്ചവരെ അല്ലാഹു അന്ത്യനാളിൽ സൃഷ്ടികൾക്ക് മുമ്പിൽ വിളിച്ച് പ്രൗഡി പറയുമെന്നാണ് നബി (സ്വ) അറിയിച്ചത് (ഹദീസ് അബൂദാവൂദ് 4777). ശേഷം അവരുടെ ദോഷങ്ങൾ പൊറുത്തു നൽകി സ്വർഗത്തിൽ പ്രവേശിപ്പിക്കുമത്രെ. അവർക്കുള്ളത് അല്ലാഹു വിവരിക്കുന്നുണ്ട്: രക്ഷിതാവിങ്കൽ നിന്നുള്ള പാപമുക്തിയും അടിയിലൂടെ അരുവികളൊഴുകുന്ന സ്വർഗീയാരാമങ്ങളുമാണ് അത്തരക്കാരുടെ പ്രിതഫലം. അവരതിൽ ശാശ്വതരത്രേ. സൽകർമനിരതരുടെ കൂലി എത്ര ഉദാത്തം (സൂറത്തു ആലുഇംറാൻ 136).


back to top