യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 17/03/2023
വിഷയം: റമദാൻ; നന്മയും സത്യവിശ്വാസവും
പവിത്രമായ റമദാൻ മാസപ്പിറവി ദൃഢമായ സത്യവിശ്വാസത്തോടെയും പവിത്രതയോടെയും ശാന്തി സമാധാനത്തോടെയും വരവേൽക്കാനാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് അഹ്‌മദ് 1397). ചന്ദ്രപ്പിറവി ദർശിച്ചാൽ അവക്കായി പ്രാർത്ഥിക്കണം. സുകൃതങ്ങളുടെ മഹാമേളക്കാലമായ റമദാനിൽ സ്വർഗക്കവാടങ്ങൾ തുറക്കപ്പെടുമത്രെ (ഹദീസ് ബുഖാരി, മുസ്ലിം). കാരണം ഈ പുണ്യമാസത്തിൽ ആരാധനാനുഷ്ഠാനങ്ങൾ കൂടുതലായും അനുവർത്തിപ്പെടുകയും അവക്ക് ഇരട്ടി ഇരട്ടികളായി പ്രതിഫലങ്ങൾ നൽകപ്പെടുകയും പാപങ്ങൾക്ക് മോക്ഷം നൽകപ്പെടുകയും ചെയ്യുന്നുണ്ട്.
നന്മ ആഗ്രഹിക്കുന്നവൻ ഈ മാസത്തിൽ മുന്നിട്ടിറങ്ങണമെന്നാണ് നബി (സ്വ) നിർദേശിച്ചിരിക്കുന്നത് (ഹദീസ് തുർമുദി 682). അല്ലാഹു പറയുന്നുണ്ട്്: ഹേ സത്യവിശ്വാസികളേ, പൂർവിക സമൂഹങ്ങൾക്കെന്ന പോലെ നിങ്ങൾക്കും നിശ്ചിത ദിനങ്ങളിൽ വ്രതാനുഷ്ഠാനം നിർബന്ധമാക്കപ്പെട്ടിരിക്കുന്നു, നിങ്ങൾ ഭക്തിയുള്ളവരാകാൻ (സൂറത്തുൽ ബഖറ 183, 184). പ്രസ്തുത നിശ്ചിത ദിനങ്ങൾ റമദാൻ ദിനങ്ങളാണ്. അതിലെ ഓരോ നിമിഷങ്ങളും അനർഘമാണ്. അതുപയോഗപ്പെടുത്തിയവനാണ് ഭാഗ്യവാൻ. ദൃഢമായ സത്യവിശ്വാസത്തോടെയും അല്ലാഹുവിൽ നിന്നുള്ള പ്രതിഫലേഛയോടെയും റമദാനിൽ വ്രതമനുഷ്ഠിക്കുകയും ആരാധനനിരതരാവുകയും ചെയ്തവരുടെ ഗതകാല ദോഷകുറ്റങ്ങൾ പൊറുക്കപ്പെടുന്നതാണ് (ഹദീസ് അബൂദാവൂദ് 1371, തുർമുദി 683, ഇബ്‌നുമാജ 1326).
ഖുർആനിന്റെ മാസമാണ് റമദാൻ. മാനുഷ്യകത്തിന് വഴികാട്ടിയും സത്യാസത്യ വിവേചനത്തിനും സന്മാർഗ ദർശനത്തിനുമുള്ള സുവ്യക്ത ദൃഷ്ടാന്തങ്ങളും ആയി ഖുർആൻ അവതീർണമായ മാസമാണ് റമദാൻ (സൂറത്തുൽ ബഖറ 185). ബഹുമാന്യരായ സ്വഹാബികൾ ഖുർആനിൽ മുഴുകിയും ദികറിൽ അലിഞ്ഞും റമദാൻ മാസം ഉപയോഗപ്പെടുത്തിയവരായിരുന്നു. അല്ലാഹുവിനോട് പശ്ചാത്തപിച്ചും ശിപാർശ തേടിയും റമദാനിൽ കഴിഞ്ഞുകൂടിയവരായിരുന്നു അവർ. നബി (സ്വ) പറയുന്നു: വ്രതവും ഖുർആനും അന്ത്യനാളിൽ മനുഷ്യന് ശിപാർശ ചെയ്യുമത്രെ. വ്രതം പറയും: ഞാനിയാൾക്ക് പകലിൽ ഭക്ഷണവും വികാരങ്ങളും വിലക്കിയതാണ്, അക്കാരണത്താൽ നീ ഇയാൾക്ക് എന്റെ ശിപാർശ സ്വീകരിക്കണം. ഖുർആൻ പറയും: ഞാൻ രാത്രിയിൽ ഇയാളുടെ ഉറക്കം തടസ്സപ്പെടുത്തിയതാണ്, അതിനാൽ നീ ഇയാൾക്ക് എന്റെ ശിപാർശ സ്വീകരിക്കണം. അങ്ങനെ വ്രതത്തിന്റെയും ഖുർആനിന്റെയും ശിപാർശ സ്വീകരിക്കപ്പെടുന്നതാണ് (ഹദീസ് അഹ്‌മദ് 6785).
നവോന്മേഷത്തിന്റെയും കർമ്മനിരതയുടെയും മാസമാണ് റമദാൻ. നേട്ടങ്ങളുടെയും വിജയങ്ങളുടെയും കാലവുമാണത്. വ്രതാനുഷ്ഠാനിയായ സത്യവിശ്വാസി നമസ്‌ക്കാരങ്ങൾ കൊണ്ട് നാഥനിലേക്ക് അടുക്കുന്നതാണ്. നിർബന്ധമായ അഞ്ചു നമസ്‌ക്കാരങ്ങൾ യഥാവിധി പൂർണതയോടെ നിർവ്വഹിക്കുന്നവരുടെ പാപമോക്ഷം അല്ലാഹു ഏറ്റെടുത്തിരിക്കുന്നുവെന്നാണ് നബി വചനം (ഹദീസ് അബൂദാവൂദ് 425). സ്രഷ്ടാവിനോട് മാത്രമല്ല, സൃഷ്ടികളോട് ബന്ധങ്ങൾ സുദൃഢമാക്കി പ്രതിഫലപൂർണമാക്കാനുള്ള സുവർണാവസരം കൂടിയാണ് ഓരോ റമദാനും.

