നോമ്പുകാരന്റെ സ്വഭാവ വിശേഷങ്ങൾ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 24/03/2023

മുൻകാല പ്രവാചകന്മാരുടെ സമുദായങ്ങൾക്കെന്ന പോലെ മുഹമ്മദ് നബി (സ്വ)യുടെ സമുദായമായ നമ്മുക്കും നിർബന്ധമാക്കപ്പെട്ട ആരാധനയാണ് വ്രതം. പരിശുദ്ധ റമദാൻ മാസത്തിലെ സവിശേഷമായതുമാണത്. 

വ്രതം ആത്മാവിനും ശരീരത്തിനുമുള്ള ആരാധനയാണ്. വ്രതാനുഷ്ഠാനിയുടെ ശരീരം നോമ്പു മുറിക്കുന്ന കാര്യങ്ങൾ വിട്ടുനിൽക്കുമ്പോൾ ആത്മാവ് ഉന്നത സ്വഭാവങ്ങൾ പുൽകുകയാണ് ചെയ്യുന്നത്. നോമ്പെന്നാൽ കേവല അന്നപാനീയങ്ങൾ വർജിക്കലല്ല, സഭ്യമല്ലാത്ത സംസാരങ്ങളിൽ നിന്നും മ്ലേഛ സ്വഭാവങ്ങളിൽ നിന്നും വിട്ടുനിൽക്കൽ കൂടിയാണ് (ഹദീസ് ഇബ്‌നു ഖുസൈമ 3   242).

നോമ്പെന്ന ആരാധനയുടെ പ്രവിത്രത ഓരോർത്തരും കാത്തുസൂക്ഷിക്കണം. കണ്ണും കാതും എന്നല്ല മുഴുവൻ അവയവങ്ങളും നോമ്പുകാരായിരിക്കണം. ഇടപാടുകളിലും ക്രയവിക്രയങ്ങളിലും ക്ഷമയും മൃദുലതയും കാട്ടണം. നല്ല വാക്കുകൾ ഉപയോഗിക്കണം. വീട്ടിനകത്താണെങ്കിലും പുറത്താണെങ്കിലും, ജോലിയിലാണെങ്കലും അല്ലെങ്കിലും, യാത്രയിലാണെങ്കിലും ഡ്രൈവിങിലാണെങ്കിലും ഈ നല്ല സ്വഭാവങ്ങൾ നിലനിർത്തണം. 

ജാബിർ ബ്‌നു അബ്ദുല്ലാ (റ) പറയുന്നു: നീ നോമ്പനുഷ്ഠിച്ചാൽ നിന്റെ നാവും കണ്ണും കാതും നിഷിദ്ധ കാര്യങ്ങളിൽ നിന്നും കളവിൽ നിന്നും വിട്ടുനിന്നു നോമ്പനുഷ്ഠിക്കണം, വ്രത ദിനങ്ങളിൽ ശാന്തതയും ഗാംഭീര്യവും നിലനിർത്തണം. നോമ്പുള്ള ദിവസത്തെയും അല്ലാത്ത ദിവസത്തെയും സമമാക്കരുത് (ശുഅബുൽ ഈമാൻ ബൈഹഖി 3646). 

നോമ്പുകാരന് ഉണ്ടായിരിക്കേണ്ട ഒരു സ്വഭാവമാണ് അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ ശരിയായി ഉപയോഗിക്കുക എന്നത്. അതായത് ഒന്നിലും അമിതവ്യയം അരുത്. തുന്നാനും കുടിക്കാനും പറയുന്ന അല്ലാഹു ദുർവ്യയം ചെയ്യരുതെന്നും കൽപിക്കുന്നുണ്ട്. അവൻ ദുർവ്യയം ചെയ്യുന്നവരെ ഇഷ്ടപ്പെടുന്നില്ലത്രെ (സൂറത്തുൽ അഅ്‌റാഫ് 31). 

നോമ്പുകാരൻ തന്റെ ഭക്ഷണത്തിൽ നിന്നൊരു വിഹിതം അയൽവാസിക്കും ദരിദ്രർക്കും നൽകണം. അതിന് ഇരട്ടി പ്രതിഫലമാണുള്ളത്. നോമ്പ് തുറപ്പിച്ചവന് നോമ്പുകാരന് തുല്യമായ പ്രതിഫലം യാതൊരു ഏറ്റകുറച്ചിലുമില്ലാതെ ലഭിക്കുന്നതായിരിക്കുമെന്നാണ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് തുർമുദി 807). 

വ്രതാനുഷ്ഠാനത്തിലെ ഭക്ഷണദാനം സ്വർഗപ്രവേശം സാധ്യമാക്കുന്ന പുണ്യ പ്രവർത്തനമാണ്. 

ഒരിക്കൽ നബി (സ്വ) സ്വർഗത്തിലെ മുറികളുടെ വിശേഷണങ്ങൾ പറയുന്നത് കേട്ട ഒരാൾ ചോദിച്ചു ആ സ്വർഗം ആർക്കുള്ളതാണ് തിരുദൂതരേ, നബി (സ്വ) പറഞ്ഞു നല്ലത് മൊഴിഞ്ഞവർക്കും ഭക്ഷണം നൽകിയവർക്കും വ്രതം നിത്യമാക്കിയവർക്കും.... (ഹദീസ് തുർമുദി 1984).


back to top