യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 31/03/2023
വിഷയം: റമദാനും ഖുർആനും
മാനുഷ്യകത്തിനു വഴികാട്ടിയും സത്യാസത്യ വിവേചനത്തിനും സന്മാർഗ ദർശനത്തിനുമുള്ള സുവ്യക്ത ദൃഷ്ടാന്തങ്ങളും ആയി ഖുർആൻ അവതീർണമായ മാസമാണ് റമദാൻ. അതുകൊണ്ട് നിങ്ങളാരെങ്കെലും ആ മാസം നാട്ടിലുണ്ടെങ്കിൽ വ്രതമനുഷ്ഠിക്കണം (സൂറത്തുൽ ബഖറ 185). പരിശുദ്ധ റമദാൻ മാസം വിശുദ്ധ ഖുർആനിന്റെ അവതരണം കൊണ്ടും നിർബന്ധ വ്രതാനുഷ്ഠാനം കൊണ്ടും പ്രത്യേകമായതാണ്. മാലാഖ ജിബ്‌രീൽ (അ) റമദാനിലെ എല്ലാ രാത്രിയിലും നബി സവിധത്തിൽ ചെന്ന് ഖുർആൻ പാഠം ചെയ്യിക്കുമായിരുന്നത്രെ (ഹദീസ് ബുഖാരി 06).
മനുഷ്യന് സ്വഭാവ ശുദ്ധീകരണവും ആത്മ സംസ്‌ക്കരണവും നടത്തി ഭയഭക്തി ഉണ്ടാക്കുന്ന ഘടകങ്ങൾ രണ്ടിലുമുണ്ട്. മുൻ സമുദായങ്ങൾക്കെന്ന പോലെ മുഹമ്മദ് നബി (സ്വ)യുടെ സമുദായത്തിനും വ്രതാനുഷ്ഠാനം നിയമമാക്കപ്പെട്ടിരിക്കുന്നുവെന്ന് അല്ലാഹു പറഞ്ഞതാണ്. ലവലേശം സംശയത്തിന്റെ കണിക പോലുമില്ലാത്ത വിധം പരിശുദ്ധ ഖുർആൻ ഭയഭക്തിയുള്ള സൂക്ഷ്മാലുക്കൾക്കുള്ള സന്മാർഗ ദർശനവുമാണ്. ഖുർആനിന്റെ കാര്യത്തിലുള്ള സൂക്ഷ്മാലുക്കൾ (മുത്തഖീങ്ങൾ) യഥാവിധി അർത്ഥം മനസ്സിലാക്കി ചിന്തിച്ചു പാരായണം ചെയ്യുന്നവരും പരിപാലിക്കുന്നവരുമാണ്. അല്ലാഹു തന്നെ പറയുന്നുണ്ട്: താങ്കൾക്ക് നാമവതരിപ്പിച്ചു തന്ന അനുഗ്രഹീത ഗ്രന്ഥമാണിത്, ഇതിലെ സൂക്തങ്ങൾ ആളുകൾ ചിന്താവിധേയമാക്കുവാനും ബുദ്ധിശാലികൾ പാഠമുൾക്കൊള്ളാനും വേണ്ടി (സൂറത്തു സ്വാദ് 29).
ആശയങ്ങൾ മനസ്സിലിരുത്തി വിചിന്തനങ്ങൾ നടത്തി പാരായണം നടത്തുകയും അതനുസരിച്ച് ജീവിതം പാകപ്പെടുത്തുകയും ചെയ്യാൻ വേണ്ടിയാണ് ഖുർആൻ അല്ലാഹു ഇറക്കിയിരിക്കുന്നത്.
സൂറത്തുൽ അൻആം 155ാം സൂക്തത്തിലൂടെ അല്ലാഹു പറയുന്നു: ഈ ഖുർആൻ നാമവതരിപ്പിച്ച അനുഗ്രഹീത ഗ്രന്ഥമത്രേ, അതുകൊണ്ടു നിങ്ങളത് അനുധാവനം ചെയ്യുകയും കൽപനകൾ സൂക്ഷിക്കുകയും ചെയ്യുക. ഖുർആനിനെ അനുധാവനം ചെയ്യുന്നത് ഹൃദയത്തിന് പ്രഭകൾ പകരും, മനസ്സിന് ശാന്തിസമാധാനങ്ങൾ നൽകും, മാത്രമല്ല ഇഹപരലോക വിജയങ്ങൾക്ക് തന്നെ കാരണമാവും. തങ്ങളുടെ നാഥന്റെ അനുമതിയനുസരിച്ച് മനുഷ്യരെ അന്ധകാരങ്ങളിൽ നിന്ന് പ്രകാശത്തിലേക്ക് പ്രതാപശാലിയും സ്തുത്യർഹനുമായവന്റെ ഭുവനവാനങ്ങളിലുള്ളവയുടെ ഉടമയായ അല്ലാഹുവിന്റെ പന്ഥാവിലേക്ക് കൊണ്ടുവരാനായി താങ്കൾക്കു നാമവതരിപ്പിച്ചു തന്ന വേദമാണിത് (സൂറത്തു ഇബ്രാഹിം 01). നിശ്ചയം ഈ ഖുർആൻ ഏറ്റവും ഋജുവായതിലേക്ക് നയിക്കുന്നതാണ് (സൂറത്തുൽ അൻആം 155).
ഖുർആനും നോമ്പും നൽകി അല്ലാഹു നമ്മെ ആദരിച്ചിരിക്കുകയാണ്. രണ്ടും ജീവിതത്തിൽ അനുഷ്ഠിക്കുന്നവർക്ക് മരണാനന്തരം ശുപാർശകരായെത്തും. നബി (സ്വ) പറയുന്നു: വ്രതവും ഖുർആനും അന്ത്യനാളിൽ മനുഷ്യന് ശിപാർശ ചെയ്യുമത്രെ. വ്രതം പറയും: ഞാനിയാൾക്ക് പകലിൽ ഭക്ഷണവും വികാരങ്ങളും വിലക്കിയതാണ്, അക്കാരണത്താൽ നീ ഇയാൾക്ക് എന്റെ ശിപാർശ സ്വീകരിക്കണം. ഖുർആൻ പറയും: ഞാനിയാൾ രാത്രിയിൽ ഉറക്കം തടസ്സപ്പെടുത്തിയതാണ്, അതിനാൽ നീ ഇയാൾക്ക് എന്റെ ശിപാർശ സ്വീകരിക്കണം. അങ്ങനെ വ്രതത്തിന്റെയും ഖുർആനിന്റെയും ശിപാർശ സ്വീകരിക്കപ്പെടുന്നതാണ് (ഹദീസ് അഹ്‌മദ് 6785).
ഖുർആൻ പാരായണം സൗഭാഗ്യങ്ങൾ വരുത്തുന്നതാണ്. മാത്രമല്ല ഇരട്ട പ്രതിഫലാർഹതകൾ സമ്മാനിക്കുകയും സ്ഥാന ഉയർച്ചകൾ നൽകുന്നതുമാണ്. ഖുർആനിലെ ഓരോ അക്ഷരം പാരായണം ചെയ്താലും ഒരു നന്മയുടെ സ്ഥാനത്താണത്, ഓരോ നന്മക്കും പത്തിരട്ടി പ്രതിഫലവുമുണ്ട് (ഹദീസ് തുർമുദി 2910). ഖുർആൻ അനുവർത്തിച്ചവനോട് അന്ത്യനാളിൽ പാരായണം ചെയ്യാനും ഉയരാനും ഐഹിക ലോകത്തോട് ഓതിയത് പോലെ സ്വരഭംഗിയോടെ ഓതാനും വിളിച്ചുപറയുമത്രെ, തന്റെ സ്ഥാനം അവസാനം ഓതിയ സൂക്തം പ്രകാരമായിരിക്കുമെന്നും അറിയിക്കും (ഹദീസ് തുർമുദി 2914).

