യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 07/04/2023
വിഷയം: ദാനധർമ്മം
സത്യവിശ്വാസിയുടെ പ്രധാന അനുഷ്ഠാനമാണ് ദാനം. മർമ്മമുള്ള ധർമ്മവുമാണ് ദാനം.
എത്ര ചെലവഴിച്ചാലും നഷ്ടം വരാത്ത മുതൽമുടക്കാണ് ദാനധർമ്മം.
അല്ലാഹു പറയുന്നു: നിശ്ചയം അല്ലാഹുവിന്റെ വേദം പാരായണം ചെയ്യുകയും നമസ്‌കാരം കൃത്യമായി നിർവ്വഹിക്കുകയും നാം നൽകിയ ധനം രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവർ പ്രത്യാശിക്കുന്നത് തീരേ നഷ്ടം വരാത്ത കച്ചവടമത്രേ. കാരണം അവരുടെ പ്രതിഫലം അല്ലാഹു പൂർത്തിയാക്കി നൽകുന്നതും തന്റെ ഔദാര്യത്താൽ വർദ്ധിപ്പിച്ചു കൊടുക്കുന്നതുമാകുന്നു. അവൻ ഏറെ പൊറുക്കുന്നവനും പ്രതിഫലം നൽുകുന്നവനുമത്രേ (സൂറത്തുൽ ഫാത്വിർ 29, 30).
ദാനധർമ്മം ചെയ്യുന്നവർക്ക് അല്ലാഹു അവർ ചെവലഴിച്ചതിന്റെ ഇരട്ടി പ്രതിഫലങ്ങൾ നൽകുകയും ആ ചെലവുകൾക്ക് നല്ല പകരങ്ങൾ നൽകുകയും ചെയ്യും.
അല്ലാഹു പറയുന്നു: എന്തൊരു വസ്തു നിങ്ങൾ വ്യയം ചെയ്യുന്നുണ്ടെങ്കിലും അവനതിനു പകരം തരും. ഉപജീവനം നൽകുന്നവരിൽ അത്യുദാത്തനേ്രത അവൻ (സൂറത്തു സബഅ് 39).
റമദാൻ മാസം ദാനത്തിന്റെ മാസം കൂടിയാണ്. സ്രഷ്ടാവിന് ആരാധനകളർപ്പിക്കുമ്പോൾ സൃഷ്ടികൾക്ക് ദാനങ്ങൾ നൽകി ആദരിക്കേണ്ട അവസരമാണ് റമദാനിലേത്. അത് സൗഭാഗ്യങ്ങൾക്കും സ്വർഗലബ്ധിക്കും കാരണമാക്കും.
റമദാനിലെ ഔദാര്യങ്ങൾ ഇരട്ടികളുടെ ഇരട്ടികളായ വർധനവുകൾക്ക് വകവെക്കും. നമ്മുടെ നബി (സ്വ) അത്യുദാരമതിയായിരുന്നല്ലൊ. നബി (സ്വ) കൂടുതലായും ദാനധർമ്മങ്ങൾ ചെയ്തിരുന്നത് റമദാൻ മാസത്തിലാണ് (ഹദീസ് ബുഖാരി, മുസ്ലിം). ആ ദാനശൈലിയാണ് നാം പിൻപറ്റേണ്ടത്.
ദാനധർമ്മം ശീലമാക്കാൻ അല്ലാഹു പ്രചോദിപ്പിക്കുന്നത് പരിശുദ്ധ ഖുർആനിൽ കാണാം: നിങ്ങൾ അല്ലാഹുവിലും ദൂതരിലും വിശ്വസിക്കുകയും അവൻ നിങ്ങളെ പ്രതിനിധികളാക്കിയ ധനം ചെലവഴിക്കുകയും ചെയ്യുക. അങ്ങനെ നിങ്ങളിൽ നിന്ന് സത്യവിശ്വാസം കൈക്കാള്ളുകയും ധനം ചെലവഴിക്കുകയും ചെയ്തവരാരോ അവർക്ക് മഹത്തായ കൂലിയുണ്ടാകും (സൂറത്തുൽ ഹദീദ് 07). നിത്യമായി മനുഷ്യർക്ക് ദാനധർമ്മങ്ങൾ ചെയ്യുകയും സമാശ്വാസ സേവനങ്ങൾക്ക് മുന്നിട്ടിറങ്ങുകയും ചെയ്തവരുടെ സൗഭാഗ്യങ്ങൾ നിലനിൽക്കുകയും വർധിക്കുകയും ചെയ്യും. നബി (സ്വ) പറഞ്ഞിരിക്കുന്നു: അല്ലാഹുവിന് ഒരൂ കൂട്ടരുണ്ട്, അവർക്ക് അല്ലാഹു പ്രത്യേകമായി സൗഭാഗ്യങ്ങൾ ചെയ്തുകൊണ്ടിരിക്കും, അവന്റെ മറ്റു അടിമകളുടെ ഉപകാര പ്രവർത്തനങ്ങൾക്കാണത്. അവരത് ചെലവഴിച്ചുകൊണ്ടിരിക്കുന്ന കാലത്തോളം അല്ലാഹു അവ നിലനിർത്തുകയും ചെയ്യും.
നന്മയനുവർത്തിക്കാനാണ് അല്ലാഹുവിന്റെ കൽപന, അവൻ പുണ്യവാന്മാരെ ഇഷ്ടപ്പെടുക തന്നെ ചെയ്യുമത്രെ (സൂറത്തു ബഖറ 195). മാനവിക പ്രവർത്തനങ്ങൾകൊണ്ടും ദാനൗദാര്യങ്ങൾകൊണ്ടും പുണ്യങ്ങൾ ചെയ്ത മഹാനാണ് യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ്. വഖ്ഫ് ദാനങ്ങളും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. എന്നെന്നും നിലനിൽക്കുന്ന, നിത്യമായ ഇഹപര പ്രതിഫലങ്ങളുള്ള ദാനധർമ്മമാണ് വഖ്ഫ് ദാനം. നബി (സ്വ) മനുഷ്യന്റെ മരണാന്തരവും അവനോട് ചേർന്നുനിൽക്കുന്ന സൽപ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞിട്ടുണ്ട്, ഇവയാണ്: പഠപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന അറിവുകൾ, സൽവൃത്ത സന്താനം, അനന്തരമാക്കിയ ഖുർആൻ, നിർമ്മിച്ചുനൽകിയ മസ്ജിദ്, യാത്രക്കാരന് ഒരുക്കിയ താമസസൗകര്യം, ജലസേചനം, ജീവിതത്തിലെ ആരോഗ്യ മുഹൂർത്തങ്ങളിൽ നൽകിയ ദാനധർമ്മങ്ങൾ- ഇവയെല്ലാം മരണശേഷവും സൗഭാഗ്യങ്ങളെത്തിക്കുന്ന സുകൃതങ്ങളാണ് (ഹദീസ് ഇബ്‌നു മാജ 242).

