ലൈലത്തുൽ ഖദ്ർ: പാപമോചനത്തിന്റെയും രക്ഷയുടെയും പ്രത്യേക രാവ്

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 14/04/2023

വിഷയം: ലൈലത്തുൽ ഖദ് ർ

അല്ലാഹുവിന്റെ വരദാനമാണ് പരിശുദ്ധ റമദാൻ മാസം. സൽപ്രവർത്തനങ്ങൾക്ക് ഇരട്ടികൾ ഇരട്ടികൾ പ്രതിഫലങ്ങളായി ലഭിക്കുന്ന മാസം. ഈ മാസത്തിൽ തന്നെ ഒരു രാവുണ്ട്. സഹസ്രം മാസങ്ങളേക്കാൾ പുണ്യമായ ഏക രാവാണത്. ലൈലത്തുൽ ഖദ്ർ. ലൈലത്ത് എന്നാൽ രാത്രിയെന്നർത്ഥം. ഖദ്ർ എന്നാൽ മഹത്വം, വിധിനിർണയം എന്നൊക്കെ അർത്ഥമുണ്ട്. പരിശുദ്ധ ഖുർആനിൽ ഈ രാവിനെ വിവരിച്ചുക്കൊണ്ട് അല്ലാഹു ഒരു ചെറു അധ്യായം തന്നെ ഇറക്കിയിട്ടുണ്ട്. അതാണ് സൂറത്തുൽ ഖദ്ർ. പ്രസ്തുത ഖുർആനികാധ്യായത്തെ ചുരുക്കത്തിൽ ഇങ്ങനെ ഗ്രഹിക്കാം : “നിശ്ചയം ഈ ഖുർആൻ നാം അവതരിപ്പിച്ചത് മഹത്വപൂർണമായ രാത്രിയിലത്രേ. മഹത്വപൂർണമായ രാത്രി എന്താണെന്ന് താങ്കൾക്കറിയുമോ . ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠമാണത്. മലക്കുകളും വിശിഷ്യാ ജിബ്‌രീലും തങ്ങളുടെ നാഥന്റെ അനുമതിയോടെ മുഴുകാര്യങ്ങളുമായി അന്ന് ഇറങ്ങിവരുന്നു. ഉണ്മപ്രഭാതോദയം വരെ ശാന്തിയത്രേ”. 

വിശുദ്ധ ഖുർആനിനെ ലൈലത്തുൽ ഖദ്‌റിന്റെ രാവിൽ ഇറക്കിയെന്ന് പറഞ്ഞുക്കൊണ്ടാണ് അല്ലാഹു സൂറത്ത് തുടങ്ങുന്നത്. അതായത് ഖുർആനിനെ മൊത്തമായും ലൗഹുൽ മഹ്ഫൂളിൽ നിന്ന് ആകാശലോകത്തെ ബൈത്തുൽ ഇസ്സയിലേക്ക് ഇറക്കിയത് ഈ പവിത്ര രാത്രിയിലാണ്. ഖുർആൻ അവതരണ വിശേഷം അറിയിച്ച ശേഷം അല്ലാഹു നബി (സ്വ)യോട് അഭിസംബോധനമായി ചോദിക്കുകയാണ്: താങ്കൾക്കറിയുമോ, ലൈലത്തുൽ ഖദ്ർ എന്താണെന്ന്. ശേഷം ആ മഹത്ത രാത്രിയുടെ സവിശേഷതകൾ അല്ലാഹു വർണിച്ചുക്കൊടുക്കുകയാണ്.

ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠമെന്നാൽ ഈ ഒരൊറ്റ രാത്രിയിൽ ചെയ്യുന്ന ഒറ്റ നന്മ പോലും അതേ നന്മ ആയിരം മാസം തുടർച്ചയായി ചെയ്യുന്നതിനേക്കാൾ ഉത്തമവും പ്രതിഫലാർഹവുമാണെന്ന് സാരം. ആ രാത്രിയിൽ എണ്ണമറ്റ മാലാഖമാർ ഭൂമിയിലേക്ക് ഇറങ്ങിവരുമത്രെ. അവരുടെ മുൻനിരയിൽ ജിബ്‌രീൽ (അ) ആയിരിക്കും. ആ വർഷത്തിൽ അല്ലാഹു ഓരോന്നിന്നും വിധിച്ച ഉപജീവനം, ആയുസ്, ഭക്ഷണം തുടങ്ങിയവയുടെ വിധിനിർണയങ്ങളുമായാണ് ദൈവാജ്ഞപ്രകാരമുള്ള അവരുടെ ആഗമനം. ആ നിശയിലാണ് തത്ത്വാധിഷ്ഠിതമായ എല്ലാ വിഷയങ്ങളും നമ്മുടെ പക്കൽനിന്നുള്ള കാരുണ്യമെന്ന നിലക്ക് വേർതിരിക്കപ്പെടുന്നത് (സൂറത്തുദ്ദുഖാൻ 04). ആ രാവിൽ പ്രഭാതം വിടരുവോളം അല്ലാഹുവിൽ നിന്നുള്ള പ്രത്യേക കരുണയും പരിരക്ഷയും ഭൂമിയിലേക്ക് ഇറങ്ങുന്നതായിരിക്കും. ലൈലത്തുൽ ഖദ്‌റെന്ന അതിശ്രേഷ്ഠ രാത്രി പ്രഭാതം പുലരുവോളം രക്ഷയാണെന്ന് പ്രഖ്യാപിച്ചുക്കൊണ്ടാണ് സൂറത്തുൽ ഖദ്ർ ഉപസംഹരിക്കുന്നത്. 

ലൈലത്തുൽ ഖദ്‌റിനെക്കുറച്ച് പ്രവാചകർ നബി (സ്വ) പറയുന്നു: ഒരുത്തന് ലൈലത്തുൽ ഖദ്ർ നഷ്ടമായാൽ സകല നന്മകളും അവനിക്ക് നഷ്ടമായിരിക്കുന്നു, ഹതഭാഗ്യർക്ക് മാത്രമേ ആ രാവിനെ ഉപയോഗപ്പെടുത്താനാവാതെ നഷ്ടപ്പെടുകയുള്ളൂ (ഹദീസ് ഇബ്‌നു മാജ 1644).

ഒരിക്കൽ പ്രിയപത്‌നി ആയിശാ ബീബി (റ) നബി (സ്വ)യോട് ചോദിക്കുകയുണ്ടായി: തിരുദൂതരേ, ലൈലത്തുൽ ഖദ്ർ ഏത് രാത്രിയിലാണെന്ന് എനിക്ക് അറിയുകയാണെങ്കിൽ ആ രാത്രിയിൽ ഞാൻ എന്താണ് ചൊല്ലേണ്ടത് ? നബി (സ്വ) പറഞ്ഞു: 'അല്ലാഹുവേ, നീ മാപ്പു നൽകുന്നവനാണ്, മാപ്പു നൽകുന്നത് ഇഷ്ടപ്പെടുന്നവനുമാണ്, നീ എനിക്ക് മാപ്പു നൽകണമേ' എന്ന് പ്രാർത്ഥിക്കണം (ഹദീസ് തുർമുദി 3515, ഇബ്‌നു മാജ 3850).

back to top