യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 21/04/2023
വിഷയം: പ്രായശ്ചിത്തം
പരിശുദ്ധ റമദാൻ നമ്മിൽ വ്രതവിശുദ്ധിക്കും മറ്റു പുണ്യപ്രവർത്തനങ്ങൾക്കും ആരാധനാനുഷ്ഠാനങ്ങൾക്കും അവസരങ്ങളേകി പാപമോചനത്തിന്റെയും പശ്ചാത്താപത്തിന്റെയും വാതായനങ്ങൾ തുറന്നിട്ടിരിക്കുകയാണ്. അല്ലാഹു പാപികളായ നമ്മുടെ പാപക്കറകൾ മായ്ച്ചുകളഞ്ഞ് മുക്തി തരാനിരിക്കുകയാണ്. 'ഭയഭക്തിയും പാപമോചനവും നൽകാൻ അവകാശപ്പെട്ടവൻ അവനാകുന്നു' (സൂറത്തു മുദ്ദസ്സിർ 56).
പശ്ചാത്തപിക്കുകയും പാപമുക്തി തേടുകയും സൽപ്രവർത്തനങ്ങൾ നിത്യമാക്കുകയും ചെയ്യുന്നവർക്ക് അല്ലാഹു പൊറുത്തു കൊടുക്കുന്നതാണ്. പശ്ചാത്തപിക്കുകയും സത്യവിശ്വാസം കൈക്കാള്ളുകയും അങ്ങനെ സന്മാർഗനിഷ്ഠനാകുകയും ചെയ്തവന് ഞാൻ ധാരാളമായി പൊറുത്തുകൊടുക്കുക തന്നെ ചെയ്യുന്നതാണ് (സൂറത്തു ത്വാഹാ 82).
പാപങ്ങൾ പൊറുപ്പിക്കുന്ന സൽപ്രവർത്തനങ്ങൾ പലതാണ്. അവയിൽപ്പെട്ടതാണ് പൂർണ രൂപത്തിലുള്ള വുദൂഅ് ചെയ്തുകൊണ്ട് ഭക്തിനിർഭരതയോടെയുള്ള നമസ്‌കാരം. ഒരിക്കൽ നബി (സ്വ) വുദൂഅ് ചെയ്ത് പറയുകയുണ്ടായി: ഞാൻ ചെയ്യും പ്രകാരം അംഗശുദ്ധി വരുത്തി ഭക്തിസാന്ദ്രമായി രണ്ടു റക്അത്ത് നമസ്‌കരിച്ചാൽ മുൻകഴിഞ്ഞ ദോഷങ്ങൾ പൊറുക്കപ്പെടുന്നതാണ് (ഹദീസ് ബുഖാരി, മുസ്ലിം).
പള്ളിയിലേക്ക് പോയി ജമാഅത്തായ നമസ്‌കാരത്തെ പ്രതീക്ഷിച്ചിരുന്നാൽ പാപങ്ങൾ പൊറുക്കപ്പെടുകയും പരലോക സ്ഥാനങ്ങൾ ഉയരുകയും ചെയ്യും. പള്ളിയിലേക്കുള്ള ചവിട്ടടികൾ അധികരിപ്പിക്കുന്നതിനെയും ഒരു നമസ്‌കാരത്തിന് ശേഷം മറ്റൊരു നമസ്‌കാരത്തിനായി പ്രതീക്ഷിച്ചിരിക്കുന്നതിനെയും പരാമർശിച്ച ശേഷം നബി (സ്വ) പറഞ്ഞു: ഒരാൾ ഇപ്രകാരം ചെയ്താൽ നല്ല നിലക്ക് ജീവിക്കുകയും നല്ല നില്ലക്ക് മരിക്കുകയും ചെയ്യും. അവന്റെ ചവിട്ടടികൾ കാരണത്താൽ അവൻ ഉമ്മ അവനെ പ്രവസവിച്ച പ്രകാരം പാപരഹിതനായിരിക്കും (ഹദീസ് അഹ്്മദ് 16621, തുർമുദി 3233).
ജമാത്തായി നമസ്‌കരിച്ച് ഇമാമോടൊപ്പം ആമീൻ പറഞ്ഞ് മലക്കുകളുടെ ആമീൻ ചൊല്ലലിനോടൊപ്പം ഒത്തുവന്നാൽ ദോഷങ്ങൾ പൊറുക്കപ്പെടും (ഹദീസ് ബുഖാരി, മുസ്ലിം). നമസ്‌കാര ശേഷം മുപ്പതി മൂന്ന് വീതം തസ്ബീഹും ഹംദും തക്ബീറും ചൊല്ലി നൂറാമതായി തഹ്ലീലും ചൊല്ലിയാൽ കടലിലെ നുര പോലെ പാപാധിക്യമുണ്ടെങ്കിലും പൊറുക്കപ്പെടുമത്രെ (ഹദീസ് മുസ്ലിം 597).
അനുഗ്രഹങ്ങൾക്ക് അല്ലാഹുവിനോട് നന്ദി പ്രകടിപ്പിച്ചാലും സ്തുതിച്ചാലും അല്ലാഹു തെറ്റുകുറ്റങ്ങൾ മാപ്പാക്കിത്തരും. ഭക്ഷണം കഴിച്ചതിന് ശേഷവും വസ്ത്രം ധരിച്ചതിന് ശേഷം അവ ഏകിയ അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടുള്ള ദിക് ർ ഉരുവിട്ടാൽ ദോഷങ്ങൾ പൊറുക്കപ്പെടുമത്രെ (ഹദീസ് അബൂ ദാവൂദ് 4023, ത്വബ്‌റാനി മുഅ്ജമുൽ കബീർ 20/181).

