അല്ലാഹുവിന്റെ തൃപ്തിയാണ് മഹത്തായ വിജയം

യുഎഇ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 28/04/2023

വിഷയം: അല്ലാഹുവിന്റെ തൃപ്തി

അല്ലാഹുവിനെ നാഥനായും ഇസ്ലാമിനെ മതമായും മുഹമ്മദ് നബി (സ്വ)യെ പ്രവാചകരായും തൃപ്തിപ്പെട്ടവർ സത്യവിശ്വാസത്തിന്റെ മാധുര്യം രുചിച്ചറിയുക തന്നെ ചെയ്യുമത്രെ (ഹദീസ് മുസ്ലിം 160). അവർ തന്നെയാണ് അല്ലാഹു തൃപ്തിപ്പെട്ടവർ. ദൈവ ഭയഭക്തിയുള്ളവർ ദൈവതൃപ്തി സുനിശ്ചിതമായിരിക്കുമെന്ന് സൂറത്തു ആലുഇംറാൻ 15ാം സൂക്തത്തിൽ കാണാം. 

ദൈനംദിന ജീവിതത്തിൽ പല നേട്ടങ്ങൾക്കായും നെട്ടോട്ടമോടുന്നവരാണ് നാം. എന്നാൽ ദൈവതൃപ്തിക്കപ്പുറം ഒരു നേട്ടവുമില്ല. അല്ലാഹു തന്നെ പറയുന്നു: അല്ലാഹുവിന്റെ സംതൃപ്തിയത്രേ മഹോന്നതം, മഹത്തായ വിജയം അതാകുന്നു (സൂറത്തുത്തൗബ 72). സർവ്വതിനേക്കാളും പരമപ്രധാനമായ ദൈവ പ്രീതിക്കായി മൂസാ നബി (അ) അല്ലാഹുവിങ്കലേക്കു തിരക്കിട്ടുവന്നുവെന്ന്് വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നുണ്ട് (സൂറത്തു ത്വാഹാ 84). അല്ലാഹു തൃപ്തിപ്പെട്ട രീതിയിലുള്ള സൽപ്രവർത്തനങ്ങൾ ചെയ്യാൻ സൗഭാഗ്യങ്ങളേകാനാണ് സുലൈമാൻ നബി (അ) പ്രാർത്ഥിച്ചത് (സൂറത്തു ന്നംല് 19). 

നമ്മുടെ നബി (സ്വ) അല്ലാഹുവിന്റെ തൃപ്തി തേടിക്കൊണ്ട് പ്രാർത്ഥിക്കുമായിരുന്നു (ഹദീസ് നസാഈ 1305). ദൈവാനുസരണയും ആരാധനാനിഷ്ഠയുമാണ് അല്ലാഹുവിന്റെ തൃപ്തി ഉറപ്പുവരുത്താനുള്ള പ്രധാന മാർഗം. അല്ലാഹു ഖുർആനിൽ സ്വഹാബത്തിനെ പുകഴ്ത്തിപറയുന്നതായി കാണാം: അല്ലാഹുവിന്റെ ഔദാര്യവും സംതൃപ്തിയുമർത്ഥിച്ചുകൊണ്ട് (കുനിഞ്ഞും സാഷ്ടാംഗം നമിച്ചും സുജൂദിന്റെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്) നമസ്‌ക്കുന്നതായി താങ്കൾക്കും കാണാം (സൂറത്തു ഫത്ഹ് 29).  അങ്ങനെ അല്ലാഹുവിനെ പൂർണാർത്ഥത്തിൽ അനുസരിച്ചതിന് അല്ലാഹു അവരിൽ തൃപ്തിപ്പെട്ടു, അതുകാരണം അല്ലാഹു അവർക്കേകിയ പ്രതിഫലങ്ങളിൽ അവരും തൃപ്തരാണ്. അവരെക്കുറിച്ച് അല്ലാഹു സംതൃപ്തനായിരിക്കുന്നു, അവനെപ്പറ്റി അവരും തൃപ്തിപ്പെട്ടിട്ടുണ്ട് (സൂറത്തുത്തൗബ 100). 

പ്രവാചകരെയും അനുചരരെയും അനുധാവനം ചെയ്ത് ഭയഭക്തിയോടെ ജീവിച്ചവർക്കെല്ലാം അല്ലാഹുവിന്റെ തൃപ്തിക്കുള്ള വകുപ്പുകളും പ്രതിഫലങ്ങളുമുണ്ട്. അല്ലാഹു പറയുന്നു: തങ്ങളുടെ രക്ഷിതാവിങ്കൽ അവർക്കുള്ള പ്രതിഫലം അടിയിലൂടെ ആറുകളൊഴുകുന്ന സ്വർഗീയ ഉദ്യാനങ്ങളാണ്, അല്ലാഹു അവരെക്കുറിച്ചും അവർ അല്ലാഹുവിനെക്കുറിച്ചും സംതൃപ്തരാകുന്നു (സൂറത്തുൽ ബയ്യിന 7, 8). സ്വൽസ്വഭാവ സമ്പന്നർക്കും, വാക്കിലും പ്രവർത്തിയിലും സത്യസന്ധത പുലർത്തുന്നവർക്കും അല്ലാഹുവിൽ നിന്നുള്ള തൃപ്തി ലഭിക്കും സത്യസന്ധന്മാർക്ക് അവരുടെ സത്യനിഷ്ഠ പ്രയോജനകരമാകുന്ന ദിവസമാണിത്, താഴ്ഭാഗത്തുകൂടി നദികളൊഴുകുന്ന സ്വർഗങ്ങൾ അവർക്കുണ്ട്, അതിലവർ ശാശ്വതവാസികളായിരിക്കും. അല്ലാഹു അവരെക്കുറിച്ചും അവർ അല്ലാഹുവിനെക്കുറിച്ചും സംതൃപ്തരായിരിക്കുന്നു. വമ്പിച്ച വിജയമേ്രത അത് (സൂറത്തു മാഇദ 119). 

അല്ലാഹു നൽകിയതിൽ തൃപ്തിപ്പെടുന്നവർക്കും അവന്റെ തൃപ്തി കിട്ടും (ഹദീസ് തുർമുദി 2396, ഇബ്‌നുമാജ 4031). അങ്ങനെ തൃപ്തിപ്പെടുന്നവർക്ക് അല്ലാഹു കൂടുതൽ കൂടുതൽ നൽകും. എല്ലാം നന്മയും തൃപ്തിയിലാണ്. നീ അല്ലാഹുവിൽ തൃപ്തിപ്പെട്ടാൽ അല്ലാഹു നിന്നിൽ തൃപ്തിപ്പെടുമെന്ന് ഹസനുൽ ബസ്വരി (റ) ഉപദേശിക്കുന്നത്. സത്യവിശ്വാസി എല്ലാ കാര്യത്തിലും അല്ലാഹുവിന്റെ തൃപ്തി കാംക്ഷിക്കും, അങ്ങനെ സ്വന്തത്തിന് ഉപകാരമെടുക്കുകയും മറ്റുള്ളവർക്ക് സഹായങ്ങളെത്തിക്കുകയും ചെയ്യും.

സത്യവിശ്വാസി സുകൃതങ്ങൾ ചെയ്ത് അല്ലാഹുവിന്റെ തൃപ്തി കാംക്ഷിച്ചുകൊണ്ടിരിക്കുമത്രെ. അങ്ങനെ അല്ലാഹു മലക്ക് ജിബ്‌രീലി (അ)നോട് അക്കാര്യം അറിയിക്കുകയും അവന്റെ കരുണക്കടാക്ഷം അവനിലുണ്ടാവുമെന്ന്് അറിയിക്കുകയും ചെയ്യും. അങ്ങനെയുള്ളവർക്ക് അല്ലാഹു സ്‌നേഹബന്ധം സ്ഥാപിക്കുന്നുമെന്ന് സൂറത്തു മർയം 96ാം സൂക്തത്തിൽ കാണാം (അഹ്്മദ് 22401, തുർമുദി 3161, ത്വബ്‌റാനി ഔസത്വ് 1240).


back to top