യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 12/05/2023
വിഷയം: മാതാപിതാക്കൾക്ക് ഗുണം ചെയ്യൽ
പരിശുദ്ധ ഖുർആനിൽ കാണാം:
തനിക്കല്ലാതെ നിങ്ങൾ ആരാധനകളർപ്പിക്കരുതെന്നും മാതാപിതാക്കളോട് ഉദാത്ത സമീപനം പുലർത്തണമെന്നും താങ്കളുടെ നാഥൻ വിധിച്ചിരിക്കുന്നു (സൂറത്തുൽ ഇസ്‌റാഅ് 23).
എനിക്കും മാതാപിതാക്കൾക്കും നീ കൃതജ്ഞത പ്രകാശിപ്പിക്കണം (സൂറത്തു ലുഖ്മാൻ 14).
മാതാപിതാക്കളോടുള്ള കടമകൾ കൽപ്പിക്കുന്നതാണ് ഈ രണ്ടു സൂക്തങ്ങളും. ആദ്യത്തെ സൂക്തം അല്ലാഹുവിനോടുള്ള അനുസരണയോടൊപ്പം മാതാപിതാക്കളോടുള്ള ഗുണ കർമ്മവും, രണ്ടാമത്തെ സൂക്തം അല്ലാഹുവിനോടുള്ള നന്ദി പ്രകാശനത്തൊടൊപ്പം മാതാപിതാക്കളോടുള്ള നന്ദി പ്രകാശനവുമാണ് അനുശാസിക്കുന്നത്. മാതാപിതാക്കളോടുള്ള ഉദാത്ത സമീപനത്തിന്റെ കാര്യഗൗരവം വ്യക്തമാക്കുന്നതാണ് ആയത്തുകൾ.
അതായത് മറ്റാരെയുംക്കാൾ മുൻഗണന നൽകേണ്ടത് മാതാപിതാക്കൾക്കാണ്. അല്ലാഹു നമ്മെ സൃഷ്ടിച്ചത് അവരിലൂടെയാണ്, നമ്മെ പോറ്റി പരിപാലിച്ചു വളർത്തി വലുതാക്കിയ അവരോട് തന്നെയാണ് നാം ഏറെ കടപ്പെട്ടിരിക്കുന്നത്.
അവർക്ക് വേണ്ടിയുള്ള പ്രാർത്ഥന ഓരോർത്തരുടെയും ബാധ്യതയാണ്. രക്ഷിതാവേ ഇവരിരുവരും എന്നെ ചെറുപ്പത്തിൽ പോറ്റിവളർത്തിയതു പോലെ ഇവർക്ക് നീ കാരുണ്യം ചൊരിയണമേ എന്ന് അവർക്ക് പ്രാർത്ഥിക്കാനാണ് അല്ലാഹുവിന്റെ കൽപന (സൂറത്തു ഇസ്‌റാഅ് 24).
നൂഹ് നബി (അ) പ്രാർത്ഥനയിൽ സ്വന്തത്തോടൊപ്പം മാതാപിതാക്കളെയും എടുത്തുപ്പറഞ്ഞതായി കാണാം (സൂറത്തു നൂഹ് 28). ഞങ്ങളുടെ നാഥാ, വിചാരണ നടക്കുന്ന നാളിൽ എനിക്കും മാതാപിതാക്കൾക്കും സത്യവിശ്വാസികൾക്കും നീ പാപങ്ങൾ പൊറുക്കണമേ എന്നാണ് ഇബ്രാഹിം നബി (അ) പ്രാർത്ഥിച്ചിരുന്നത് (സൂറത്തു ഇബ്രാഹിം 41). അഞ്ച് നേരങ്ങളിലുള്ള നമസ്‌കാരങ്ങൾ അല്ലാഹുവിനോടുള്ള നന്ദി പ്രകാശനമാണെങ്കിൽ, അഞ്ചു നമസ്‌കാരങ്ങൾക്ക് ശേഷവും മാതാപിതാക്കൾക്ക് പ്രാർത്ഥിക്കുന്നത് അവരോടുള്ള നന്ദി കാണിക്കലാണെന്നാണ് ഹിജ്‌റ രണ്ടാം നൂറ്റാണ്ടിലെ മക്കയിൽ നിന്നുള്ള ഹദീസ് പണ്ഡിതനായ സുഫ്‌യാൻ ബ്‌നു ഉയയ്‌ന (റ) പറഞ്ഞത് (തഫ്‌സീറുൽ ബഗ് വി 6/287).
മക്കൾ മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് അവർ സന്മാർഗസിദ്ധരാണെന്നതിന്റെ അടയാളമാണ്. മരണ ശേഷം ഉപകരിക്കുന്ന കാര്യങ്ങളിൽ നബി (സ്വ) എണ്ണിപ്പറഞ്ഞതാണ് പ്രാർത്ഥിക്കുന്ന സൽജന സന്താനങ്ങൾ (ഹദീസ് മുസ്ലിം 1631). മാതാപിതാക്കൾക്ക് വേണ്ടി ചെലവഴിക്കലും സേവനം ചെയ്യലും ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കലും അവരോട് നല്ല വാക്കുകൾ പറയലും സമാശ്വസിപ്പിക്കലുമെല്ലാം അല്ലാഹുവിന്റെ മാർഗത്തിൽ അവരോട് ചെയ്യുന്ന സുകൃതങ്ങളാണ്.
ഒരിക്കൽ ഇബ്‌നു മസ്ഊദ് (റ) നബി (സ്വ)യോട് അല്ലാഹുവിന് ഇഷ്ടപ്പെട്ട കർമ്മങ്ങളെന്തൊക്കെ യെന്ന് ചോദിക്കുകയുണ്ടായി. നബി (സ്വ) മൊഴിഞ്ഞു: സമയനിഷ്ഠയോടെയുള്ള നമസ്‌കാരം. പിന്നെയെന്തെന്ന് ചോദിച്ചപ്പോൾ മാതാപിതാക്കളോടുള്ള കടമയെന്നാണ് മറുപടി പറഞ്ഞത് (ഹദീസ് ബുഖാരി, മുസ്ലിം).
മാതാപിതാക്കൾക്ക് നന്മ ചെയ്യുന്നവരുടെ ജീവിതം വിജയപൂർണമായിരിക്കും. അല്ലാഹു അവരുടെ കാര്യങ്ങൾ എളുപ്പമാക്കുകയും സൗഭാഗ്യങ്ങൾ നൽകുകയും പ്രയാസങ്ങൾ ദൂരികരിക്കുകയും ചെയ്യും. (മാതാപിതാക്കളോടുള്ള നന്മ കാരണം ഗുഹക്കുള്ളിൽ അകപ്പെട്ട മൂന്ന് പേർക്ക് ആശ്വാസം ലഭിച്ച സംഭവം മുസ്ലിം (റ) റിപ്പോർട്ട് ചെയ്ത ഹദീസിലുണ്ട്). ഭക്ഷ്യവിശാലത നൽകും. ആയുർദൈർഘ്യം പ്രദാനം ചെയ്യും. തൃപ്തിപ്പെടുന്ന രീതിയിൽ നല്ല സന്താനങ്ങളെ കിട്ടും. മാത്രമല്ല അതുകാരണം സ്വർഗപ്രവേശനവും അനായാസം സാധ്യമാവും.
പ്രവാചക പത്‌നി ആയിശ (റ) റിപ്പോർട്ട് ചെയ്യുന്നു: ഞാൻ ഉറക്കത്തിൽ സ്വന്തത്തെ സ്വർഗത്തിൽ കാണുകയും അവിടെ ഖുർആൻ പാരായണം ചെയ്യുന്നത് കേൾക്കുകയും ചെയ്തു. അതാരാണ് ഓതുന്നതെന്ന് ചോദിച്ചപ്പോൾ അവിടെയുള്ളവർ പറഞ്ഞു: അത് ഹാരിസത്തു ബ്‌നുൽ നുഅ്മാനാണ്. അപ്പോൾ നബി (സ്വ) പറഞ്ഞു: അങ്ങനെയാണ് ഗുണം ചെയ്യുന്നവൻ, അങ്ങനെയാണ് ഗുണം ചെയ്യുന്നവൻ. ഹാരിസത്ത് (റ) മാതാപിതാക്കൾക്ക് നന്നായി ഗുണം ചെയ്യുന്നവരായിരുന്നു (ഹദീസ് അഹ്‌മദ് 25537).

