സൂറത്തു മർയം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 19/05/2023

മക്കയിൽ അവതരിച്ച ഖുർആനികാധ്യായമായ സൂറത്തു മർയമിൽ അല്ലാഹുവിന്റെ കരുണക്കടാക്ഷവും സൃഷ്ടി മാഹാത്മ്യവും സുവ്യക്തമാക്കുന്ന സൂക്തങ്ങളാണുള്ളത്. 

പ്രധാനമായും രണ്ടു ചരിത്രാത്ഭുതങ്ങളാണ് പ്രസ്തുത സൂറത്തിൽ വിഷയീഭവിക്കുന്നത്. സകരിയ നബി (അ)യുടേതും ഈസാ നബി (അ) യുടെ മാതാവായ മർയം ബീബിയുടേതും.


തുടങ്ങുന്നത് മഹാനായ സകരിയ നബി (അ)യുടെ ചരിത്രം വിശദമാക്കിക്കൊണ്ടാണ്:

താങ്കളുടെ നാഥൻ തന്റെ അടിമ സകരിയ നബിക്ക് അദ്ദേഹം നാഥനോട് പതുക്കെ പ്രാർത്ഥിച്ചപ്പോൾ ചെയ്ത അനുഗ്രഹങ്ങളെക്കുറിച്ച പ്രതിപാദനമാണിത്. അദ്ദേഹം ബോധിപ്പിച്ചു: നാഥാ എൻറെ അസ്ഥികൾ ദുർബലമാവുകയും തല നരച്ചുവെളുത്തു തിളങ്ങുകയും ചെയ്തിരിക്കുന്നു. നിന്നോടു പ്രാർത്ഥന നടത്തിയിട്ട്  ഇന്നോളം ഞാൻ ഭാഗ്യശൂന്യനായിട്ടില്ല നാഥാ. വഴിയെ വരാനുള്ള ബന്ധുക്കളെക്കുറിച്ച് എനിക്ക് പേടിയുണ്ട്. എന്റെ സഹധർമിണിയാണെങ്കിൽ വന്ധ്യയാണ്. അതിനാൽ നിന്റെയടുത്ത് നിന്ന് എനിക്കും യഅ്ഖൂബ് കുടുംബത്തിനും അനന്തരാവകാശിയാകുന്ന ഒരു ബന്ധുവിനെ കനിഞ്ഞേകണേ. രക്ഷിതാവേ, അവനെ സർവർക്കും സംതൃപ്തനാക്കുകയും ചെയ്യേണമേ (1 മുതൽ 6 വരെയുള്ള സൂക്തങ്ങൾ).


അല്ലാഹു ആ പ്രാർത്ഥനക്ക് ഉത്തരം നൽകി.

ഹേ സകരിയ നിശ്ചയം താങ്കൾക്കു നാം യഹ്‌യാ എന്നു പേരുള്ള ഒരു മകനെക്കുറിച്ച ശുഭവാർത്തയറിയിക്കുകയാണ്. മുമ്പൊരാൾക്കും ആ പേര് നാം നൽകിയിട്ടില്ല. അദ്ദേഹം അത്ഭുതം കൂറി: നാഥാ എനിക്കെങ്ങനെയാണ് ഒരു മകനുണ്ടാവുക എന്റെ സഹധർമിണി വന്ധ്യയാവുകയും ഞാനാണെങ്കിൽ വാർധക്യപാരമ്യത്തിലെത്തുകയും ചെയ്തിട്ടുണ്ടല്ലൊ (7,8).

അങ്ങനെ അല്ലാഹുവിൽ നിന്നുള്ള ദിവ്യാത്ഭുതത്താൽ വൃദ്ധജനങ്ങളായ അവർക്ക് മകൻ പിറന്നു. 


ശേഷം അധ്യായം മർയം ബീവിയുടെ സംഭവബഹുലമായ വിശേഷങ്ങളിലേക്ക് കടുക്കുകയാണ്. പുരുഷസ്പർശമില്ലാതെ ചാരിത്രശുദ്ധമായി മഹതി മർയം ബീവി  ഈസാ നബി (അ) യെ പ്രസവിച്ച സംഭവം വലിയൊരു അമാനുഷികത തന്നെയാണ്. സമൂഹത്തിലെ അപവാദ പ്രചാരങ്ങൾ മഹതി പേടിച്ചിരുന്നു.


ഖുർആൻ വിവരിക്കുന്നു: 

അങ്ങനെയവർ ഗർഭംധരിക്കുകയും ദൂരെയൊരിടത്ത് കഴിയുകമുണ്ടായി. പ്രസവനോവ് അവരെ ഒരു ഈന്തമരത്തിനടുത്തെത്തിച്ചു. മർയം സങ്കടപ്പെട്ടു. ഇതിനുമുമ്പു തന്നെ ഞാൻ മരണപ്പെടുകയും വിസ്മൃതകോടിയിലാവുകയും ചെയ്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു. താഴ്ഭാഗത്തുനിന്നൊരാൾ തത്സമയമവരെ വിളിച്ചുപറഞ്ഞു: ദുഖിക്കണ്ട, നിങ്ങളുടെ രക്ഷിതാവ് താഴെ ഒരു അരുവിയുണ്ടാക്കിയിരിക്കുന്നു. ഈന്തമരം അടുത്തേക്ക് പിടിച്ചുകുലുക്കുക. അത് പാകമായ പഴം വീഴ്ത്തിത്തരും. അങ്ങനെ പഴം ഭുജിക്കുകയും ജലപാനം നടത്തുകയും ആഹ്ലാദനിർഭരയാവുകയും ചെയ്യുക. ഇനി, ആളുകളെയാരെങ്കിലും കണ്ടാൽ കരുണാവാരിധിയായ അല്ലാഹുവിന്ന് ഒരു വ്രതം നേർച്ചയാക്കിയിരിക്കയാൽ ഒരു മനുഷ്യനോടും ഞാനിന്ന് മിണ്ടുകയേയില്ല എന്നു പറയുക. ശിശുവിനെയെടുത്ത് അവർ സ്വജനതയുടെ അടുത്തെത്തി. ജനം ആക്രോശിച്ചു: മർയമേ, അധിക്ഷേപാർഹമായ ഒരു കൃത്യം തന്നെയാണു നീ ചെയ്തിരിക്കുന്നത്. ഓ ഹാറൂൺ സോദരീ, നിന്റെ പിതാവ്  ഒരു ചീത്തവ്യക്തിയോ മാതാവ് ദുർനടപ്പുകാരിയോ ആയിരുന്നില്ലല്ലോ. തത്സമയം മർയം ശിശുവിനെ ചൂണ്ടി. അവർ ചോദിച്ചു: തൊട്ടിലിൽ കിടക്കുന്ന പൈതലിനോട് ഞങ്ങളെങ്ങനെയാണ് സംസാരിക്കുക. ശിശു പ്രസ്താവിച്ചു: ഞാൻ അല്ലാഹുവിന്റെ അടിമയാണ്. അവൻ എനിക്ക് വേദം തരികയും പ്രവാചകത്വമേകുകയും എവിടെയാണെങ്കിലും എന്നെ അനുഗൃഹീതനാക്കുകയും ചെയ്തിരിക്കുന്നു (22 മുതൽ 31 വരെയുള്ള സൂക്തങ്ങൾ).

അങ്ങനെ മർയം ബീവിയുടെ നിരപാധിത്വം കുഞ്ഞുപൈതലിന്റെ നാവിലൂടെ തന്നെ തെളിയിച്ചു. ഈസാ നബി (അ) ലോകർക്ക് മഹാദൃഷ്ടാന്തമാവുകയും ചെയ്തു.


സൂറത്തു മർയം പ്രവാചകന്മാർക്കുണ്ടായിരുന്ന ധാരാളം മൂല്യങ്ങൾ പഠിപ്പിച്ചുതരുന്നുണ്ട്. ഇബ്രാഹിം നബി (അ) പിതാവിനോട് കാണിച്ച ധർമ്മപാഠം സ്മരിച്ചിട്ടുണ്ട്. ഇസ്മാഈൽ നബി (അ)  വാഗ്ദാനം പാലിച്ചതും ദൈവവഴിയിൽ ആളുകൾക്ക് പ്രചോദനമായതും പ്രതിപാദിക്കുന്നുണ്ട്. മൂസാ നബി (അ) യുടെ ദൈവഭക്തിയും അങ്ങനെ പ്രവാചകന്മാരുടെയും അവരുടെ അനുചരന്മാരുെടയും ദൈവാനുസരണയും ധർമ്മനിഷ്ഠയുമെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. 


അവർക്കെല്ലാം വർണ്ണനകൾക്കപ്പുറമുള്ള സ്വർഗത്തോപ്പുകളാണ് അല്ലാഹു ഒരുക്കിയിട്ടുള്ളത്: അവർ സ്വർഗത്തിൽ പ്രവേശിക്കും. ഒരുവിധ അനീതിയും അവരോടനുവർത്തിക്കപ്പെടില്ല, കരുണാമയനായ അല്ലാഹു തന്റെ ദാസരോട് അദൃശ്യമായി വാഗ്ദാനം ചെയ്ത സ്ഥിരവാസത്തിനുള്ള ആരാമങ്ങളിൽ (60,61). 


പ്രപഞ്ചനാഥനായ അല്ലാഹുവിനെ അനുസരിക്കാനും ആരാധിക്കാനുമുള്ള പ്രചോദനവും നൽകുന്നുണ്ട്: ഭുവന വാനങ്ങളുടെയും അവക്കിടയിലുള്ളതിന്റെയും രക്ഷിതാവാണവൻ, അതുകൊണ്ട് അവനെ ആരാധിക്കുകയും അതിൽ ക്ഷമാപൂർവ്വം ഉറച്ചുനിൽക്കുകയും ചെയ്യുക. അവന്നു സമാന നാമമുള്ള മറ്റാരെയെങ്കിലും അറിയാമോ താങ്കൾക്ക് (65). 


ധർമ്മപാതയിൽ പ്രവേശിച്ചവന് സന്മാർഗ ദർശനം ഏറ്റിനൽകുമത്രെ: സന്മാർഗപ്രാപ്തരായവർക്ക് നേർമാർഗനിഷ്ഠ അല്ലാഹു വർധിപ്പിച്ചുകൊടുക്കുന്നതാണ് (76). 

സന്മാർനിഷ്ഠരായ സത്യവിശ്വാസികളുടെ ഹൃദയങ്ങളിൽ സ്‌നേഹവും അലിവും നൽകും: സത്യവിശ്വാസം കൈക്കൊള്ളുകയും സൽക്കർമങ്ങളനുഷ്ഠിക്കുകയും ചെയ്തവർക്ക് കരുണാമയനായ അല്ലാഹു സ്‌നേഹബന്ധം സ്ഥാപിക്കുകതന്നെ ചെയ്യുന്നതാണ് (96). ഇതെല്ലാം സുകൃതവഴിയിലുള്ളവർക്കുള്ള സുവിശേഷങ്ങളാണ്.


back to top