യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 26/05/2023
സൂറത്തു ശ്ശൂറാ 5ാം സൂക്തത്തിലൂടെ അല്ലാഹു പറയുന്നുണ്ട്: 'മലക്കുകൾ തങ്ങളുടെ നാഥനെ സ്തുതിക്കുന്നതോടൊപ്പം പ്രകീർത്തിക്കുകയും ഭൂനിവാസികൾക്ക് പാപമോചനമർത്ഥിക്കുകയും ചെയ്യുന്നു'. അതായത് മാലാഖമാർ ഭൂമിയിലുള്ളവരുടെ നന്മകൾക്കായും കരുണക്കായും മോക്ഷത്തിനായും അല്ലാഹുവിനോട് പ്രാർത്ഥിക്കുമത്രെ.
നമസ്‌കാരങ്ങൾ മുറപോലെ നിലനിർത്തുന്നവർക്കും ജമാഅത്തായുള്ള നമസ്‌കാരത്തിന് ആദ്യ വരിയിൽ സ്ഥാനമുറപ്പിക്കുന്നവർക്കും വേണ്ടി അവർ പ്രാർത്ഥിക്കും.
ആദ്യ സ്വഫ്ഫിൽ നമസ്‌കരിക്കുന്നവരെ അല്ലാഹു അനുഗ്രഹിക്കുകയും മലക്കുകൾ അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യുമെന്ന് നബി (സ്വ) അറിയിച്ചപ്പോൾ അനുചരന്മാർ ചോദിച്ചു: തിരു ദൂതരേ, അപ്പോൾ രണ്ടാം സ്വഫ്ഫിലുള്ളവർക്കോ? നബി (സ്വ) മറുപടി പറഞ്ഞു: രണ്ടാം സ്വഫ്ഫിലുള്ളവർക്കും അതുണ്ടാവും (ഹദീസ് അഹ്‌മദ് 22923).
ജനങ്ങൾക്ക് സംസ്‌കാരപൂർണ സ്വഭാവങ്ങൾ, നന്മ പാഠങ്ങൾ, ഉപകാരപ്രദ ജ്ഞാങ്ങൾ, ഉയർന്ന ചിന്തകൾ നൽകുന്നവർ മലക്കുകളുടെ പ്രാർത്ഥന കിട്ടാൻ സൗഭാഗ്യമുള്ളവരാണ്. നബി (സ്വ) പറയുന്നു: അല്ലാഹുവും മലക്കുകളും ആകാശത്തുള്ളവരും ഭൂമിയുള്ളവരും എത്രത്തോളമെന്നാൽ മാളത്തിലുള്ള ഉറുമ്പും ഭീമൻ മത്സ്യങ്ങൾ വരെ ജനങ്ങൾക്ക് നന്മ പഠിപ്പിക്കുന്നവർക്കായി സ്വലാത്ത് ചൊല്ലുന്നതാണ് (ഹദീസ് തുർമുദി 2685). അല്ലാഹുവിന്റെ സ്വലാത്ത് അനുഗ്രഹം ചെയ്യലാണ്. ബാക്കിയുള്ളവരുടെ സ്വലാത്തെന്നാൽ പ്രാർത്ഥനയെന്നാണ് ഉദ്ദേശിക്കപ്പെടുന്നത്.
ജനങ്ങളോട് നല്ല ബന്ധം പുലർത്തുകയും നല്ലത് ചെയ്യുകയും ആവശ്യക്കാരെ സഹായിക്കുകയും ചെയ്യുന്നവർക്ക് വേണ്ടി മലക്കുകൾ പ്രാർത്ഥിക്കുന്നതായിരിക്കും. അല്ലാഹുവേ ചിലവഴിക്കുന്നവർക്ക് നീ നല്ല പകരം നൽകണേ എന്നായിരിക്കും അവരുടെ പ്രാർത്ഥന (ഹദീസ് ബുഖാരി, മുസ്ലിം).
രോഗികളെ സന്ദർശിക്കുകയും വിവരാന്വേഷണങ്ങൾ നടത്തി ആശ്വാസിപ്പിക്കുകയും ചെയ്യുന്നവർക്കും മലക്കുകൾ പ്രാർത്ഥിക്കും. ഒരാൾ രോഗിയെ സന്ദർശിച്ചാൽ ആകാശ ലോകത്ത് ഒരശിരീരി മുഴങ്ങുമത്രെ: താങ്കൾ നന്മ ചെയ്തിരിക്കുന്നു, താങ്കളുടെ നടത്തവും സാർത്ഥകമായിരിക്കുന്നു, താങ്കൾ സ്വർഗത്തിൽ ഒരു സ്ഥാനം തയ്യാറാക്കിയിരിക്കുകയാണ് (ഹദീസ് തുർമുദി 2008, ഇബ്‌നുമാജ 1443).
സത്യവിശ്വാസി തന്റെ സഹോദരന് നന്മ ആഗ്രഹിക്കുകയും അവന്റെ സാന്നിധ്യത്തിലും അസാന്നധ്യത്തിലും അവനിക്കായി പ്രാർത്ഥിക്കുന്നവനുമാണ്. അവന്റെ ആ പ്രാർത്ഥനക്ക് മലക്കുകൾ ആമീൻ പറയുകയും പ്രാർത്ഥിച്ചവനിക്കായി അതേ പ്രാർത്ഥന നടത്തുകയും ചെയ്യും. നബി (സ്വ) പറയുന്നു: സത്യവിശ്വാസി തന്റെ സഹോദരന് വേണ്ടി അവന്റെ അസാന്നിധ്യത്തിൽ നടത്തുന്ന പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്നതാണ്, അവന്റെ തലക്കരികെ അവന്റെ കാര്യം ഏൽപ്പിക്കപ്പെട്ട ഒരു മലക്കുണ്ടായിരിക്കും. അവൻ തന്റെ സഹോദരന്റെ നന്മക്കായി പ്രാർത്ഥിക്കുമ്പോഴെല്ലാം ആ മലക്ക് ആമീൻ ചൊല്ലുകയും അതു പോലോത്ത നന്മ നിനക്കുമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യും (ഹദീസ് മുസ്ലിം 2733).
അന്ധകാരങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാൻ മാലാഖമാർ പ്രാർത്ഥിക്കുമത്രെ (സൂറത്തു അഹ്‌സാബ് 43). അനുസരണയും പശ്ചാത്താപവുമുള്ള സത്യവിശ്വാസികൾക്ക് അവർ പ്രാർത്ഥിക്കും. ദൈവിക സിംഹാസനം വഹിച്ചു കൊണ്ടിരിക്കുന്നവരും അവർക്കു ചുറ്റുമുള്ളവരുമായ മാലാഖമാർ തങ്ങളുടെ നാഥന്ന് സ്തുതികീർത്തനങ്ങളർപ്പിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും വിശ്വാസികൾക്ക് പാപമോചനമർത്ഥിച്ചുകൊണ്ട് ഇങ്ങനെ പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്: നാഥാ നിന്റെ അനുഗ്രഹവും വിജ്ഞാനവും സർവസ്തുക്കൾക്കും പ്രവിശാലമായിരിക്കുന്നു, അതു കൊണ്ട് പാപമോചനമർത്ഥിക്കുകയും നിന്റെ വഴി പിൻപറ്റുകയും ചെയ്യുന്നവർക്ക് നീ മാപ്പരുളുകയും നരകശിക്ഷയിൽ നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യണമേ.... (സൂറത്തു ഗാഫിർ 7,8,9).
രാത്രി ശുദ്ധിയോടെ ദിക്ർ ചൊല്ലി അല്ലാഹുവിനെ സ്മരിക്കുന്നവരുടെ പാപമോചനത്തിനായും മലക്കുകൾ പ്രാർത്ഥിക്കും (ഹദീസ് സ്വഹീഹു ഇബ്‌നു ഹിബ്ബാൻ 1051).
മലക്കുകളുടെ പ്രാർത്ഥന കിട്ടാനുള്ള മാർഗമാണ് നബി (സ്വ)യുടെ മേൽ സ്വലാത്ത് അധികരിപ്പിക്കൽ. സ്വലാത്ത് ചൊല്ലിയത്ര തന്നെ മലക്കുകൾ അയാൾക്കായി പ്രാർത്ഥിക്കുമെന്നാണ് നബി (സ്വ) പഠിപ്പിക്കുന്നത് (ഹദീസ് അഹ്‌മദ് 15718, ഇബ്‌നു മാജ 907).

