യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 02/06/2023
പ്രവാചകർ മുഹമ്മദ് നബി (സ്വ) സത്യവിശ്വാസിയെ സ്വർണത്തോടും തേനീച്ചയോടുമാണ് ഉപമിച്ചിരിക്കുന്നത്.
കാരണം സ്വർണത്തിനുള്ളത് കളങ്കമില്ലാത്ത പരിശുദ്ധിയും തെളിമയുമാണ്. അതിന്റെ സ്വത്വത്തിന് മാറ്റം വരികയില്ല. മൂല്യം കുറയുകയുമില്ല. അതു കണക്കെ സത്യവിശ്വാസിയുടെ ഹൃദയം പരിശുദ്ധമായിരിക്കും. തെളിമയാർന്ന ഉന്നത സൽസ്വഭാവങ്ങളായിരിക്കും അവനുണ്ടായിരിക്കുക. അവനിൽ സത്യവിശ്വാസം അചലഞ്ചമായിരിക്കുകയും ചെയ്യും.
സത്യവിശ്വാസി തേനീച്ച കണക്കെ എന്നു പറയാൻ കാരണം തേനീച്ച വളരെ ശുദ്ധവും രുചികരവുമായത് മാത്രമാണ് ഭക്ഷിക്കുന്നതും തേനായി പുറത്തെടുക്കുന്നതും. പൂക്കളിൽ നിന്നും പഴങ്ങളിൽ നിന്നും നല്ലത് അത് ഭക്ഷിക്കുകയുള്ളൂ. അപ്രകാരമാണ് സത്യവിശ്വാസി, അനുവദനീയമായത് മാത്രമേ ഭക്ഷിക്കുകയും, നല്ലത് മാത്രമേ പ്രവർത്തിക്കുകയുമുള്ളൂ.
നബി (സ്വ) ഉപമിച്ചത് ഇങ്ങനെ: അല്ലാഹുവാണേ സത്യം, സത്യവിശ്വാസിയുടെ ഉപമ സ്വർണക്കട്ടിയാണ്. അതിലേക്ക് ഊതിയാൽ മാറ്റമുണ്ടാവുകയോ പൊടിപ്പിടിക്കുകയോ ഇല്ല. ഒട്ടമേ കുറയുകയുമില്ല. അല്ലാഹുവാണേ സത്യം, സത്യവിശ്വാസിയുടെ ഉപമ തേനീച്ചയാണ് അത് കഴിക്കുന്നതും പുറപ്പെടീക്കുന്നതും നല്ലത് മാത്രം. അതൊരു മരക്കമ്പിലിരുന്നാൽ പൊട്ടൽ വരുത്തുകയോ നാശമുണ്ടാക്കുകയോ ചെയ്യില്ല (ഹദീസ് അഹ്‌മദ് 7051).
അപ്രകാരം സത്യവിശ്വാസിയുടെ നിലപാടും ഇടപാടും ശുദ്ധമായിരിക്കും. ഒന്നിനെയും വേദനിപ്പിക്കുകയോ ദ്രോഹിക്കുകയോ ചെയ്യില്ല. ജനങ്ങൾക്കിടയിൽ സ്വഭാവവൈശിഷ്ട്യം കൊണ്ടും സൽഗുണ സമ്പന്നത കൊണ്ടും ശ്രദ്ധേയനായിരിക്കും സത്യവിശ്വാസി. വാക്കിലും പ്രവർത്തിയിലും കണിശമായി നന്മ പുലർത്തുന്നവനുമായിരിക്കും. ഏവരോടും സൽസ്വഭാവത്തോടെ വർത്തിക്കാനാണ് നബി (സ്വ) സമുദായത്തോട് കൽപ്പിച്ചിരിക്കുന്നത് (ഹദീസ് തുർമുദി 1987).
സത്യവിശ്വാസി സംസാരിച്ചാൽ സത്യം മാത്രമേ ഉരുവിടുകയുള്ളൂ. അല്ലാഹു പറയുന്നുണ്ട്: സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും സത്യസന്ധന്മാരൊന്നിച്ചാവുകയും ചെയ്യുക (സൂറത്തു ത്തൗബ 119).
വിശ്വാസ്യത പുലർത്തുകയും വാഗ്ദത്തം പാലിക്കുകയും ചെയ്യുന്നവനാണ് സത്യവിശ്വാസി. സൂറത്തു മുഅ്മിനൂൻ 8ാം സൂക്തത്തിൽ സത്യവിശ്വാസികളെ തങ്ങളുടെ ഉത്തരവാദിത്വങ്ങളും കരാറുകളും പാലിക്കുന്നവരെന്ന് വിശേഷിപ്പിക്കുന്നുണ്ട്.
സാമൂഹിക സേവനങ്ങൾ ചെയ്യുന്നവനായിരിക്കും സത്യവിശ്വാസി. അന്യരോട് സഹിഷ്ണുതയും സഹകരണവും പുലർത്തും. സ്വന്തത്തിനും സമൂഹത്തിനും നന്മ മാത്രമേ ചെയ്യുകയുള്ളൂ. അല്ലാഹു പറയുന്നു: നന്മയുടേതും ഭക്തിയുടേതുമായ വിഷയങ്ങളിൽ നിങ്ങൾ അന്യോന്യം സഹായിക്കണം (സൂറത്തു മാഇദ 02).
നമ്മുടെ നബി (സ്വ) യെ അല്ലാഹു നിയോഗിച്ചിരിക്കുന്നത് പരിപൂർണ അത്യുൽകൃഷ്ഠ സ്വഭാവമഹിമകളുള്ളവരായിട്ടാണ്. അല്ലാഹു ഖുർആനിൽ നബി (സ്വ)യെ അഭിസംബോധനം ചെയ്തിരിക്കുന്നത് അങ്ങ് അതിമഹത്തായ സ്വഭാവത്തിന്മേലെന്നൊണ് (സൂറത്തു ഖലം 04). നബി (സ്വ) പ്രവാചകരായിട്ടുള്ള നിയോഗം തന്നെ ഉത്തമ സ്വഭാവങ്ങളുടെ വിശാല വ്യാപനത്തിനാണ്. നബി (സ്വ) പറഞ്ഞിരിക്കുന്നു: ഞാൻ അയക്കപ്പെട്ടിരിക്കുന്നത് മഹിത സ്വഭാവങ്ങളുടെ പൂർത്തീകരണത്തിന് വേണ്ടിയാണ് (ഹദീസ് ബുഖാരി 273).
നന്മയുടെ ഏതുവിധേയനെയുമുള്ള ഉത്തുംഗ ജീവിത ദർശനങ്ങൾ നബി (സ്വ)യിലുണ്ട്. അല്ലാഹു തന്നെ പറയുന്നു: നിശ്ചയം അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും അവനെ ധാരാളം അനുസ്മരിക്കുകയും ചെയ്യുന്നവർക്ക് അല്ലാഹുവിന്റെ ദൂതനിൽ നിങ്ങൾക്ക് ഉദാത്ത മാതൃകയുണ്ട് (സൂറത്തുൽ അഹ്‌സാബ് 21).

