അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ടത്

 യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 09/06/2023

ഒരിക്കൽ ഒരാൾ പ്രവാചക (സ്വ) സന്നിധിൽ വന്ന് ചോദിക്കുകയുണ്ടായി: ആരാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവർ? എന്തെല്ലാമാണ് അല്ലാഹുവിന് ഇഷ്ടപ്പെട്ട കാര്യങ്ങൾ? നബി (സ്വ) മറുപടി പറഞ്ഞു: ജനങ്ങൾക്ക് നന്നായി ഉപകാരം ചെയ്യുന്നവരാണ് അല്ലാഹുവിന് ഇഷ്ടപ്പെട്ടവർ, മറ്റൊരുത്തന് സന്തോഷം നൽകുന്ന പ്രവർത്തനം ചെയ്യുന്നതാണ് അല്ലാഹുവിന് ഇഷ്ടപ്പെട്ട കാര്യം (മുഅ്ജമുൽ അൗസത്വ് , ത്വബ്‌റാനി 6026). 

അല്ലാഹുവിന്റെ ഇഷ്ടം കാംക്ഷിക്കുന്ന സത്യവിശ്വാസി മറ്റുള്ളവർക്കായി ഉപകാരങ്ങൾ ചെയ്യുന്നവനായിരിക്കും. തന്റെ സഹോദരന് ഒരു ഉപകാരം ചെയ്യാനാവുമെങ്കിൽ അവൻ അത് ചെയ്തുകൊള്ളട്ടെ എന്നും ഹദീസുണ്ട് (മുസ്ലിം 2199). 

മറ്റുള്ളവന്റെ ഹൃദയത്തിലേക്ക് പകരുന്ന സന്തോഷവും, അവന്റെ മുഖം നോക്കിയുള്ള പുഞ്ചിരിയുമെല്ലാം അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ടതാണ്. ആ സുകൃതങ്ങൾക്ക് വലിയ പ്രതിഫലങ്ങളാണ് അല്ലാഹു ഒരുക്കിയിരിക്കുന്നത്. ഇഹ പരലോകങ്ങളിലെ സൗഭാഗ്യങ്ങളും അത്തരക്കാർക്ക് നൽകും. വിജയം കൈവരിക്കാനായി ഉൽകൃഷ്ട കർമ്മങ്ങൾ അനുവർത്തിക്കണമെന്ന് സൂറത്തുൽ ഹജ്ജ് 77ാം സൂക്തത്തിലൂടെ അല്ലാഹു കൽപ്പിക്കുന്നുണ്ട്. 

മറ്റുള്ളവരെ കാര്യങ്ങൾ ചെയ്യാൻ സഹായിക്കുകയും അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ മുന്നിറങ്ങുകയും ചെയ്യുന്നത് നബി (സ്വ) പ്രോത്സാഹിച്ച കാര്യങ്ങളാണ്. അല്ലാഹുവും അവന്റെ തിരുദൂതരായ നബി (സ്വ)യും ഏറെ ഇഷ്ടപ്പെടുന്ന നന്മകളാണവ. 'മദീനത്തെ പള്ളിയിൽ ഒരു മാസക്കാലം ഇഅ്തികാഫ് ഇരിക്കുന്നതിനേക്കാൾ സഹോദരന്റെ ആവശ്യങ്ങൾ നിറവേറ്റാൻ അവന്റെ കൂടെ നടക്കലാണ് എനിക്ക് കൂടുതൽ ഇഷ്ടകരം' എന്നാണ് നബി (സ്വ) പ്രഖ്യാപിച്ചത് (മുഅ്ജമുൽ കബീർ, ത്വബ്‌റാനി 13646). 

മറ്റുള്ളവരെ കാണുമ്പോൾ മുഖപ്രസന്നത വെളിവാക്കലും പുഞ്ചിരിക്കലും പുണ്യം കർമ്മമാണ്. മറ്റൊരാളുടെ മുഖം നോക്കി പുഞ്ചിരിക്കൽ ദാനധർമ്മാണെന്നാണ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് തുർമുദി 1956). 

മറ്റൊള്ളവർക്ക് ആശ്വാസം നൽകുംവിധമുള്ള നല്ല വാക്കുകൾ ഉരുവിടലും അല്ലാഹു ഇഷ്ടപ്പെടുന്ന പുണ്യമാണ്. ജനങ്ങളോട് നല്ലത് പറയുക (സൂറത്തുൽ ബഖറ 83). 

ഒരാൾക്ക് ഒരു ഉപകാരം ചെയ്തുകൊടുത്താൽ അവനിക്ക് ഉപകാര ഉപഹാരം അല്ലാഹു നൽകുന്നതായിരിക്കും. ഉദാത്ത കർമ്മങ്ങൾക്കുള്ള പ്രതിഫലം നല്ലതു ചെയ്തുകൊടുക്കൽ മാത്രമല്ലേ എന്ന് സൂറത്തു റഹ്‌മാൻ 60 സൂക്തത്തിലൂടെ അല്ലാഹു ചോദിക്കുന്നുണ്ട്.


back to top