ഹജ്ജു മാസത്തിലെ പവിത്രമായ പത്തു ദിനരാത്രികൾ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി 16.06.2023

കാലങ്ങളിൽ വെച്ച് ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്തു ദിവസങ്ങളെ അല്ലാഹു പ്രത്യേകം ശ്രേഷ്ഠമാക്കിട്ടുണ്ട്. മാത്രമല്ല, അവയെ പേരെടുത്ത് പറഞ്ഞ് ഖുർആനിൽ സത്യം ചെയ്തിട്ടുമുണ്ട്. “പ്രഭാതം തന്നെയാണ് സത്യം, പത്തുരാത്രികൾ തന്നെയാണ് സത്യം” (ഖുർആൻ, സൂറത്തുൽ ഫജ്ർ:1,2). പത്തുരാത്രികൾ എന്നത് ദുൽഹിജ്ജ മാസത്തിലെ ആദ്യപത്തു ദിനങ്ങളെന്നാണ് ഖുർആൻ പണ്ഡിതൻ കൂടിയായ ഇബ്‌നു അബ്ബാസ് (റ) വിവരിച്ചത് (തഫ്‌സീറുൽ ബഖ് വി 5   247).

ഈ ദുനിയാവിലെ ദിവസങ്ങളിൽ വെച്ച് ഏറ്റവും പരിപാവനമായത് ഈ പത്ത് ദിവസങ്ങളെന്ന് നബി (സ്വ)യും അരുൾ ചെയ്തിട്ടുണ്ട്. കാരണം ഈ പത്തു ദിനങ്ങളിപ്പെട്ടതാണ് പ്രധാന ദിവസങ്ങളായ അറഫാ ദിനവും ബലിപെരുന്നാളും. പാപമുക്തിയുടെയും കാരുണ്യത്തിന്റെ പ്രത്യേക ദിനമാണ് അറഫാ ദിനം. 

ബലിപെരുന്നാൾ, അതായത് ദുൽഹിജ്ജ പത്താം ദിവസം. വളരെ മഹത്വമേറിയ ദിനമാണത്. നബി (സ്വ) പറഞ്ഞിരിക്കുന്നു: “അല്ലാഹുവിങ്കൽ  ഏറ്റവും ശ്രേഷ്ഠമായ ദിനം ബലിപെരുന്നാൾ ദിനമാണ് (ഹദീസ് അബൂദാവൂദ്  1765). ഏറ്റവും പരിശുദ്ധവും പ്രതിഫലാർഹവുമായ കർമ്മങ്ങളാണ് ദുൽഹിജ്ജ മാസത്തിലെ ആദ്യപത്തു ദിവസത്തിലേതെന്നും നബി (സ്വ) അറിയിച്ചിട്ടുണ്ട് (ഹദീസ് ദാരിമി 1828).

ദുൽഹിജ്ജയിലെ ഈ പത്തുദിവസങ്ങളിൽ മറ്റൊരു വാരത്തിലും ഇല്ലാത്തവിധം പുണ്യകർമ്മങ്ങൾ ഒരുമിച്ചു ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. ഈ ദിവസങ്ങളിൽ നമസ്‌കാരവും നോമ്പും ഹജ്ജും ദാനധർമ്മവും പ്രാർത്ഥനയും എന്നിങ്ങനെ എല്ലാ ആരാധനാ കർമ്മങ്ങളും സംഗമിച്ചതായി കാണാം.


അതേപ്പറ്റിയാണ് സൂറത്തുൽ ഹജ്ജ് 27ാം സൂക്തത്തിൽ നിർണിത നാളുകളെന്ന് പരാമർശിക്കപ്പെട്ടിരിക്കുന്നത്.

സൽക്കർമ്മങ്ങൾ അല്ലാഹുവിന് ഏറ്റവും ഇഷ്ടം ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്തു ദിവസങ്ങളിലാണെന്നും ആയതിനാൽ തഹ്‌ലീൽ, തക്ബീർ, ഹംദ് അധികരിപ്പിക്കണമെന്നും ഹദീസിൽ കാണാം (അഹ്‌മദ് 5575). 

ഈ പത്തു ദിനങ്ങളിൽ വ്രതമനുഷ്ഠിക്കൽ പ്രത്യേക പുണ്യമുള്ള ആരാധനാകർമ്മമാണ്.  പ്രത്യേകിച്ച് അറഫാ ദിനത്തിലെ വ്രതത്തിന്.നബി (സ്വ) തങ്ങൾ  ദുൽഹിജ്ജ ഒമ്പതാം ദിവസം നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നെന്ന് പ്രവാചക പത്‌നിമാർ സാക്ഷ്യപ്പെടുത്തുന്നുണ്ട് (ഹദീസ് അബൂ ദാവൂദ് 2437, നസാഈ 2417).


back to top