ഭയഭക്തിയും കീഴ്‌വണക്കവും

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 23/06/2023

സ്രഷ്ടാവിന്റെ മഹത്വം അംഗീകരിക്കുകയും കീഴ്‌വണങ്ങുകയും ചെയ്യേണ്ടവരാണ് സൃഷ്ടികൾ. അല്ലാഹു സ്വന്തത്തെ ഉന്നതനും മഹാനുമെന്ന് വിശേഷിക്കുന്നത് കാണാം (ആയ്യത്തുൽ കുർസിയ്യ്, സൂറത്തുൽ ബഖറ 255). അതായത് അല്ലാഹുവിന്റെ മഹോന്നതി അനുഭവഭേദ്യമായവരാണ് സത്യവിശ്വാസികൾ. അവർ അവന്റെ തിരുവചനങ്ങൾ സശ്രദ്ധം ശ്രവിക്കുകയും ഉൾക്കൊള്ളുകയും ചെയ്യും. അവനിക്ക് മനസ്സും ശരീരവും വണക്കും. അവനിക്ക് മാത്രമായി ശിരസ്സ് കുനിക്കും. കൺതടങ്ങൾ അവന്റെ മാർഗത്തിലായി ചാലിട്ടൊഴുകും. 


പ്രവാചകന്മാർ അപ്രകാരം അല്ലാഹുവിനോട് ഭയഭക്തി ജീവിത ദർശനമാക്കിയവരായിരുന്നു. അവരെപ്പറ്റി ഖുർആൻ വിവരിക്കുന്നുണ്ട്: അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്മാരേ്രത ഇപ്പറഞ്ഞവർ. ആദം സന്തതികളിലും നൂഹ് നബിയുടെ കൂടെ കപ്പൽ കയറ്റിയവരിലും ഇബ്രാഹീം ഇസ്മാഈൽ സന്തതികളിൽ നിന്ന് നാം സന്മാർഗദർശനമേകി പ്രത്യേകം തെരഞ്ഞടുത്തവരിലും പെട്ടവർ. കരുണാമയനായ അല്ലാഹുവിന്റെ സൂക്തങ്ങൾ ഓതപ്പെടുകയാണെങ്കിൽ സാഷ്ടാംഗം നമിക്കുന്നവരും കരയുന്നവരുമായി അവർ നിലംപതിക്കുന്നതാണ് (സൂറത്തുമർയം 58). 

ഒരിക്കൽ നമ്മുടെ നബി (സ്വ) അബ്ദുല്ലാ ബ്‌നു മസ്ഊദി (റ)നോട് ഖുർആൻ ഓതി തരാൻ പറയുകയുണ്ടായി. അങ്ങനെ സൂറത്തുന്നിസാഅ് ഓതിക്കൊടുത്ത് 41ാം സൂക്തമെത്തി. 'നബിയേ എല്ലാ സമുദായത്തിൽ നിന്നും ഓരോ സാക്ഷിയെയും അവർക്കു സാക്ഷിയായി താങ്കളെയും നാം ഹാജറാക്കുമ്പോൾ എന്തായിരിക്കും സ്ഥിതി' എന്ന് അർത്ഥമാക്കുന്നതാണ് പ്രസ്തുത സൂക്തം. ഇതുകേട്ട നബി (സ്വ) യുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു എന്ന് ഇബ്‌നു മസ്ഊദ് (റ) സാക്ഷ്യപ്പെടുത്തുന്നുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). 

അല്ലാഹുവിനോടുള്ള ഭയഭക്തിയും വണക്കവും ഉണ്ടാവാൻ സുപ്രധാനമായി വേണ്ടത് സ്രഷ്ടാവായ അവന്റെ സൃഷ്ടിജാലങ്ങളെപ്പറ്റിയും വൈഭവങ്ങളെപ്പറ്റിയുമുള്ള ചിന്തയാണ്. പ്രവാചക പത്‌നി ആയിശ (റ)അനുഭവം വിവരിക്കുന്നു: നബി (സ്വ) രാത്രി നമസ്‌കാരത്തിൽ കരഞ്ഞ് കരഞ്ഞ് താടി വരെ നനയുമായിരുന്നു. കരയുന്നത് കണ്ട ബിലാൽ (റ) ചോദിക്കുകയുണ്ടായി: തിരു ദൂതരേ, നിങ്ങളെന്തിനാണ് കരയുന്നത്, അങ്ങ് പാപമുക്തരാണല്ലൊ. അപ്പോൾ നബി (സ്വ) മറുപടി പറഞ്ഞു: ഇന്ന് രാത്രി എനിക്കൊരു സൂക്തം അവതരിക്കുകയുണ്ടായി, ആ സൂക്തം ഓതി ചിന്തിക്കാത്തവർക്ക് നാശമാണ്. 'ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകൾ മാറി മാറി വരുന്നതിലും ബുദ്ധിയുള്ളവർക്കു ധാരാളം അദ്ഭുത ദൃഷ്ടാന്തങ്ങളുണ്ട്'എന്ന് അർത്ഥമാക്കുന്ന ആലുഇംറാൻ അധ്യായത്തിലെ 190ാം സൂക്തമാണത്. 

മറ്റൊരു ഖുർആനിക സൂക്തത്തിൽ കാണാം: ഏറ്റം ഉദാത്തമായ വൃത്താന്തം പരസ്പര സദൃശവും ആവർത്തിക്കപ്പെടുന്നതുമായ സൂക്തങ്ങളുള്ള ഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത് അല്ലാഹുവാകുന്നു, തങ്ങളുടെ നാഥനെ ഭയപ്പെടുന്നവരുടെ ചർമ്മങ്ങൾക്ക് അവമൂലം രോമാഞ്ചമുണ്ടാകുന്നതും അവരുടെ തൊലികളും ഹൃദയങ്ങളും ദൈവസ്മരണക്കായി വിധേയമാകുന്നതുമാണ്. അല്ലാഹുവിങ്കൽ നിന്നുള്ള മാർഗദർശനമായാണത്. അതുവഴി താനുദ്ദേശിക്കുന്നവരെ അവൻ ഋജുവായ പന്ഥാവിലേക്കു നയിക്കുന്നു (സൂറത്തുസ്സുമർ 23). 

ദിക്ർ അതായത് ദൈവസ്മരണ അല്ലാഹുവിനോട് കീഴ് വണക്കം അധികരിപ്പിക്കുന്ന യാഥാർത്ഥ്യമാണ്. അല്ലാഹുവിനെക്കുറിച്ച് അനുസ്മരിക്കപ്പെട്ടാൽ ഹൃദയങ്ങൾ പേടിച്ചു വിറകൊള്ളുകയും അവന്റെ സൂക്തങ്ങൾ പാരായണം ചെയ്യപ്പെട്ടാൽ വിശ്വാസം വർധിക്കുകയും തങ്ങളുടെ നാഥനിൽ സമസ്തവും അർപ്പിക്കുകയും ചെയ്യുന്നവർ മാത്രമാണ് സത്യവിശ്വാസികൾ (സൂറത്തുൽ അൻഫാൽ 02). മാറിയിരുന്ന് ദിക്‌റിലായി കരഞ്ഞവന് പരലോകത്ത് വെച്ച് ഹർഷിന്റെ തണൽ ലഭിക്കുന്നമെന്നാണ് നബി (സ്വ) പറഞ്ഞത് (ഹദീസ് ബുഖാരി, മുസ്ലിം). 

ദൈവമാഹാത്മ്യം അംഗീകരിച്ച് ദിവ്യതൃപ്തി ലഭിച്ചവർക്ക് സ്വർഗം തന്നെയാണ് പ്രതിഫലം. 'തങ്ങളുടെ രക്ഷിതാവിങ്കൽ അവർക്കുള്ള പ്രതിഫലം അടിയിലൂടെ ആറുകളൊഴുന്ന സ്വർഗീയ ഉദ്യാനങ്ങളാണ്, അല്ലാഹു അവരെക്കുറിച്ചും അവർ അല്ലാഹുവിനെക്കുറിച്ചും സംതൃപ്തരാകുന്നു. തന്റെ നാഥനെ ഭയപ്പെട്ടവർക്കുള്ളതാണിത്' (സൂറത്തുൽ ബയ്യിന 08).


back to top