യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 07/07/2023
ഉൽകൃഷ്ഠ സ്വഭാവങ്ങളെല്ലാം സമ്മേളിച്ച പരിപൂർണരാണ് നമ്മുടെ പ്രവാചകർ മുഹമ്മദ് നബി (സ്വ). 'അതിമഹത്തായ സ്വഭാവത്തിന്മേലാണ് താങ്കൾ'എന്നാണ് വിശുദ്ധ ഖുർആനിൽ അല്ലാഹു നബി (സ്വ)യെ അഭിസംബോധനം ചെയ്തിരിക്കുന്നത് (സൂറത്തു ഖലം 04). മാത്രമല്ല നബി (സ്വ) തന്നെ അക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്: മഹനീയ സ്വഭാവഗുണങ്ങൾ പുർത്തീകരിക്കാൻ തന്നെയാണ് ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത് (ഹദീസ് സുനനുൽ കുബ്‌റാ ബൈഹഖി 20782). സൽസ്വഭാവഗുണങ്ങൾ ജീവിതത്തിൽ പകർത്താനാണ് നബി (സ്വ) സമുദായംഗങ്ങളെ പ്രചോദിപ്പിച്ചത്, സ്വഭാവങ്ങളുടെ അളവുകോളിലത്രെ മനുഷ്യന്റെ ശ്രേഷ്ഠത അളക്കപ്പെടുന്നത്. ഉത്തമ സ്വഭാവവിശേഷങ്ങളുള്ളവരാണ് മനുഷ്യരിലെ ഉത്തമവിഭാഗമെന്നാണ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് ബുഖാരി, മുസ്ലിം).
നല്ല സ്വഭാവമുള്ളവരാണ് ഈ ലോകത്തിലെയും ഏറ്റവും നല്ലവർ. അത്തരക്കാരെ ഏവരും ഇഷ്ടപ്പെടുകയും വിശ്വസിക്കുകയും ബഹുമാനിക്കുകയുമൊക്കെ ചെയ്യും. മാത്രമല്ല, അവർക്ക് പരലോകത്ത് ഉയർന്ന സ്ഥാനവുമുണ്ട്. കാരണം സൽസ്വഭാവങ്ങളാണ് നന്മയുടെ തുലാസിൽ കൂടുതൽ ഘനം തൂങ്ങുക (ഹദഹീസ് അബൂദാവൂദ് 4799, തുർമുദി 2003).
സ്വൽസ്വഭാവങ്ങൾ ശീലങ്ങളാക്കിയും ശൈലികളാക്കിയും ജീവിക്കുന്ന സത്യവിശ്വാസികൾക്ക് ആരാധനാനൈരന്തര്യത്തിന്റെ സ്ഥാനവും പ്രതിഫലങ്ങളും ലഭിക്കും. നബി (സ്വ) പറയുന്നു: സൽസ്വഭാവങ്ങൾ അനുവർത്തിക്കുന്ന സത്യവിശ്വാസിക്ക് പകലിൽ വ്രതമനുഷ്ഠിക്കുന്നവന്റെയും രാവിൽ നമസ്‌കരിക്കുന്നവന്റെ സ്ഥാനമാനങ്ങൾ ലഭിക്കുന്നതായിരിക്കും (ഹദീസ് അബൂദാവൂദ് 4798, അഹ്‌മദ് 24355).
ഉത്തമ സ്വഭാവങ്ങൾ കാരണത്താൽ ഒരാൾ ഉയരുകയേ ചെയ്യുകയുള്ളൂ. സ്വൽസ്വഭാവി അല്ലാഹുവിങ്കലും ഉന്നതസ്ഥാനീയനായിരിക്കും. മാത്രമല്ല അവനിക്കായി സ്വർഗത്തിന്റെ ഉഛസ്ഥായിയിൽ ഒരു പ്രത്യേക ഭവനം തന്നെ തയ്യാറായിരിക്കുമെന്ന് നബി (സ്വ) ഉറപ്പു നൽകുന്നു (ഹദീസ് അബൂദാവൂദ് 4802).
സൽസ്വഭാവികളായിരിക്കും അന്ത്യനാളിൽ നബി (സ്വ)ക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരും പരലോക സദസ്സിൽ നബി(സ്വ)യുടെ പരിശുദ്ധ സാമീപ്യത്തിൽ ഇരിക്കുന്നവരും (ഹദീസ് തുർമുദി 2018). നല്ല സ്വഭാവങ്ങൾ ആഗ്രഹപൂർവ്വം സ്വജീവിതത്തിൽ പകർത്തുകയും അതിനായി ത്യാഗങ്ങൾ സഹിക്കുകയും ചെയ്യുന്നവർ ബൃഹത്തായ ശ്രേണിയിലുള്ളവരാണ്. അല്ലാഹു പറയുന്നു: ക്ഷമാശീലർക്കു മാത്രമേ ഈ നിലപാട് കൈവരിക്കാനാകൂ, മഹാസൗഭാഗ്യവാനല്ലാതെ അതിനുള്ള അവസരം ലഭിക്കുകയില്ല (സൂറത്തു ഫുസ്വ്‌സിലത്ത് 35).
ധാർമിക മൂല്യങ്ങൾ നിലനിർത്തേണ്ടതും സൽസ്വഭാവങ്ങൾ ശീലമാക്കേണ്ടതും നാടിന്റെ അന്തസ്സ് പരിരക്ഷിക്കലുമെല്ലാം സാമൂഹികവും മതകീയവുമായ ബാധ്യതയാണ്. ഇലക്ട്രോണിക് മാധ്യമങ്ങളുടെ അതിപ്രസരണത്തിൽ മൂല്യച്യുതി ബാധിക്കാതെ സ്വന്തത്തെയും ആശ്രിതരെയും സംരക്ഷിക്കുകയും വേണം.
മാതാപിതാക്കൾ മക്കൾക്ക് ശരിയായ ശിക്ഷണം നൽകണം. അവരുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും ശരിയായ സ്വഭാവങ്ങൾ പഠിപ്പിച്ചു ശീലിപ്പിക്കണം. പാരമ്പര്യ നന്മകൾ അനുവർത്തിപ്പിക്കണം. നന്മയാർന്ന സാമൂഹിക സമ്പ്രദായങ്ങളെയും പൈതൃകങ്ങളെയും ബഹുമാനിക്കാൻ പഠിപ്പിക്കണം. ഏതൊരും കാര്യം ചെയ്യുമ്പോഴും സമൂഹത്തിന്റെയും നാടിന്റെയും നന്മകൾക്ക് പ്രാമുഖ്യവും പ്രാഥമ്യവും നൽകണം. അതാണ് സ്വന്തത്തിന് ഉപകാരം ചെയ്യുന്നത്. ഉപകാരകാര്യങ്ങൾ ചെയ്യാൻ ആഗ്രഹം പുലർത്തണമെന്നാണ് നബി (സ്വ) ഉപദേശിച്ചിരിക്കുന്നത് (ഹദീസ് മുസ്ലിം 6945).

