ഹിജ്‌റാ പലായനത്തിന്റെ പാഠങ്ങൾ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 14/07/2023

1440 വർഷങ്ങൾക്ക് മുമ്പ് പ്രവാചകർ മുഹമ്മദ് നബി (സ്വ)യും അനുചരും മക്കയിൽ നിന്ന് മദീനയിലേക്ക് നടത്തിയ ഹിജ്‌റാ പലായനത്തിന്റെ സ്മരണകൾ പുതുക്കുന്നതാണ് ഓരോ ഹിജ്‌റാ വർഷാരംഭ മുഹൂർത്തവും. മാനവ ചരിതത്തിൽ സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും സുന്ദര അധ്യായങ്ങൾ തുന്നിച്ചേർത്ത ഹിജ്‌റാ സംഭവം മാനുഷിക മൂല്യങ്ങളുയർത്തിപ്പിടിച്ച് പുതുസംസ്‌ക്കാരത്തിന് തുടക്കമിടുകയായിരുന്നു.


വിശ്വസ്തതയിൽ അന്നുതന്നെ ഖ്യാതി കേട്ട പ്രവാചകർ നബി (സ്വ) പലായനത്തിനായി ഒരുങ്ങിയത് മുതൽ ആദ്യമായി ചെയ്തത് തങ്ങളെ മക്കാനിവാസികൾ വിശ്വസിച്ചേൽപ്പിച്ച വസ്തുവകകൾ തിരിച്ചേൽപ്പിക്കാൻ അലി (റ) യെ ചുമതലപ്പെടുത്തുകയായിരിന്നു.

അചലഞ്ചമായ സത്യവിശ്വാസവും മനോധൈര്യവുമായിരുന്നു ആ പലായനത്തിന്റെ പ്രധാന ചേരുവകൾ.

അധമരും അധർമ്മകാരികളുമായ ശത്രുക്കൾ പിന്നാലെ കൂടെയെങ്കിലും പ്രയാണത്തെ തടുക്കാനായില്ല. സത്യസന്ധതയിൽ കേളി കേട്ട സന്തതസഹചാരി അബൂബക്കർ (റ) ഗുഹാമുഖത്ത് ശത്രുസാന്നിധ്യമറിഞ്ഞപ്പോൾ പറഞ്ഞുവത്രെ: 'അവരിലാരെങ്കിലും താഴോട്ട് നോക്കിയാൽ നമ്മളെ കാണുക തന്നെ ചെയ്യും'. അപ്പോൾ നബി (സ്വ) പറഞ്ഞത് നമ്മൾ രണ്ടുപേർ മാത്രമല്ല, നമ്മുക്ക് കൂട്ടായി മൂന്നാമനായി അല്ലാഹുവുണ്ടെന്നാണ് (ഹദീസ് ബുഖാരി, മുസ്ലിം). 

'തന്റെ സമാധാനം തത്സമയം അല്ലാഹു നബിക്ക് ഇറക്കിക്കൊടുക്കുകയും നിങ്ങൾക്കു ഗോചരീഭവിക്കാത്ത സൈന്യങ്ങളെ കൊണ്ട് പിൻബലമേകുകയും സത്യനിഷേധികളുടെ വാക്ക് ഏറ്റം അധസ്ഥിതമാക്കുകയുമുണ്ടായി' എന്നാണ് അതേപ്പറ്റി വിശുദ്ധ ഖുർആൻ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്  (സൂറത്തുത്തൗബ 40).


സ്‌നേഹ സൗഹൃദ പാഠങ്ങളാണ് ഹിജ്‌റയുടേത്. പലായനത്തിലുടനീളം ഏതുവിധേനയും ഒരു അനിഷ്ടവും നബി (സ്വ) ക്ക് ഏൽക്കാത്തവിധം അബൂബക്കർ (റ) പ്രതിരോധിക്കുകയായിരുന്നു. ചിലപ്പോൾ നബി (സ്വ)ക്ക് മുമ്പായി നടക്കും. ചിലപ്പോൾ പിന്നിൽ നടക്കും. വലത്തും ഇടത്തും നടക്കും. നബി (സ്വ) ദാഹിച്ചപ്പോൾ പാൽ കൊണ്ടുവന്നുകൊടുത്ത അബൂബക്കർ (റ) ഏറെ സന്തോഷിച്ചു. ആ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു: നബി തങ്ങൾ എനിക്ക് തൃപ്തിയാവോളം കുടിച്ചു (ഹദീസ് ബുഖാരി, മുസ്ലിം). 

മദീനയിൽ വെച്ച് പ്രവാചകർ (സ്വ) ആദ്യമായി വിശ്വാസികളോട് നിർദേശിച്ചത് സലാം പറയാനാണ്. 'അസ്സലാമു അലൈക്കും' എന്ന സലാം വാചകം നിനക്ക് രക്ഷയുണ്ടാകട്ടെയെന്ന പ്രാർത്ഥനയാണല്ലൊ. അബ്ദുല്ലാ ബ്‌നു സലാം (റ) റിപ്പോർട്ട് ചെയ്യുന്നു: നബി (സ്വ) മദീനയിലെത്തിയപ്പോൾ ആദ്യമായി സംസാരിച്ചത് ഇങ്ങനെയാണ്: ജനങ്ങളേ, നിങ്ങൾ സലാം പറയൽ വ്യാപകമാക്കണം (ഹദീസ് തുർമുദി 2485, ഇബ്‌നു മാജ 1334). 


നബി (സ്വ) സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പാഠങ്ങളോതി മദീനക്കാരുടെ മനസ്സുകളെ ഇണക്കുകയായിരുന്നു ചെയ്തത്. മാത്രമല്ല, അൻസ്വാറുകളായ അവർക്കിടയിലും മക്കയിൽ നിന്ന് ഹിജ്‌റ ചെയ്ത് മദീനയിലെത്തിയ മുഹാജിറുകൾക്കിടയിലും നബി (സ്വ) സ്‌നേഹ സൗഹൃദബന്ധങ്ങൾ ഊട്ടിയുറപ്പിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ അവരുടെ ചിന്തകളിൽ സ്വന്തം സഹോദരന്മാരെന്ന കണക്കെ സമഭാവനാ ബോധം രൂഢമൂലമായിരുന്നു.

മദീനയിൽ വെച്ച് നബി (സ്വ) ഒരു ഉടമ്പടി എഴുതിയുണ്ടാക്കി. തീർത്തും ചരിത്രപരമായിരുന്നു. മാനവ സൗഹാർദ്ദത്തിന്റെ ഉത്തമോദാഹരണമായിരുന്നു ആ ഉടമ്പടി. മുസ്ലിങ്ങളും അമുസ്ലിങ്ങളും സഹാനുഭൂതിയിലും സഹിഷ്ണുതയിലും കഴിഞ്ഞുകൂടണമെന്നതാണ് ഉടമ്പടിയുടെ മുഖ്യവിഷയം. നീതി നിർവ്വഹണം, അക്രമ ഉഛാടനം തുടങ്ങിയ വിഷയങ്ങൾ കാര്യങ്ങൾ പ്രതിപാദിക്കുന്നുണ്ട്. ആ ഉടമ്പടി പ്രകാരം വിശ്വാസികൾ അക്രമകൾക്കെതിരെയും മർദ്ദിതർക്കൊപ്പവും നിലയുറപ്പിച്ചുവെന്ന് പ്രമുഖ ചരിത്ര പണ്ഡിതൻ ഇബ്‌നു ഹിഷാം തന്റെ 'സീറത്തു ന്നബവിയ്യ' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നുണ്ട് (3/501, 502, 503, 504). മതവംശ ഭാഷവേഷമന്യെ മദീനയിലുള്ളവരെല്ലാം സ്വാതന്ത്യവും സുസ്ഥിരതയും ആസ്വദിക്കണമെന്നത് നബി (സ്വ) മദീനാ ഉടമ്പടിയിലൂടെ സാക്ഷാൽക്കരിക്കുകയായിരുന്നു. മദീനയിലുള്ളവരും മദീനയിൽ നിന്ന് പുറത്തുപോവുന്നവരും പൂർണ സുരക്ഷിതരെന്ന് ഉറപ്പുവരുത്തിയ ആ കരാർ പ്രകാരം പ്രദേശത്തെ സകല വിഭാഗം ജനങ്ങളും ശാന്തി സമാധാനത്തോടെ ജീവിക്കുന്നവരായിരുന്നു. 


സമൂഹത്തിലെ ഓരോ അംഗങ്ങൾക്കിടയിലും സഹകരണത്തിന്റെയും രഞ്ജിപ്പിന്റെയും വാതിലുകൾ തുറന്നുകൊണ്ടാണ് നബി (സ്വ) മദീനക്കാർക്ക് ഉൽകൃഷ്ട സ്വഭാവങ്ങളുടെയും ഉദാത്ത നിലപാടുകളുടെയും മൂല്യങ്ങൾ പരിചയപ്പെടുത്തിക്കൊടുത്തത്. ജനങ്ങൾക്ക് ഉപകാരം ചെയ്യുന്നവനാണ് നിങ്ങളിലെ ഉത്തമനെന്ന് സ്ഥിരീകരിച്ചുക്കൊടുക്കുകയും ചെയ്തു. അങ്ങനെ മദീനാ സമൂഹം പൂർണാർത്ഥത്തിൽ ഒരൊറ്റ തടി പോലെ സഹവർ ത്തിത്വത്തിലും പരസ്പരാശ്രയത്വത്തിലും ജീവിക്കുന്ന മാതൃകാ സമൂഹമായി മാറി. മനുഷ്യ നന്മയുടെ പുതു സംസ്‌ക്കാരമാണ് മദീനയിൽ യാഥാർത്ഥ്യമായത്. 

നബി (സ്വ) മദീനയിലെത്തിയ ശേഷം പ്രാദേശിക പുരോഗതിക്കായി കൃഷി, ഉൽപാദനം, നിർമ്മാണം, വാണിജ്യം, സാമ്പത്തിക രംഗം തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. 


back to top